go

ശബരിമല തീർഥാടകനെ കാട്ടാന കുത്തിക്കൊന്നു; തോളിലുണ്ടായിരുന്ന ബാലികയെ ദൂരേക്ക് എറിഞ്ഞു രക്ഷപ്പെ‌ടുത്തി

Bangalore News
SHARE

ശബരിമല ∙ ആറു വയസ്സുള്ള പെൺകുട്ടിയെ തോളിലേറ്റി കാനനപാതയിലൂടെ ശബരിമലയ്ക്കു പോയ  തീർഥാടകനെ രാത്രി കാട്ടാന കുത്തിക്കൊന്നു. കുഞ്ഞിനെ ദൂരേക്ക് എറിഞ്ഞതിനാൽ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. സേലം പള്ളിപ്പെട്ടി ശൂരമംഗലം മെയിൻ റോഡ് ഈസ്റ്റ് തെരുവിൽ പരമശിവം (35) ആണു മരിച്ചത്.  സഹോദരിയുടെ മകൾ ദിവ്യയെ തോളിലെടുത്തു നടക്കുകയായിരുന്ന പരമശിവത്തിന്റെ മുന്നിലേക്കു കൊമ്പൻ പാഞ്ഞടുക്കുകയായിരുന്നു.

ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയിൽ കരിയിലാംതോടിനും കരിമലയ്ക്കും ഇടയിൽ വള്ളിത്തോടിനു സമീപം ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം.   സേലത്തു നിന്ന് 40 പേരുടെ തീർഥാടക സംഘത്തിലെ 13 പേരാണു കാനനപാതയിലൂടെ നടന്ന് ശബരിമലയ്ക്കു പോയത്. യാത്രയ്ക്കിടെ ഇവർ വിശ്രമിച്ച ഒരു കടയുടെ നേരെ കാട്ടാന വന്നപ്പോൾ സുരക്ഷിതസ്ഥാനത്തേക്കു മാറുന്നതിനിടെയാണു പരമശിവം ആനയുടെ മുന്നിൽ പെട്ടത്. 

Pathanamthitta News
പരമശിവം

സഹോദരിയുടെ മകൾ ദിവ്യയെ ചുമലിലേറ്റി മുന്നോട്ടാണ് ഓടിയത്. പിന്നോട്ട് ഓടിയ മറ്റുള്ളവർ ആനയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടു. മകൻ ഗോകുൽ ഉൾപ്പെടെയുള്ളവരുടെ മുന്നിൽ വച്ചാണു പരമശിവത്തെ ആന ആക്രമിച്ചത്.  ആനയുടെ ചിന്നംവിളിയും ആളുകളുടെ നിലവിളിയും കേട്ടു കാനനപാതയിലെ കച്ചവടക്കാർ ഓടിയെത്തി. അമ്മാവന്റെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു കരയുകയായിരുന്ന കുട്ടിയെ എടുത്തു തിരിച്ചോടിയതായി  വള്ളിത്തോട്ട് താൽക്കാലിക കട നടത്തുന്ന ഷൈജു പറഞ്ഞു. 

വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും രാത്രി പന്തങ്ങൾ കൊളുത്തിയാണു സ്ഥലത്തെത്തിയത്. അയ്യപ്പസേവാസംഘം പ്രവർത്തകരുടെയും മറ്റു തീർഥാടകരുടെയും സഹായത്തോടെ പരമശിവത്തെ ചുമന്നു മുക്കുഴിയിൽ എത്തിച്ചു. അവിടെ നിന്നു കോരുത്തോട് വഴി ഇന്നലെ പുലർച്ചെ രണ്ടോടെ മുണ്ടക്കയത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. 

കാനനപാതയിൽ ദിവസവും കാട്ടാന ഇറങ്ങുന്നുണ്ട്. ആക്രമണത്തെത്തുടർന്ന് 12 അംഗ തീർഥാടക സംഘം ശബരിമല യാത്ര മതിയാക്കി. വനപാലകർക്കൊപ്പം തിരികെ മുണ്ടക്കയത്തെത്തിയ സംഘം പരമശിവത്തിന്റെ മൃതദേഹവുമായി സേലത്തേക്കു പോയി. സംഘത്തിലെ ബാക്കിയുള്ള 32 പേർ പമ്പയിലുണ്ട്. 

കാട്ടാനയുടെ ആക്രമണത്തിൽ തീർഥാടകൻ മരിച്ചതിനെത്തുടർന്നു കരിമല വഴിയുള്ള കാനന പാതയിൽ തീർഥാടകർക്കു വൈകിട്ട് 5നു ശേഷം കർശനനിയന്ത്രണം ഏർപ്പെടുത്തി. എരുമേലിയിൽ നിന്ന് 5 മണിക്കു ശേഷവും മൂഴിക്കൽ നിന്ന് 10 മണിക്കു ശേഷവും തീർഥാടകരെ കയറ്റിവിടില്ല. 

കരിമല വഴി നടന്നുവരുന്നവർ വൈകിട്ട് 5നു മുൻപു പമ്പയിൽ എത്തണം. 5 കഴിഞ്ഞാൽ അഴുത, മുക്കുഴി, കരിയിലാംതോട് തുടങ്ങിയ വലിയ താവളങ്ങളിൽ തങ്ങണമെന്നാണു വനം വകുപ്പിന്റെ നിർദേശം. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama