go

പഴവങ്ങാടി പഞ്ചായത്തിൽ പദ്ധതികളെല്ലാം പാതിവഴി

SHARE

ഇട്ടിയപ്പാറ ∙ പദ്ധതികളും പണവുമുണ്ട്. എന്നാൽ, പൂർത്തീകരണം മാത്രമില്ല. നാടിനു പ്രയോജനപ്പെടേണ്ട ലക്ഷക്കണക്കിനു രൂപയുടെ വികസന പദ്ധതികൾ മുടങ്ങിക്കിടക്കുന്നതു പഴവങ്ങാടി പഞ്ചായത്തിലാണ്. ആയുർവേദ ഡിസ്പെൻസറി കെട്ടിടം, ബയോഗ്യാസ് പ്ലാന്റുകൾ, ഇട്ടിയപ്പാറ ബസ് സ്റ്റാൻഡ് നവീകരണം, വാതക ശ്മശാനം, അറവുശാല എന്നിവയുടെ നിർമാണമാണു മുടങ്ങിയിരിക്കുന്നത്. 

ലോകബാങ്കിൽ നിന്നു പഞ്ചായത്തിനു ലഭിച്ച വിഹിതം ചെലവഴിച്ചാണ് ആയുർവേദ ഡിസ്പെൻസറിക്കായി കെട്ടിടം പണി തുടങ്ങിയത്. അടിത്തറ, പില്ലറുകൾ, മേൽക്കൂര എന്നിവയുടെ പണി പൂർത്തിയാക്കിയിരുന്നു. പാർട്ട് ബിൽ യഥാസമയം പാസാക്കി നൽകിയില്ല. ഇതുമൂലം കരാറുകാരൻ പണി നിർത്തിവയ്ക്കുകയായിരുന്നു. പിന്നാലെ ലോകബാങ്ക് വിഹിതം ലാപ്സാകുകയും ചെയ്തു.

പഞ്ചായത്തിന്റെ തനതു ഫണ്ട് ചെലവഴിച്ചാലേ പണി പൂർത്തിയാക്കാനാകൂ. അതിനു നടപടിയുണ്ടാകുന്നില്ല. നിന്നുതിരിയാൻ ഇടമില്ലാത്ത കെട്ടിടത്തിൽ നിന്നും ഡിസ്പെൻസറിക്കെന്നു മോചനം ലഭിക്കുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിയാണ്. ഇട്ടിയപ്പാറ ചന്ത, ബസ് സ്റ്റാൻഡിനു സമീപം എന്നിവിടങ്ങളിലാണു ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ടത്. ശുചിത്വമിഷന്റെ സാമ്പത്തിക സഹായത്തോടെയായിരുന്നു നിർമാണം. പാതിവഴിയിൽ നിർമാണം നിലച്ചിട്ടു വർഷങ്ങളായി. ലക്ഷങ്ങൾ പാഴാക്കിയതല്ലാതെ അതുകൊണ്ടു നേട്ടമൊന്നുമുണ്ടായിട്ടില്ല.

ജണ്ടായിക്കൽ പൊതുശ്മശാനത്തോടു ചേർന്നാണ് അത്യാധുനിക സംവിധാനത്തോടെ വാതക ശ്മശാനം നിർമിക്കുന്നത്. 80 ശതമാനത്തോളം പണി പൂർത്തിയായിട്ടുണ്ട്. ബാക്കി ഇഴയുകയാണ്. റാന്നി, അങ്ങാടി, പഴവങ്ങാടി, ചെറുകോൽ എന്നീ പഞ്ചായത്തുകൾക്കായുള്ള ശ്മശാനത്തിന്റെ പണി എന്നത്തേക്കു തീരുമെന്നു നിർമാണം ഏറ്റെടുത്തു നടത്തുന്ന പഴവങ്ങാടി പഞ്ചായത്തിനു പറയാനാകുന്നില്ല. 

ഇട്ടിയപ്പാറ ചന്തയിലാണ് ആധുനിക അറവുശാല നിർമാണം ആരംഭിച്ചത്. 8 വർഷം മുൻപാണ് പണി തുടങ്ങിയത്. നിർമിച്ചും പൊളിച്ചും പണി നടത്തിയതല്ലാതെ ഇന്നും പൂർത്തിയായിട്ടില്ല. ലക്ഷങ്ങൾ പൊടിച്ചതല്ലാതെ ഇതുകൊണ്ടും പഞ്ചായത്തിനു നേട്ടമില്ല. പണി പൂർത്തിയാക്കാൻ മാറിയെത്തുന്ന ഭരണസമിതികൾ തയാറാകുന്നുമില്ല.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama