go

തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും

SHARE

പന്തളം∙ തിരുവാഭരണ ഘോഷയാത്ര നാളെ ഉച്ചയ്ക്ക് ഒരു മണിക്കു വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നു പുറപ്പെടും. പുലർച്ചെ തിരുവാഭരണ ദർശനത്തോടെയാണ് വലിയകോയിക്കൽ ക്ഷേത്രനട തുറക്കുക. 10 മണിയോടെ വലിയതമ്പുരാൻ രേവതിനാൾ പി. രാമവർമരാജയെയും 10.30ന് രാജപ്രതിനിധി മൂലംനാൾ രാഘവവർമയെയും തിരുവാഭരണമാളികയിൽ നിന്നു ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിക്കും. 

12.30ന് ഉച്ചപൂജയ്ക്കു നടയടച്ചു കഴിഞ്ഞാൽ ദർശനം ഉണ്ടാകില്ല. നട തുറന്നു പീഠത്തിലെ ഉടവാളിൽ മേൽശാന്തി നീരാജനം ഉഴിഞ്ഞ് വാൾ വലിയതമ്പുരാനെ ഏൽപിക്കും. അദ്ദേഹം അത് രാജപ്രതിനിധിക്കു കൈമാറി യാത്രാനുമതി നൽകും. തിരുവാഭരണ പേടക വാഹക സംഘത്തെ ഭസ്മം നൽകി അനുഗ്രഹിക്കും. 

ശരണം വിളികളോടെ ഒരു മണിക്ക് തിരുവാഭരണ പേടകം അടച്ചു ജമിന്തിപ്പൂ മാല ചാർത്തി കൊട്ടാര കുടുംബാംഗങ്ങൾ പുറത്തേക്ക് എഴുന്നള്ളിക്കും. ക്ഷേത്രത്തനു വെളിയിൽ തിരുവാഭരണ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള ഏറ്റു വാങ്ങി ശിരസിലേറ്റും. കൊടിപ്പെട്ടിയും കലശക്കുട പേടകവും അകമ്പടിയാകും. ഒപ്പം ആയിരക്കണക്കിന് അയ്യപ്പഭക്തർ ശരണം വിളിച്ചു കൊണ്ട് ക്ഷേത്രത്തിനു വലംവച്ച് മേടക്കല്ലു താണ്ടി യാത്രയാകും. ഒപ്പം രാജപ്രതിനിധിയും പല്ലക്കിൽ പരിവാരങ്ങൾക്കൊപ്പം പുറപ്പെടും.കൈപ്പുഴ വരെയാണ് പല്ലക്കിൽ നീങ്ങുക.പിന്നീട് സ്വീകരണ കേന്ദ്രങ്ങളിൽ പല്ലക്കിലേറും. അല്ലാത്തപ്പോൾ കാൽനടയായി നീങ്ങും. 

ഘോഷയാത്ര പരമ്പരാഗത പാതയിലൂടെ കൈപ്പുഴ ക്ഷേത്രം വഴി കുളനട ദേവീ ക്ഷേത്രത്തിലെത്തും. തുടർന്ന് ഉള്ളന്നൂർ, ആറന്മുള, ചെറുകോൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാത്രി 8ന് അയിരൂർ പുതിയകാവ് ക്ഷേത്രത്തിൽ എത്തി വിശ്രമിക്കും. പിറ്റേന്നു പുലർച്ചെ 2.30ന് ഇടപ്പാവൂർ ദേവീ ക്ഷേത്രം, ആഴിക്കൽകുന്ന്, വടശേരിക്കര, ചെറുകാവ്, മാടമൺ വഴി മഠത്തുംമൂഴിക്കടവും കടന്ന് ഒരു മണിക്കു പെരുനാട് ക്ഷേത്രത്തിൽ എത്തും. വിശ്രമത്തിനു ശേഷം അവിടെ നിന്നു 3ന് യാത്ര ആരംഭിക്കുന്ന ഘോഷയാത്രയുടെ അന്നത്തെ താവളം ളാഹയിലാണ്. 

14ന് മകരവിളക്കു ദിനത്തി‍ൽ  പുലർച്ചെ രണ്ടിനു ളാഹയിൽ നിന്നു പുറപ്പെട്ട് പ്ലാപ്പള്ളിയിൽ കൊച്ചുവേലന്റെ സ്വീകരണം ഏറ്റുവാങ്ങി നിലയ്ക്കൽ എത്തും. തുടർന്നു കൊല്ലമൂഴി വഴി വലിയാനവട്ടത്തെത്തുന്ന ഘോഷയാത്ര മധുര നിവാസികളായ അയ്യപ്പഭക്തരുടെ സ്വീകരണവും ഏറ്റു വാങ്ങി നീലിമല കയറി സന്നിധാനത്തേക്കു പോകും. എന്നാൽ രാജപ്രതിനിധിയും പരിവാരങ്ങളും മല കയറാതെ പമ്പയിൽ രാജമണ്ഡപത്തിൽ എത്തി വിശ്രമിക്കും. 

ശബരീപീഠവും ശരംകുത്തിയും കടന്നു വൈകിട്ട് സന്നിധാനത്ത് എത്തുന്ന തിരുവാഭരണപേടകം മേൽശാന്തി ഏറ്റു വാങ്ങി ശ്രീകോവിലിലേക്കു കൊണ്ടു പോകും. മറ്റു രണ്ടു പേടകങ്ങളെ മാളികപ്പുറത്തേക്കും സ്വീകരിച്ചാനയിക്കും. തിരുവാഭരണത്തിലെ ചെറിയ ചുരിക ഒഴികെയുള്ള ആഭരണങ്ങൾ ചാർത്തിയാണ് ദീപാരാധനയ്ക്കായി അന്നു നട തുറക്കുക. ഈ ധന്യമുഹൂർത്തത്തിലാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്നത്. 

അയ്യപ്പനു ചാർത്തിയ തിരുവാഭരണങ്ങൾ അടുത്ത ദിവസത്തെ അഭിഷേക സമയത്തു മാത്രമേ അഴിച്ചു മാറ്റാൻ പാടുള്ളു എന്നാണ് ആചാരം. മകരസംക്രമ ദർശനം കഴിയുന്നതോടെ മാളികപ്പുറത്തു നിന്നുള്ള എഴുന്നള്ളത്ത് പതിനെട്ടാം പടിക്കലെത്തി നായാട്ടുവിളിയും കഴിഞ്ഞു മാളികപ്പുറത്തേക്കു തന്നെ മടങ്ങും. തുടർച്ചയായി 5 ദിവസം ചടങ്ങ് തുടരും. 

തിരുവാഭരണ ഘോഷയാത്ര: ആചാരങ്ങൾ നിർദേശിച്ച് പന്തളം കൊട്ടാരം

പന്തളം ∙ നാളെ ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്രയിൽ രാജപ്രതിനിധിയും പേടകവാഹകരും മറ്റും നിർവഹിക്കേണ്ട  അനുഷ്ഠാനങ്ങൾ ചിട്ടയോടെ നടത്താൻ ദേവസ്വം ബോർഡും മറ്റു ക്ഷേത്രാധികാരികളും ശ്രദ്ധിക്കണമെന്നു പന്തളം കൊട്ടാരം ആവശ്യപ്പെട്ടു.

അവശ്യങ്ങൾ:

∙താമസത്തിനും വിശ്രമത്തിനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനും എല്ലാ താവളങ്ങളിലും സൗകര്യം ഒരുക്കണം.

∙ശബരിമലയിലേക്കും മടക്കയാത്രയിലും പമ്പ, മാളികപ്പുറം, സന്നിധാനം എന്നിവിടങ്ങൾ ഉൾപ്പെടെ ഘോഷയാത്രയുടെ ദൈനംദിന പരിപാടികളിൽ പ്രതിപാദിച്ചിരിക്കുന്ന ഇടങ്ങളിലല്ലാതെ ഒരിടത്തും തിരുവാഭരണ പേടകം ഇറക്കുകയോ ദർശനത്തിനായി തുറന്നു കൊടുക്കുകയോ പാടില്ല. 

∙തിരുവാഭരണ ഘോഷയാത്ര പന്തളത്തു നിന്നു പുറപ്പെടുന്നതു മുതൽ തിരികെ എത്തുന്നതു വരെ തിരുവാഭരണ പേടകവാഹകരും രാജപ്രതിനിധിയും കാൽനടയായി സഞ്ചരിക്കണം.

∙തിരുവാഭരണത്തോടൊപ്പമുള്ള ചെറിയ ചുരിക മകരം 3ന് (ജനു.17) ശബരിമല ക്ഷേത്രനടയിൽ സമർപ്പിച്ച ശേഷം മാത്രമേ വിഗ്രഹത്തിൽ ചാർത്താൻ പാടുള്ളു.

∙ചാർത്തിക്കഴിഞ്ഞാൽ അന്ന് മറ്റു വഴിപാടുകൾക്കായി തിരുവാഭരണങ്ങൾ  വിഗ്രഹത്തിൽ നിന്നു മാറ്റാൻ പാടില്ല.

∙മകരം ഒന്നു മുതൽ 5 വരെ (15–19) മാളികപ്പുറത്തെ മണിമണ്ഡപത്തിൽ നിന്നുള്ള എഴുന്നള്ളത്ത് പതിനെട്ടാം പടി വരെ വന്നു നായാട്ടുവിളി നടത്തി മണിമണ്ഡപത്തിലേക്കു തന്നെ മടങ്ങണം. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama