go

തന്ത്രിയെ മാറ്റുന്ന കാര്യത്തിൽ നിലപാട് ‘കടുപ്പിച്ച്’ സർക്കാർ

SHARE

യുവതീപ്രവേശത്തെ തുടർന്നു ശബരിമലയിൽ ശുദ്ധിക്രിയ ചെയ്ത തന്ത്രി കണ്ഠര് രാജീവരെ മാറ്റുന്ന കാര്യത്തിൽ നിലപാട്  ‘കടുപ്പിച്ച്’ സർക്കാർ. സന്നിധാനത്തു നടന്നതു  ശുദ്ധിക്രിയ മാത്രമല്ലെന്നും അയിത്താചരണവുമായി ബന്ധപ്പെട്ട ചടങ്ങാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ സൂചന നൽകി. 

ജാതി വിവേചനവുമായി ബന്ധപ്പെടുത്തി പ്രശ്നത്തിനു പുതിയ മാനം നൽകാനുള്ള നീക്കത്തിലാണു സർക്കാരെന്നാണ് മന്ത്രിയുടെ വാക്കുകൾ നൽകുന്ന സൂചന . നവോത്ഥാന സംരക്ഷണത്തിനായി പിന്നാക്ക സമുദായ സംഘടനകളുടെ പിന്തുണ നേടിയ സർക്കാർ ഇക്കാര്യത്തിലും അവരുടെ പൂർണപിന്തുണയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ്. മകരവിളക്കിനുശേഷം  തന്ത്രിയുടെ വിശദീകരണം കൂടി ലഭിച്ചാലുടനെ വിവിധ തലങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണു നീക്കം. 

താഴമൺ മഠം തന്ത്രിക്ക് അനുകൂലമായി നടത്തിയ പ്രസ്താവന അനുചിതമാണെന്ന അഭിപ്രായവും സർക്കാർ മുന്നോട്ടുവയ്ക്കുന്നു. അതേ സമയം കൂടുതൽ‍ വിവാദങ്ങളിലേക്ക് നീങ്ങാതെ തന്ത്രിയുമായി ബന്ധപ്പെട്ട വിവാദം പരിഹരിക്കാനാണ് ദേവസ്വം ബോർഡിന്റെ ശ്രമം.  തന്ത്രിക്കെതിരായ നടപടി ഭക്തരുടെ പ്രതിഷേധം വർധിപ്പിക്കുമെന്നും ക്ഷേത്രങ്ങളുടെ വരുമാനത്തെ ബാധിക്കാമെന്നും ബോർഡിന് ആശങ്കയുണ്ട്. 

തന്ത്രിയെ നിയമിച്ചത് കമ്മിഷണർ: മന്ത്രി കടകംപള്ളി

തന്ത്രിയെ നിയമിച്ചതു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കമ്മിഷണർ ആണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുൻപു മറ്റൊരു തന്ത്രിയെ മാറ്റിയതും കമ്മിഷണർ ആണ്. വെറുതെ വിവാദങ്ങൾക്കു നിൽക്കാതെ,  നടയടച്ചതിനു തന്ത്രി വിശദീകരണം  നൽകുകയാണു വേണ്ടത്. സുപ്രീം കോടതി വിധിയോടു നീതി പുലർത്തുന്ന സമീപനമല്ല തന്ത്രി സ്വീകരിച്ചത്. അതു മനസ്സിലാക്കിയാണ് അദ്ദേഹത്തോടു വിശദീകരണം ചോദിച്ചത്. അയിത്താചാരണം അടക്കമുള്ള കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണാം.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama