go

ആട്ടവിളക്കിൻ നാളമായി നളദമയന്തിമാർ; വിളങ്ങി ചെറുകോൽപ്പുഴ പമ്പാ തീരം

pathanamthitta news
കുവലയ വിലോചനേ... അയിരൂരിലെ കഥകളിമേളയിൽ ഇന്നലെ നടന്ന നളചരിതം രണ്ടാം ദിവസത്തിൽ നളനായി കലാമണ്ഡലം ബാലസുബ്രഹ്മണ്യനും ദമയന്തിയായി മാർഗി വിജയകുമാറും.
SHARE

ചെറുകോൽപ്പുഴ ∙ കാൽപനിക ഭംഗിയിൽ നളനും ദമയന്തിയും കളിയരങ്ങിൽ പൂത്തുലഞ്ഞു. ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന കഥകളിമേളയുടെ അഞ്ചാം ദിനം നളചരിതം രണ്ടാം ദിവസമാണ് ആടിയൊഴിഞ്ഞത്. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ നളനായും മാർഗി വിജയകുമാർ ദമയന്തിയായും വേഷമിട്ടു. കലി ദ്വാപരൻമാർ ഇന്ദ്രാദികളോടും പുഷ്കരനോടും നടത്തിയ സംവാദങ്ങൾ കലാമണ്ഡലം ഹരി ആർ. നായർ, കലാമണ്ഡലം അഖിൽ, കലാമണ്ഡലം ഉല്ലാസ്, കലാമണ്ഡലം ഷൺമുഖൻ എന്നിവർ അരങ്ങിലെത്തിച്ചു.

പുഷ്കരന്റെ ചൂതുവിളിയും ചൂതുകളിയും സദസ്സിനെ ഉണർത്തി. കാട്ടാളനായി കലാമണ്ഡലം സോമൻ, ദൂതനായി കലാമണ്ഡലം വിഷ്ണുമോൻ, വൃക്ഷഭമായി നാട്യഭാരതി പ്രേം സുന്ദർ എന്നിവരും വേഷമിട്ടു. തോടി, പൂർവകല്ല്യാണി, ധന്യാസി, മോഹനം, ഗൗളീപന്ത് എന്നീ രാഗങ്ങളിൽ രണ്ടാം ദിവസം കഥയിലെ സുകുമാര പദങ്ങൾ പത്തിയൂർ ശങ്കരൻകുട്ടിയും കോട്ടക്കൽ മധുവും കലാമണ്ഡലം കൃഷ്ണകുമാറും ശ്രവണസുന്ദരമാക്കി. കലാമണ്ഡലം ഉണ്ണികൃഷ്ണൻ, കോട്ടക്കൽ പ്രസാദ്, കലാമണ്ഡലം അച്യുതവാര്യർ,

കലാനിലയം രാജേഷ് എന്നിവരാണ് കഥകളിക്ക് മേളത്തിന് ഊർജം പകർന്നത്. കലാനിലയം സജി, തിരുവല്ല പ്രദീപ് എന്നിവരായിരുന്നു ചുട്ടി. നളചരിതം രണ്ടാം ദിവസത്തിന്റെ ഏറ്റവും മികച്ച അവതരണമാണ് ഇന്നലെ ചെറുകോൽപ്പുഴയിൽ നടന്നത്. ഇന്നലെ വൈകിട്ട് 6.30ന് ആലപ്പുഴ ജില്ലാകഥകളി ക്ലബ് പ്രസിഡന്റ് കളർകോട് മുരളി ആട്ടവിളക്ക് തെളിച്ചു. രാജു ഏബ്രഹാം എംഎൽഎ പ്രസംഗിച്ചു.

ഇന്ന് നളചരിതം മൂന്നാം ദിവസം

ദമയന്തിയെ ഉപേക്ഷിച്ച് കലി ബാധിതനായി കാട്ടിൽ അലയുന്ന നളന്റെ വിചാരമാണ് നളചരിതം മൂന്നാം ദിവസത്തിന്റെ ആദ്യ രംഗം. കാട്ടു തീയിലകപ്പെട്ട കാർക്കോടകൻ എന്ന സർപ്പത്തെ രക്ഷിക്കുന്ന നളൻ കാർക്കോടക ദംശനം ഏറ്റ് കറുത്തു–വിരൂപനായി–ബാഹുകനായി മാറുന്നു.

ഋതുപർണന്റെ കൊട്ടാരത്തിൽ സേവകനായി എത്തുന്ന ബാഹുകന്റെ വിചാരപദങ്ങൾ സാഹിത്യ മേന്മയിലും രാഗഭംഗിയിലും എതിരറ്റതാണ്. നളദമയന്തിമാരുടെ പുനഃസമാഗമത്തിന് നിർണായക പങ്കുവഹിക്കുന്ന പർണാദൻ, സുദേവൻ എന്നീ ബ്രാഹ്മണ ദൂതൻമാരുടെ രംഗങ്ങൾ മൂന്നാം ദിവസത്തിലുണ്ട്. അപൂർവമായി മാത്രം ആടാറുള്ള പർണാദന്റെ രംഗം ഇന്നത്തെ പ്രത്യേകതയാണ്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama