go

മതസൗഹാർദ നിറവു പകർന്ന് എരുമേലി ചന്ദനക്കുടം

Pathanamthitta News
വിശ്വാസ തിടമ്പേറ്റി...എരുമേലി ചന്ദനക്കുട ഘോഷയാത്ര ടൗൺ നൈനാർ മസ്ജിദിൽ നിന്നു ആരംഭിച്ചപ്പോൾ.
SHARE

‌എരുമേലി ∙ നഗര രാവിനു മതസൗഹാർദ നിറവു പകർന്നു ചന്ദനക്കുടം. ജനം ഇശലുകൾക്കൊപ്പം ആനന്ദലഹരിയിൽ ചുവടുകൾ വച്ചു. മഹല്ല് മുസ്‍ലിം ജമാ അത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചന്ദനക്കുടം കാണാൻ ആയിരങ്ങളെത്തി. ഇന്നാണ് എരുമേലി പേട്ടതുള്ളൽ. ചന്ദനക്കുടം ഘോഷയാത്ര മന്ത്രി വി. എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സന്ധ്യയോടെ നഗരം നിറക്കാഴ്ചകളുടെ പൂരത്തിലായി. നെറ്റിപ്പട്ടമണിഞ്ഞ ഗജവീരൻമാർ, ചെണ്ടമേളം, ശിങ്കാരിമേളം, കൊട്ടക്കാവടി, അമ്മങ്കുടം, പമ്പമേളം, മയിലാട്ടം, മാപ്പിള ഗാനമേള എന്നിവ ആഘോഷത്തിനു മാറ്റേകി.

ചരള, ബസ് സ്റ്റാൻഡ്, പേട്ടക്കവല, കൊച്ചമ്പലം, വലിയമ്പലം, ചെമ്പകത്തുങ്കൽ മൈതാനം, പൊലീസ് സ്റ്റേഷൻ, കെഎസ്ആർടിസി, മാർക്കറ്റ്, വിലങ്ങുപാറ വഴി ടൗൺ നൈനാർ മസ്ജിദിൽ ഘോഷയാത്ര തിരികെ എത്തി. ഇന്ന് ഉച്ചയോടെ അമ്പലപ്പുഴ സംഘത്തിന്റെ  തുള്ളൽ നടക്കും. സമൂഹപെരിയോൻ കളത്തിൽചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിലുള്ള സംഘത്തെ ടൗൺ നൈനാർ മസ്ജിദിൽ  സ്വീകരിക്കും. പിന്നീട് വാവരു സ്വാമിയുടെ പ്രതിനിധിക്കൊപ്പം വലിയമ്പലത്തിലേക്ക് പേട്ടതുള്ളൽ നടക്കും.

ഉച്ചകഴിഞ്ഞാണ് ആലങ്ങാട് സംഘത്തിന്റെ തുള്ളൽ. പെരിയോൻ അമ്പാടത്ത് എ.കെ. വിജയകുമാറിന്റെ നേതൃത്വത്തിൽ ഗോളക, കൊടി, ഗജവീരൻമാർ, വെളിച്ചപ്പാടുകൾ, കാവടി, ശിങ്കാരിമേളം, ചിന്ത്, നാഗസ്വരം, ചെണ്ട അകമ്പടിയോടെയാണു തുള്ളൽ. വാവരുസ്വാമി അമ്പലപ്പുഴ സംഘത്തിനൊപ്പം പുറപ്പെട്ടെന്നു വിശ്വസിക്കുന്നതിനാൽ ആലങ്ങാട് സംഘം മസ്ജിദിൽ പ്രവേശിക്കില്ല. ഇത്തവണ  ഒറ്റ സംഘമായാണു പേട്ടതുള്ളുക. ഇന്നലെ ആലങ്ങാട്, അമ്പലപ്പുഴ സംഘങ്ങൾ എരുമേലിയിൽ എത്തി. അയ്യപ്പസ്വാമിയും വാവരുസ്വാമിയും തമ്മിലുള്ള ബന്ധം അനുസ്മരിച്ച് അമ്പലപ്പുഴ സംഘവും ജമാ അത്ത് പ്രതിനിധികളുമായി സൗഹൃദസംഗമം നടത്തി.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama