go

പാസ് ആകട്ടെ, ഇക്കുറിയെങ്കിലും...

Pathanamthitta News
ഇന്ന് നിർമാണോദ്ഘാടനം നടക്കുന്ന തിരുവല്ല ബൈപ്പാസിന്റെ ആകാശകാഴ്ച. ബി വൺ ബി വൺ റോഡിൽ വന്നു ചേരുന്ന പണി മുടങ്ങിയ മേൽപ്പാലവും കാണാം. ചിത്രം: മനോരമ
SHARE

തിരുവല്ല ∙ എംസി റോഡിൽ യാത്രക്കാരുടെ പേടി സ്വപ്നമാണ് തിരുവല്ല നഗരം. ആംബുലൻസുകൾ പോലും ഇവിടെ കാത്തു കിടക്കും. വെറും 2.3 കിലോമീറ്റർ ബൈപാസിൽ തീരുന്നതാ ണ്നഗരത്തിലെ ഗതാഗത പ്രശ്നം. പക്ഷേ ബൈപാസ് വന്നില്ല. ഉത്തരവാദികളുടെ കണക്കെടുക്കാൻ പോയാൽ 22 വർഷത്തെ കഥകളും കഥാപാത്രങ്ങളും വരും.

Pathanamthitta News
ബൈപാസ് എംസി റോഡിൽ രാമൻചിറയിൽ ചേരുന്ന ഭാഗം.

നിലവിലെ മേൽപാലവും നിർമാണം തുടങ്ങാനിരിക്കുന്ന മേൽപാലവും പൂർത്തിയാക്കാൻ 180 ദിവസമാണ് അനുവദിച്ചിരിക്കുന്നത്. അതോടെ നഗരത്തിലെ ഗതാഗതം രണ്ടായി വിഭജിക്കപ്പെട്ടു സുഗമമായി മാറുമെന്നതാണ് പ്രതീക്ഷ. ഇനിയും ജനത്തിന്റെ ക്ഷമ പരീക്ഷിക്കില്ലെന്നാണ് തിരുവല്ല നിവാസികളുടെയും ഇതുവഴി കടന്നുപോകുന്നവരുടെയും പ്രതീക്ഷ.

ജനത്തിന്റെ ക്ഷമ പരീക്ഷിച്ച കാലം

Pathanamthitta News
മഴുവങ്ങാട്ചിറയിൽ ചേരുന്ന ഭാഗം.

ദീർഘവീക്ഷണമില്ലായ്മയുടെയും വേണ്ടത്ര തയാറെടുപ്പില്ലാതെയും പദ്ധതി തുടങ്ങിയാൽ സംഭവിക്കാവുന്ന അപകടമാണ് 2.3 കിലോമീറ്റർ ദൂരം മാത്രമുള്ള ബൈപാസിനെ 22 വർഷത്തിലേക്കു നയിച്ചത്. 2 കോടി രൂപയിൽ തീരേണ്ട പ്രവൃത്തി 54 കോടി രൂപയിലേക്കു ഉയർന്നു. അതിനുമപ്പുറം വർഷങ്ങളായി നാട്ടുകാർ അനുഭവിക്കുന്ന ഗതാഗതക്കുരുക്കും സമയനഷ്ടവും കണക്കാക്കിയാൽ അതിനുപുറമേ.

മാമ്മൻ മത്തായി എംഎൽഎ 1996ലാണ് ബൈപാസ് പദ്ധതിയ്ക്കു തുടക്കമിടുന്നത്. എംസി റോഡിൽ മഴുവങ്ങാട് നിന്നു തുടങ്ങി രാമൻചിറ വരെ നിർമിക്കാനായിരുന്നു തീരുമാനം. അന്നും നഗരത്തിലെ റോഡിൽ സാമാന്യമായ തിരക്കുണ്ടായിരുന്നു. ഇതു പരിഹരിക്കണമെന്നുള്ള ദീർഘവീക്ഷണം പക്ഷേ തുടർന്ന് ഒരു ദിനം പോലും ഉണ്ടായില്ല. മഴുവങ്ങാട് മുതൽ സ്റ്റേഡിയം വരെ നിലമായിരുന്നു. ഇതു നികത്തി റോഡ് നിർമിക്കുന്ന ജോലിക്കുണ്ടായ സാങ്കേതിക തടസ്സമായിരുന്നു ആദ്യത്തെ സൃഷ്ടി. അന്നു കുറെ സ്ഥലം ഏറ്റെടുത്തെങ്കിലും ഹരിത ട്രൈബ്യൂണലിൽ കേസ് വന്നതിനാൽ നീണ്ടുപോയി. വൈഎംസിഎ മുതൽ രാമ‍ഞ്ചിറ വരെയുള്ള ഭാഗത്തെ സ്ഥലമുടമകളും കേസിനു പോയി.

തുടങ്ങിയും  മുടങ്ങിയും

2014ൽ കെഎസ്ടിപിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി ലോകബാങ്ക് സഹായം ലഭിച്ചതോടെയാണ് ബൈപാസ് പദ്ധതിയ്ക്കു വീണ്ടും ജീവൻ വച്ചത്. അതിനു 1 വർഷം മുൻപ് ഹരിത ട്രൈബ്യൂണലിലെ കേസ് ഒത്തുതീർപ്പായിരുന്നു. 32 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് തുക.

കരാർ നൽകി നിർമാണം തുടങ്ങി. മഴുവങ്ങാട് മുതൽ സ്റ്റേഡിയം വരെയുള്ള ഭാഗത്ത് നിലം നികത്തി റോഡ് നിർമിച്ചു. അതോടൊപ്പം ബി വൺ ബി വൺ റോഡു മുതൽ വൈഎംസിഎയുടെ മുകൾവശം വരെ മേൽപാലത്തിന്റെ നിർമാണവും തുടങ്ങി. 32 കോടി രൂപയിൽ 17 കോടി രൂപയുടെ നിർമാണം നടത്തി. അപ്പോഴേക്കും നിർമാണം മുടങ്ങി.

കേസും കോടതിയും

മല്ലപ്പള്ളി റോഡ് മുതൽ രാമൻചിറ വരെയുള്ള ഭാഗത്ത് സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായിരുന്നില്ല. അതിനാൽ നിർമാണം തുടങ്ങാൻ കഴിഞ്ഞില്ല. ലഭിച്ച ഭൂമിയിൽ കുറെ ഭാഗം വസ്തു ഉടമകൾക്ക് കോടതിവിധിയിലൂടെ തിരികെ നൽകേണ്ടിയും വന്നു.ബൈപാസ് തുടങ്ങുന്ന രാമൻചിറ ഭാഗത്ത് റോഡിനായി 15 മീറ്റർ വീതിയിലാണ് സ്ഥലം എടുത്തത്. എന്നാൽ 20 മീറ്ററോളം ഉയരത്തിൽ മണ്ണിട്ട് ഉയർത്തി പാർശ്വഭിത്തി നിർമിക്കണം.

പാർശ്വഭിത്തി ചെരിച്ചു നിർമിക്കാൻ അടിസ്ഥാന ഭാഗത്ത് 45 മീറ്ററെങ്കിലും വീതി വേണമായിരുന്നു. ഇതു മുൻകൂട്ടി കാണാതെ ആവശ്യമായ ഭൂമി ഏറ്റെടുക്കാതിരുന്ന പിഴവും സംഭവിച്ചു. ഈ രണ്ടു കാരണങ്ങളാൽ കരാറുകാരൻ ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചു. സാങ്കേതികമായി പിഴവു ബോധ്യപ്പെട്ടതോടെ കരാറുകാരന്റെ ആവശ്യം അംഗീകരിച്ചു.

നിലവിലെ അവസ്ഥ

മഴുവങ്ങാട് മുതൽ സ്റ്റേഡിയം വരെയുള്ള ഭാഗം മണ്ണിട്ടുയർത്തി റോഡ് നിർമിച്ചിട്ടുണ്ട്. ടാറിങ് നടത്തിയിട്ടില്ല. ചതുപ്പു നിലത്തിന്റെ പ്രത്യേകത മറികടക്കുന്ന ഉറപ്പോടെയാണ് പണിതിരിക്കുന്നത്. മുല്ലേലി തോടിനു മുകളിൽ പാലവും പൂർത്തിയായി. പക്ഷേ പാലത്തിന്റെ സമീപനപാത നിർമിച്ചിട്ടില്ല. ഇവിടെ നേർരേഖയിൽ വരുന്ന റോഡിൽ 45 ഡിഗ്രി ചെരിച്ചാണ് പാലം നിർമിച്ചിരിക്കുന്നത് എന്ന പോരായ്മയുണ്ട്. റോഡിന്റെ രൂപരേഖ അറിയാതെ തോടിന്റെ കിടപ്പനുസരിച്ച് പാലം നിർമിച്ചതിന്റെ ഫലമാണിത്. ഇപ്പോൾ പാലത്തിലേക്ക് കയറാനും ഇറങ്ങാനും വളവ് തിരിയണം. ഒഴിവാക്കാമായിരുന്ന പിഴവായാണ് ഇതു കാണുന്നത്.

പുഷ്പഗിരി റോഡ് മുതൽ ബി വൺ ബി വൺ റോഡു വരെ നേരത്തേ റോഡ് ഉണ്ടായിരുന്നു.മേൽപാലത്തിന്റെ ഘടന പൂർത്തിയായിട്ടുണ്ട്. ഇവിടെ നിന്നു ബി വൺ ബി വൺ റോഡിലേക്കെത്തുന്ന ഭാഗം സംരക്ഷണ ഭിത്തി കെട്ടി മണ്ണിട്ടുയർത്തുന്ന ജോലിയാണ് ചെയ്യാനുള്ളത്. വൈഎംസിഎ ഭാഗത്തു നിന്നു റെയിൽവേ സ്റ്റേഷൻ റോഡ് വരെ റോഡ് നിർമിക്കേണ്ടിയിരിക്കുന്നു. ഇവിടെ സ്ഥലമെടുപ്പു പൂർത്തിയായിട്ടുണ്ട്.രാമൻചിറ ഭാഗത്തു തുടക്കത്തിൽ കുറെ ഭാഗം മണ്ണിട്ടുയർത്തിയിട്ടുണ്ട്. ഇനി 1 മീറ്റർ കൂടി ഉയർത്തണം. ഇതിനുള്ള ജോലി ഇന്നലെ തുടങ്ങി.

ബൈപാസ് ഇങ്ങനെ..

മഴുവങ്ങാട് ജംക്‌ഷൻ മുതൽ പുഷ്പഗിരി റോഡു വരെ 900 മീറ്ററാണ് ദൂരം. ഇവിടെ നിന്നു ബി വൺ ബി വൺ റോഡ് വരെ 220 മീറ്റർ. ആദ്യത്തെ മേൽപാലത്തിന്റെ നീളം 180 മീറ്റർ. ഇവിടെ നിന്നു റെയിൽവേ സ്റ്റേഷൻ റോഡ് വരെ 170 മീറ്റർ. അവിടെ നിന്നു മല്ലപ്പള്ളി റോഡ് വരെ 160 മീറ്റർ. 50 മീറ്റർ കഴിയുമ്പോൾ പുതിയതായി രൂപകൽപന ചെയ്ത മേൽപാലം– 220 മീറ്റർ ദൂരം. രണ്ടാമത്തെ മേൽപാലം കഴിഞ്ഞ് 300 മീറ്റർ കൂടിയാകുമ്പോൾ എംസി റോഡിൽ രാമ‍ൻചിറയിലെത്തും. മഴുവങ്ങാട് നിന്നു പഴയ എംസി റോഡിലൂടെ രാമൻചിറ വരെ ദൂരം 1800 മീറ്ററാണ്.

പുതിയ കരാർ ഇങ്ങനെ

∙ തിരുവല്ല ബൈപാസ്, എംസി റോഡിന്റെ നഗരഭാഗം എന്നിവ ഒന്നിച്ചാണ് കരാർ നൽകിയത്. ബൈപാസ് 6 മാസത്തിനകവും എംസി റോഡിന്റെ ഭാഗം 9 മാസത്തിനകവും പൂർത്തിയാക്കണമെന്നാണ് കരാർ. നഗരത്തിൽ പൈപ്പ് മാറ്റിയിടുന്ന ജോലിയും ചെയ്യാനുണ്ട്. ബൈപാസിന്റെ ആദ്യഘട്ടമെന്ന നിലയിൽ മഴുവങ്ങാട് മുതൽ ബി വൺ ബി വൺ റോഡു വരെ പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുത്താൽ ഇവിടെ നിന്നു റെയിൽവേ സ്റ്റേഷൻ റോഡ് വഴി എംസി റോഡിലെത്താം. ഗതാഗതം ഇതുവഴി തിരിച്ചുവിട്ട് നഗരത്തിലെ നിർമാണം തുടങ്ങാനാണ് തീരുമാനം.

മുന്നിൽ കാണേണ്ടത്

ബൈപാസ് ലക്ഷ്യത്തിലേക്കടുക്കുമ്പോഴും വരാൻ പോകുന്ന പ്രതിസന്ധികൾക്കു കൂടി പരിഹാരം കാണണമെന്ന ആവശ്യവും ഉയരുന്നു. നഗരത്തിൽ ഇപ്പോൾ അനുഭവപ്പെടുന്ന തിരക്ക് ബൈപാസ് എംസി റോഡിലെത്തുന്ന മഴുവങ്ങാട്, രാമ‍ഞ്ചിറ ഭാഗത്ത് അനുഭവപ്പെടാനാണ് സാധ്യത. രാമൻചിറ മുതൽ മുത്തൂർ വരെ ഇപ്പോൾ നല്ല തിരക്കാണ്. ഈ രണ്ടു ഭാഗത്തും ബി വൺ‌ ബി വൺ റോഡ് ക്രോസ് ചെയ്യുന്ന ഭാഗത്തും അനുഭവപ്പെടാവുന്ന തിരക്കിന് പരിഹാരം കാണേണ്ടതുണ്ട്. ബൈപാസും നഗരഭാഗവും പൂർത്തിയാകുന്നതോടെ വൺവേയാക്കി മാറ്റാനുള്ള സാധ്യതയും ഏറെയാണ്.

സ്ഥലം ഏറ്റെടുപ്പ് പ്രതിസന്ധി

ബൈപാസിനുവേണ്ടി ഇതുവരെ ഏറ്റെടുത്തത് 1.41 ഹെക്ടർ സ്ഥലമാണ്. 25 പേരുടെ ഇത്രയും സ്ഥലത്തിന് 1.5 കോടി രൂപയാണ് സർക്കാർ നൽകിയത്. ഇനി 17.19 ആർ സ്ഥലമാണ് ഏറ്റെടുക്കാനുള്ളത്. 3 പേരുടെ സ്ഥലമാണിത്. ഇതിൽ ഒരാളുടെ വസ്തു മുഴുവനായി ഏറ്റെടുക്കണമെന്നാണ് ആവശ്യം. ഇത് കെഎസ്ടിപി അംഗീകരിച്ചിട്ടുണ്ട്. അധികമായി ഏറ്റെടുക്കുന്ന സ്ഥലം നഷ്ടപ്പെടാതെ സൂക്ഷിക്കാനും തീരുമാനമായിട്ടുണ്ട്.

മറ്റൊരാളുടെ വസ്തുവിന് പട്ടയമില്ലെന്നതാണ് പ്രശ്നം. പട്ടയമില്ലാത്ത വസ്തുവിന് പണം നൽകാൻ സർക്കാർ നിയമമില്ല. ഇതു മറികടക്കണം. മൂന്നാമത്തെ വസ്തു ഉടമ മക്കൾക്ക് വിൽപത്രം എഴുതി നൽകിയതാണ്. ഇത് കേസിൽപെട്ടു കിടക്കുകയാണ്. ഈ 3 പ്രശ്നവും ഉടനെ തീർക്കുമെന്ന് മാത്യു ടി.തോമസ് എംഎൽഎ അറിയിച്ചു. ബൈപാസ് പൂർത്തിയാക്കുന്നതിന് ഇത് തടസ്സമല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

നിർമാണ ഉദ്ഘാടനം ഇന്ന് 5ന്

തിരുവല്ല ∙ ബൈപാസിന്റെ നിർമാണം വീണ്ടും തുടങ്ങുന്നതിന്റെ ഉദ്ഘാടനം ഇന്ന് 5ന് മന്ത്രി ജി.സുധാകരൻ നിർവഹിക്കും. മാത്യു ടി.തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama