go

മകരജ്യോതി: സൗകര്യം പരിമിതം

Pathanamthitta News
ശബരിമല ദർശനത്തിനായി എത്തിയ തമിഴ്നാട്ടിൽ നിന്നുള്ള സംഘം സാമ്പ്രാണിത്തിരികൾ കത്തിച്ച് ശബരിമല സന്നിധാനത്ത് പ്രദക്ഷിണം ചെയ്യുന്നു. ചിത്രം: മനോരമ
SHARE

ശബരിമല ∙ ഭക്തലക്ഷങ്ങൾ കാത്തിരിക്കുന്ന മകരജ്യോതി ദർശനത്തിന് സന്നിധാനത്തിൽ ഇത്തവണ സൗകര്യങ്ങൾ പരിമിതം. പമ്പാ ഹിൽടോപ്പിന്റെ കാര്യത്തിൽ തീരുമാനമായില്ല. തടിച്ചു കൂടുന്ന ലക്ഷങ്ങൾ ജ്യോതി കാണാൻ എവിടെ കാത്തിരിക്കുമെന്ന കാര്യത്തിൽ അധികൃതർ ഇരുട്ടിൽ തപ്പുന്നു.സന്നിധാനത്തിലെ പാണ്ടിത്താവളത്തിൽ 75,000 പേർക്കുള്ള സൗകര്യം ഒരുക്കുമെന്നാണ് കഴിഞ്ഞ ദിവസം ഐ.ജി ബൽറാം കുമാർ ഉപാദ്ധ്യായയുടെ സാന്നിധ്യത്തിൽ നടന്ന അവലോകന യോഗത്തിൽ തീരുമാനിച്ചത്.

എന്നാൽ എല്ലാ വർഷവും അയ്യപ്പന്മാർ മകരജ്യോതി കാണാൻ പർണശാല കെട്ടുന്ന സ്ഥലത്തെല്ലാം കല്ലുകൾ കൂട്ടിയിട്ടിരിക്കുകയാണ്. പുതിയ ശുദ്ധജല സംഭരണ നിർമിക്കാൻ തറനിരപ്പാക്കിയപ്പോൾ ഇളക്കിമാറ്റിയ കല്ലാണ് ഉരക്കുഴിയിലേക്കു തിരിയുന്നിടം മുതൽ പാണ്ടിത്താവളം വാട്ടർടാങ്ക് വരെ നിരത്തിയിട്ടിരിക്കുന്നത്. യന്ത്രസഹായത്തോടെ ഇത് കുറെ വശത്തേക്ക് ഒതുക്കിമാറ്റാൻ ദേവസ്വം മരാമത്ത് വിഭാഗം ശ്രമം നടത്തി. വലിയ പ്രയോജനം ഉണ്ടായിട്ടില്ല.

അയ്യപ്പന്മാർക്ക് പർണശാല കെട്ടാനും ജ്യോതിദർശനത്തിനുമായി മുൻ വർഷങ്ങളെ അപേക്ഷിച്ച് 40 ശതമാനം സ്ഥലം മാത്രമേ ഇത്തവണയുള്ളുവെന്ന കാര്യം മറച്ചുവെച്ചാണ് ദേവസ്വം ബോർഡും പൊലീസും ജില്ലാ ഭരണകൂടവും ചർച്ചകൾ നടത്തുന്നത്. മാഗുണ്ട അയ്യപ്പ നിലയം, അന്നദാന മണ്ഡപത്തിനു മുകൾ ഭാഗം തുടങ്ങിയ സ്ഥലങ്ങളിൽ പണം കൊടുത്ത് വിരിവെയ്ക്കാൻ സൗകര്യമുണ്ടെന്നാണ് വിശദീകരണം. ഇതെല്ലാം കഴിഞ്ഞ 2 വർഷമായി ഉള്ളതാണ്. പുതിയ സൗകര്യങ്ങൾ ഒന്നും ഇത്തവണ ഉണ്ടാക്കിയിട്ടില്ല. ഉള്ളതുതന്നെ ഇല്ലാതായി.

പമ്പയിൽ 1 ലക്ഷം പേർക്ക് ഇരുന്നു ജ്യോതി കാണാവുന്ന സ്ഥലമാണ് ഹിൽടോപ് പാർക്കിങ് ഗ്രൗണ്ട്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പാർക്കിങ് ഗ്രൗണ്ടിന്റെ ഒരുവശം ഇടിഞ്ഞു പോയി. അവിടം മണൽചാക്ക് അടുക്കി സംരക്ഷിച്ചിട്ടുണ്ട്.

പെട്രോൾ പമ്പിന് അടുത്ത് മണ്ണിടിഞ്ഞു വീണത് 3 മാസം കഴിഞ്ഞിട്ടും നീക്കിയിട്ടില്ല. ഇത്തവണ ഹിൽടോപ്പ് പാർക്കിങ് ഗ്രൗണ്ടിൽ ജ്യോതി ദർശനത്തിനു കാത്തിരിക്കാൻ അനുവദിക്കേണ്ടന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ശുപാർശ. മണ്ണിടിച്ചിൽ മൂലം അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അവരുടെ വിലയിരുത്തൽ. പകരം പമ്പയിൽ എവിടെ മകരജ്യോതി കാണാൻസൗകര്യം നൽകുമെന്ന കാര്യം മാത്രം അധികൃതർ പറയുന്നില്ല.

മകരവിളക്ക് വ്യു പോയിന്റുകളായ അയ്യൻമല, നെല്ലിമല, പഞ്ഞിപ്പാറ,അട്ടത്തോട് കോളനി, അട്ടത്തോട് പടിഞ്ഞാറ്, അട്ടത്തോട് പടിഞ്ഞാറേക്കര, ഇലവുങ്കൽ എന്നിവിടങ്ങളില‍ മുൻവർഷങ്ങളിൽ ജ്യോതികാണാൻ തീർഥാടകർ തടിച്ചു കൂടാറുണ്ട്. അവിടെ ഇത്തവണയും സൗകര്യം ഉണ്ടാകും. അതുമാത്രമാണ് അധികൃതർക്ക് പറയാനുള്ളത്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama