go

സുരേന്ദ്രന്റെ റിമാൻഡ് നീട്ടി; ഹൈക്കോടതി ജാമ്യഹർജി ‌ ഉത്തരവിനായി മാറ്റി

pathanamthitta-surendren
പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ എത്തിച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പൊലീസ് കാവലിൽ.
SHARE

പത്തനംതിട്ട/കൊച്ചി ∙ ചിത്തിര ആട്ടത്തിരുനാൾ ദിവസം സന്നിധാനത്ത് 52 വയസ്സുള്ള തീർഥാടകയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ റിമാൻഡ് പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 20 വരെ നീട്ടി.

അതേസമയം ഹൈക്കോടതിയിൽ നൽകിയ ജാമ്യഹർജി ഉത്തരവിനായി മാറ്റി. ഹർജിക്കാരനെ എത്രകാലം കസ്റ്റഡിയിൽ വയ്ക്കാനാകുമെന്നു ഹൈക്കോടതി ചോദിച്ചു. കേസിൽ ഉത്തരവ് ഇന്നുണ്ടായേക്കും. കേസിൽ ഉൾപ്പെടുത്തിയ വകുപ്പുകൾ തനിക്കെതിരെ നിലനിൽക്കില്ലെന്ന് ആരോപിച്ചാണു സുരേന്ദ്രന്റെ ഹർജി.

ഹർജിക്കാരനെ തുടർന്നും കസ്റ്റഡിയിൽ വയ്ക്കേണ്ടതുണ്ടോ എന്നു കോടതി ചോദിച്ചു. സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ചുള്ള പ്രക്ഷോഭം തുടരുകയാണെന്നും സുരേന്ദ്രന്റെ പങ്കിനു തെളിവായി ഫോൺ സംഭാഷണം, ഫൊട്ടോ, ഫെയ്സ്ബുക് പോസ്റ്റ്, മൊഴി എന്നിവയുണ്ടെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ദർശനത്തിനെത്തുന്ന സ്ത്രീകളുടെ പ്രായം പ്രതിഷേധക്കാർ പരിശോധിക്കുന്നത് എന്തധികാരത്തിലാണെന്നു കോടതി ചോദിച്ചു.

ഇന്നലെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ സുരേന്ദ്രന്റെ റിമാൻഡ് നീട്ടണമെന്ന അപേക്ഷ കൃത്യമായി നൽകുന്നതിൽ ആദ്യം പൊലീസിനു പിഴവു പറ്റി. തടവ് നീട്ടണമെന്ന അപേക്ഷ എഴുതാതെയാണോ പ്രതിയെ ഹാജരാക്കുന്നതെന്നു കോടതി ചോദിച്ചു. 

കൃത്യമായി എഴുതിക്കൊണ്ടു വരാൻ ആവശ്യപ്പെട്ടു ഹർജി തിരിച്ചു നൽകി. പിന്നീട് അപേക്ഷ നൽകിയപ്പോൾ പ്രതികളുടെ ക്രമത്തിലും പിശകുണ്ടായിരുന്നു. സുരേന്ദ്രനൊപ്പം അറസ്റ്റിലായ ബിജെപി പ്രവർത്തകരായ വി.എച്ച്.ഹരികൃഷ്ണൻ, സൂരജ് ഇലന്തൂർ എന്നിവരെയും 20 വരെ റിമാൻഡ് ചെയ്തു.

തന്നെ ആജീവനാന്തം ജയിലിലിടാനുള്ള ഗൂഢാലോചനയാണ് പൊലീസ് നടത്തുന്നതെന്നു സുരേന്ദ്രൻ ആരോപിച്ചു. തനിക്കു ചായ വാങ്ങി നൽകിയ ഇൻസ്പെക്ടർക്കെതിരായ സസ്പെൻഷൻ പൊലീസിന്റെ പ്രതികാര നടപടികളുടെ ഉദാഹരണമാണെന്നും പറഞ്ഞു. 

സുരേന്ദ്രനെ കോടതിയിൽ എത്തിച്ചപ്പോൾ മുതൽ ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി സംഘടിച്ചിരുന്നു. പൂജപ്പുര ജയിലിലേക്കു തിരികെ കൊണ്ടുപോകുമ്പോൾ പ്രവർത്തകർ പൊലീസ് വാഹനത്തിനു മുന്നിൽ നിന്ന് മുദ്രാവാക്യം വിളിച്ചു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama