go

ശബരിമല: ശുദ്ധിക്രിയ ദേവസ്വം ബോർഡിന്റെ അറിവോടെ

SHARE

യുവതീപ്രവേശത്തെ തുടർന്നു ശബരിമലയിൽ തന്ത്രി കണ്ഠര് രാജീവര് നടത്തിയ ശുദ്ധിക്രിയ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പൂർണ അറിവോടെ. ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, അംഗം കെ.പി. ശങ്കരദാസ് എന്നിവരെ അറിയിച്ച ശേഷമാണു തന്ത്രി ശുദ്ധിക്രിയ ചെയ്തത്.  

സോപാനം സ്പെഷൽ ഓഫിസർ, ശബരിമല അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, എക്സിക്യൂട്ടിവ് ഓഫിസർ, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് ഓഫിസർ എന്നിവരെയും തന്ത്രി മുൻകൂർ  വിവരം അറിയിച്ചിരുന്നു. സന്നിധാനത്തു മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും സമ്മതത്തിലും നടന്ന ശുദ്ധിക്രിയക്കുശേഷം തയാറാക്കിയ മഹസർ  റിപ്പോർട്ടിലും ഇവർ ഒപ്പുവച്ചു. ദേവസ്വം സൂപ്രണ്ട്, കീഴ്ശാന്തി, കഴകം, തളി, വാച്ചർ തുടങ്ങിയ ജീവനക്കാരും സാക്ഷികളായി ഒപ്പിട്ടു. 

ദേവസ്വം ബോർഡോ മുതിർന്ന ഉദ്യോഗസ്ഥരോ ശുദ്ധിക്രിയ ചെയ്യരുതെന്നു തന്ത്രിക്കു നിർദേശം നൽകിയിട്ടില്ല. ശുദ്ധിക്രിയ വേണമെന്നു തന്ത്രി ആവശ്യപ്പെട്ടപ്പോൾ  അതിനോടു  യോജിക്കുകയും കർമത്തിനു സാക്ഷ്യം വഹിക്കുകയുമാണ് ബോർഡിനെ പ്രതിനിധീകരിക്കുന്നവർ ചെയ്തത്. 

 തന്ത്രി നടയടച്ചില്ല, പകരം വാതിൽ ചാരി  

തന്ത്രി നട അടച്ചിട്ടില്ല. പകരം തിരുനടയുടെ വാതിൽ പാതി ചാരിയാണ് കർമങ്ങൾ പൂർത്തിയാക്കിയത്. ശബരിമല എക്സിക്യൂട്ടിവ് ഓഫിസർ കഴിഞ്ഞ രണ്ടിനു ദേവസ്വം കമ്മിഷണർക്കു നൽകിയ കത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

പ്രസക്തഭാഗങ്ങൾ:  ‘യുവതീപ്രവേശം മുഖ്യമന്ത്രി സ്ഥിരീകരിച്ച ശേഷം തന്ത്രി തന്നെയും അഡ്മിനിസ്ട്രേറ്റീവ് ഓഫിസറെയും അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിച്ച് ആചാരപരമായ കാര്യങ്ങൾ നടത്തണമെന്നറിയിച്ചു. ശബരിമലയിലെ തന്ത്രി എന്ന നിലയിൽ തനിക്കു ചടങ്ങുകൾ നടത്താതിരിക്കാനാവില്ല. ദേവസ്വം ബോർഡു പ്രസിഡന്റിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്നു സ്ഥലത്തുണ്ടായിരുന്ന ദേവസ്വം പിആർഒയുടെ ഫോണിൽ നിന്നും പ്രസിഡന്റിന്റെ ക്യാംപ് ഓഫിസിലെ പ്യൂണിന്റെ ഫോണിൽ വിളിച്ചാണു തന്ത്രി പ്രസിഡന്റുമായി സംസാരിച്ചത്. താൻ പുണ്യാഹവും ബിംബശുദ്ധിയും നടത്താൻ പോവുകയാണെന്നും  ഇതു 45 മിനിറ്റിനകം പൂർത്തിയാക്കുമെന്നും തന്ത്രി പ്രസിഡന്റിനോടു പറഞ്ഞു.’  

തില്ലങ്കേരി കയറിയപ്പോഴും ശുദ്ധിക്രിയ

ഇരുമുടിക്കെട്ടില്ലാതെ വൽസൻ തില്ലങ്കേരി 18–ാംപടി കയിയപ്പോഴും ശുദ്ധിക്രിയ നടത്തിയെന്നു കത്തിൽ പറയുന്നു. മണ്ഡലം നാളിതുവരെയുള്ള എല്ലാ അശുദ്ധി ബാധകൾക്കും ശുദ്ധിക്രിയ നടത്തി. പ്രസിഡന്റുമായി സംസാരിച്ചതിനു ശേഷം ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസിനെയും ദേവസ്വം കമ്മിഷണറെയും തന്ത്രി ഫോണിൽ വിളിച്ച് ശുദ്ധിക്രിയ നടത്തുകയാണെന്നറിയിച്ചു. ശുദ്ധിക്രിയ തന്റെ തീരുമാനപ്രകാരമാണെന്നും മറ്റുള്ളവർക്കു ബുദ്ധിമുട്ട് വരില്ലെന്നും തന്ത്രി പറഞ്ഞു.

ഭക്തരുടെ രോഷം ഭയന്ന് ഒപ്പംനിന്നു   

യുവതികൾ ദർശനംനടത്തിയതിൽ പ്രതിഷേധിച്ച് സന്നിധാനത്തു തടിച്ചുകൂടിയ ഭക്തർ ആകെ രോഷാകുലരായിരുന്നു. വലിയ മാധ്യമപ്പടയുമുണ്ടായിരുന്നു. സ്ഥിതി കൂടുതൽ വഷളാകാതിരിക്കാനാണ് ശുദ്ധിക്രിയക്കു തടസം നിൽക്കാതിരുന്നതെന്നും എക്സിക്യുട്ടിവ് ഓഫിസറും അഡ്മിനിസ്ട്രേറ്റിവ് ഓഫിസറും ദേവസ്വം ബോർഡിനെ അറിയിച്ചിട്ടുണ്ട്. 

തമിഴ്നാട് എസ്ഇടിസി ബസ്സുകൾക്ക്പമ്പ വരെ അനുമതി

പമ്പ വരെ സർവീസിനു തമിഴ്നാട് സ്റ്റേറ്റ് എക്‌സ്‌പ്രസ് ട്രാൻസ്പോർട് കോർപറേഷന് ഉപാധികളോടെ സർക്കാർ അനുമതി നൽകി. പമ്പയിൽ ആളെ ഇറക്കി ഉടൻ മടങ്ങണമെന്നും അവിടെ പാർക്കിങ് അനുവദിക്കില്ലെന്നും വ്യവസ്ഥയുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രണമുണ്ടാകുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

സർക്കാർ ഉത്തരവിന്റെ പകർപ്പ് കോടതിയിൽ ഹാജരാക്കി. തമിഴ്നാട് സ്റ്റേറ്റ് എക്‌സ്‌പ്രസ് ട്രാൻസ്പോർട്ട് കോർപറേഷൻ ഹർജി നൽകിയപ്പോൾ അപേക്ഷയിൽ തീരുമാനമെടുക്കാൻ കേരള സർക്കാരിനോടു കോടതി നിർദേശിച്ചിരുന്നു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama