go

ഭീരുവെത്തി, ചിരിപ്പിച്ച്...

Pathanamthitta News
അയിരൂർ കഥകളിമേളയിൽ ഇന്നലെ നടന്ന കാലകേയവധം കഥകളിയിൽ ഉർവശിയായി കലാമണ്ഡലം ഷൺമുഖനും സഖിയായി കലാമണ്ഡലം അരുണും.
SHARE

ചെറുകോൽപ്പുഴ ∙ വേഷ വൈവിധ്യങ്ങളുടെ നിറപ്പൊലിമയിൽ വിളങ്ങി കളിയരങ്ങ്. ജില്ലാ കഥകളി ക്ലബ് പമ്പാ മണപ്പുറത്തു നടക്കുന്ന സംസ്ഥാന കഥകളിമേളയുടെ നാലാം ദിവസമായ ഇന്നലെ വേഷ വൈവിധ്യങ്ങളുടെ നിറപ്പൊലിമയിൽ കളിയരങ്ങ് ശോഭിച്ചു.  കാലകേയവധം കഥകളിയുടെ ഉത്തരഭാഗത്ത് പച്ച, കത്തി, ചുവന്ന താടി, വെള്ളത്താടി, മിനുക്കു വേഷങ്ങൾ എന്നിവ വലിയ പ്രധാന്യത്തോടെ അരങ്ങിലെത്തി. പച്ച വേഷത്തിൽ അർജുനനായി കലാനിലയം വിജയനും ഉർവശിയായി മിനുക്കു വേഷത്തിൽ കലാമണ്ഡലം ഷൺമുഖനും തിളങ്ങി. 

കാലകേയനായി കോട്ടയ്ക്കൽ ദേവദാസ് അരങ്ങുതകർത്തു. കലാമണ്ഡലം ഉല്ലാസിന്റെ ഇന്ദ്രനും കലാമണ്ഡലം പ്രശാന്തിന്റെ നിവാതകവചനും കലാമണ്ഡലം അരുണിന്റെ സഖിയും കലാമണ്ഡലം പാർഥസാരഥിയുടെ നന്ദികേശനും ദൃശ്യ ചാരുതയ്ക്ക് നിറവേകി. കഥകളിയിൽ അപൂർവമായ ഭീരു വേഷം കാണികളിൽ ചിരി പടർത്തി. തിരുവഞ്ചൂർ സുഭാഷാണ് ഈ വേഷം കൈകാര്യം ചെയ്തത്. ചിട്ട പ്രധാനമായ കാലകേയവധം രണ്ടു ദിവസമായാണ് മേളയിൽ ആടിയത്.

രാഗ വൈവിധ്യമുള്ള കോട്ടയം തമ്പുരാന്റെ കഥയിലെ പദങ്ങൾ കലാമണ്ഡലം ബാബു നമ്പൂതിരിയും കലാമണ്ഡലം വിനോദും ആലാപനത്തിലൂടെ മാറ്റു കൂട്ടി. കലാനിലയം ഉദയൻ നമ്പൂതിരി, കലാമണ്ഡലം ശ്രീവിൻ, കലാനിലയം മനോജ്, കലാമണ്ഡലം വിനീത് എന്നിവരാണ് മേളം ഒരുക്കിയത്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള കഥകളി ആസ്വാദകരുടെ സംഗമവേദിയായി പമ്പാ മണൽപ്പുറം മാറി. വൈകിട്ട് 7ന് നാട്യഭാരതി ഡയറക്ടർ പി. പി. രാമചന്ദ്രൻ പിള്ള ആട്ടവിളക്ക് തെളിയിച്ചു.

ഇന്ന് നളചരിതം രണ്ടാം ദിവസം അരങ്ങിൽ

∙ ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥയിലെ ചടുലമായ രണ്ടാം ദിവസമാണ് ഇന്ന് അരങ്ങിലെത്തുക. ‘കുവലയ വിലോചനേ’.... എന്നാരംഭിക്കുന്ന നളന്റെ പതിഞ്ഞ പദത്തോടെയാണ് ആരംഭം. ഭാവസാന്ദ്രമായ ‘സാമ്യമകന്നൊരു ഉദ്യാനം’... തുടങ്ങി രാഗവും വിഷാദവും നിറഞ്ഞ മധുര പദങ്ങളുടെ ഖനിയാണ് നളചരിതം രണ്ടാം ദിവസത്തിൽ.

കലിയും ദ്വാപരനും കൂടി നളനെതിരെ നടത്തുന്ന പ്രതികാര നീക്കങ്ങൾ, കാട്ടാളൻ ദമയന്തിയെ പ്രലോഭിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ തുടങ്ങിയ രംഗങ്ങൾ ഇന്ന് അരങ്ങേറും. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ നളനായും മാർഗി വിജയകുമാർ ദമയന്തിയായും കലാമണ്ഡലം ഹരി ആർ. നായർ കലിയായും കലാമണ്ഡലം ഷൺമുഖൻ പുഷ്കരനായും കലാമണ്ഡലം സോമൻ കാട്ടാളനായും അരങ്ങിലെത്തും.

കലാമണ്ഡലം അഖിൽ, കലാമണ്ഡലം ഉല്ലാസ്, കലാമണ്ഡലം വിഷ്ണുമോൻ, നാട്യഭാരതി പ്രേം സുന്ദർ എന്നിവർ കൂട്ടുവേഷങ്ങളിൽ. സാധാരണ കഥകളി വേദിയിൽ അവതരിപ്പിക്കാറില്ലാത്ത പക്ഷികളുടെ രംഗവും ഇന്ന് ആടും. പത്തിയൂർ ശങ്കരൻകുട്ടിയും കോട്ടക്കൽ മധുവും കലാമണ്ഡലം കൃഷ്ണകുമാറും ചേർന്ന് ശ്രവണ സുന്ദരമാക്കും. കലാമണ്ഡലം ഉണ്ണികൃഷ്ണൻ, കോട്ടക്കൽ പ്രശാന്ത്, കലാമണ്ഡലം അച്യുതവാര്യർ, കലാനിലയം രാജേഷ് എന്നിവർ മേളം ഒരുക്കും. കലാനിലയം സജിയും തിരുവല്ല പ്രദീപും കഥകളി വേഷത്തിനു ആഹാര്യ ശോഭ പകരുന്ന ചുട്ടി കുത്തും.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama