go

കെഎസ്ഇബിക്ക് നഷ്ടം കോടികൾ; 5.44 ലക്ഷം മീറ്ററുകൾ കേട്

SHARE

പത്തനംതിട്ട ∙ കേരളത്തിൽ കേടായ വൈദ്യുതി മീറ്ററുകൾ 5.44 ലക്ഷം. മൊത്തം കണക്‌ഷനുകളുടെ 4.35 % വരുമിത്. വ്യവസായ- കച്ചവട സ്ഥാപനങ്ങളും സർക്കാർ ഓഫിസുകളും വരെ കൂട്ടത്തിലുണ്ട്. ഇതുമൂലം നഷ്ടം എത്രയാണെന്ന വിവരാവകാശ ചോദ്യത്തിന്, കോടികളുണ്ടാകുമെന്ന ഊഹക്കണക്ക് മാത്രമേ കെഎസ്ഇബിക്കു പറയാനുള്ളൂ. മീറ്റർ കേടായാൽ അടുത്ത ബില്ലിങ് തീയതിക്കു മുൻപു പുതിയതു നൽകണമെന്നാണു നിർദേശം.

എന്നാൽ 2 വർഷത്തിലേറെയായിട്ടും മാറ്റാത്ത മീറ്ററുകളുണ്ട്. കേടാകുന്നതിനു മുൻപുള്ള 3 മാസത്തെ ഉപയോഗത്തിന്റെ ശരാശരി കണക്കാക്കിയുള്ള ബിൽ അവർ ഇക്കാലമത്രയും അടയ്ക്കുന്നു. മീറ്റർ മാറ്റാനുള്ള കാലതാമസവും ഈ കാലയളവിൽ ഊഹംവച്ചു ബിൽ നൽകുന്നതും ഗാർഹിക ഉപയോക്താക്കളുടെ പരാതിക്കും ഇടയാക്കുന്നു.വ്യവസായ സ്ഥാപനങ്ങൾ മീറ്ററുകൾ േകടാക്കി വൈദ്യുതി മോഷണം നടത്തുന്നതും പതിവാണ്.

4വർഷം കൊണ്ട് 1100 കേസുകളിലായി പിഴ ഇൗടാക്കിയത് 8 കോടി രൂപയാണ്. പിടിക്കപ്പെട്ടതിൽ 163 സ്വകാര്യ വ്യവസായ സ്ഥാപനങ്ങളുമുണ്ട്.  കേടാണെന്നു കണ്ടെത്തിയ മീറ്ററുകളുടെ കണക്ക് മാത്രമാണു ലഭ്യം. കേടായിരുന്നിട്ടും അറിയാത്ത മീറ്ററുകൾ ഇനിയുമേറെ കാണുമെന്ന് ഉദ്യോഗസ്ഥർ തന്നെ സൂചിപ്പിക്കുന്നു. ഇതു കണ്ടുപിടിക്കാൻ പ്രത്യേക പരിശോധന തുടങ്ങാൻ ആലോചിക്കുകയാണു കെഎസ്ഇബി. 

വരുന്നു, 3.2 ലക്ഷം സ്മാർട് മീറ്റർ

പട്ടണങ്ങളിൽ മാസം 230 യൂണിറ്റിലേറെ ൈവദ്യുതി ഉപയോഗിക്കുന്നവർക്ക് ഇനി സ്മാർട് മീറ്റർ. ഓഫിസിൽ ഇരുന്നു തന്നെ ഓരോ മീറ്ററിലെയും കണക്കറിയാമെന്നതിനാൽ ഉദ്യോഗസ്ഥർ വീടുകളിൽ കയറിയിറങ്ങേണ്ട. കെഎസ്ഇബിക്ക് ഉപഭോഗം സംബന്ധിച്ച് കൃത്യമായ കണക്കുണ്ടാകും. ഉപയോക്താക്കൾക്കു ബില്ലിലെ തലവേദനകളും ഇല്ലാതാകും. 

3.2 ലക്ഷം സ്മാർട് മീറ്ററുകളാണു പുതുതായി സ്ഥാപിക്കുന്നത്. കോഴിക്കോട്ട് 25 സ്മാർട് മീറ്ററുകൾ സ്ഥാപിച്ച് പ്രവർത്തനം നിരീക്ഷീക്കുകയാണ്. പൂർണ തോതിൽ ആദ്യം നടപ്പാക്കുന്നതു തിരുവനന്തപുരത്തെ കേശവദാസപുരം സെക്‌ഷനിൽ. 

സംസ്ഥാനത്തെ വൈദ്യുതി വിതരണനഷ്ടം 15 %. ഇതിൽ പകുതിയോളം കേടായ മീറ്ററുകളും മോഷണവും മൂലം.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama