go

ലോക്സഭാ: ബിജെപി ലക്ഷ്യം വയ്ക്കുന്നത് തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, തൃശൂർ സീറ്റുകൾ

Pathanamthitta News
File pic
SHARE

പത്തനംതിട്ട∙ 2014 ലോക്സഭ തിരഞ്ഞെടുപ്പിൽ തോറ്റ സീറ്റുകൾ പിടിച്ചെടുക്കാൻ ബിജെപി ഒരുക്കിയിരിക്കുന്ന പ്രത്യേക കർമ്മ പദ്ധതിയിൽ കേരളത്തിലെ 4 മണ്ഡലങ്ങൾ. തോറ്റ 100 സീറ്റുകളിൽ ഇത്തവണ വിജയം ലക്ഷ്യമിട്ട് കേന്ദ്ര നേതാക്കളുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങി. 

തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, തൃശൂർ എന്നിവയാണ് കേരളത്തിൽ ശ്രദ്ധ പതിപ്പിക്കുന്ന മണ്ഡലങ്ങൾ. ഇവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കു മുന്നോടിയായി ബിജെപി – ആർഎസ്എസ് സംയുക്ത യോഗം 4ന് കൊച്ചിയിൽ ചേരും. ആർഎസ്എസിന്റെയും ബിജെപിയുടെയും കേന്ദ്ര, സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കും. ദേശീയ സെക്രട്ടറി എച്ച്. രാജ, നളീൻകുമാർ കട്ടീൽ എന്നിവർക്കാണ് തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ഏകോപനച്ചുമതല.

ശബരിമല മുഖ്യ തിരഞ്ഞെടുപ്പു വിഷയമാക്കാൻ തീരുമാനിച്ചതിനാൽ ശബരിമല സമരത്തിലെ നേതാക്കളെ മുഴുവൻ മത്സരിപ്പിക്കാനും ആലോചിക്കുന്നു. സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയടക്കം മുഴുവൻ പേരും മത്സര രംഗത്തുണ്ടായേക്കും. അതേസമയം, കുമ്മനം രാജശേഖരനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. ബിജെപി ഗവർണർമാർ രാഷ്ട്രീയത്തിൽ മടങ്ങിയെത്തുന്ന രീതിയില്ലെന്നാണ് നേതാക്കൾ പറയുന്നത്. 

തിരുവനന്തപുരത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ പേരും പരിഗണനയിലുണ്ട്. പത്തനംതിട്ടയിൽ പി.എസ്.ശ്രീധരൻ പിള്ള, പാലക്കാട് ശോഭാ സുരേന്ദ്രൻ, എറണാകുളത്ത് എ.എൻ.രാധാകൃഷ്ണൻ, കണ്ണൂരിൽ സി.കെ.പത്മനാഭൻ, കാസർകോട്ട് പി.കെ.കൃഷ്ണദാസ് എന്നീ പേരുകളും സാധ്യതാ പട്ടികയിലുണ്ട്. ആറ്റിങ്ങൽ, തൃശൂർ മണ്ഡലങ്ങളിൽ അപ്രതീക്ഷിത സ്ഥാനാർഥികൾ ഉണ്ടായേക്കും.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama