go

നവോത്ഥാനത്തിന്റെ പേരിൽ ചിലർ സമൂഹത്തെ നശിപ്പിക്കുന്നു: കുമ്മനം

Pathanamthitta News
അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് സമാപന സമ്മേളനം മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു. എ.ആർ. വിക്രമൻപിള്ള, എൻ.കെ. പ്രേമചന്ദ്രൻ എംപി, അനഘാമൃത ചൈതന്യ, സ്വാമി ചൈതന്യാനന്ദജി, പി.സി. ജോർജ് എംഎൽഎ, മേജർ ലാൽക‍ൃഷ്ണ, അനൂപ് കൃഷ്ണൻ എന്നിവർ സമീപം. ചിത്രം: മനോരമ
SHARE

ചെറുകോൽപ്പുഴ ∙ നവോത്ഥാനം എന്നത് പുതിയ വാക്കല്ലെന്നും വിശ്വാസ സംരക്ഷണവും ആചാര സംരക്ഷണവും ഉൾപ്പെടുന്ന സപര്യയാണ് നവോത്ഥാനമെന്നും മിസോറം ഗവർണർ കുമ്മനം രാജശേഖരൻ. അയിരൂർ– ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഹിന്ദുമത പരിഷത്തിന്റെ ചരിത്രമാണ് കേരളത്തിന്റെ നവോത്ഥാന ചരിത്രം. ചട്ടമ്പി സ്വാമിയും ശ്രീനാരായണ ഗുരുവും ഉൾപ്പെടെയുള്ളവർ സാധ്യമാക്കിയ നവോത്ഥാനം കാപട്യത്തിന്റേതായിരുന്നില്ല. വെറുപ്പും വിദ്വേഷവും നിറച്ചല്ല, സ്നേഹം പകർന്ന്, സംവദിച്ച്, ആശയവിനിമയം നടത്തി, ബോധവത്കരിച്ചാണ് ഗുണപരമായ മാറ്റം സമൂഹത്തിൽ ഉണ്ടാക്കിയത്. 

നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് ഇപ്പോൾ ഇറങ്ങിത്തിരിച്ചിരിക്കുന്നവർ സമൂഹത്തെ നശിപ്പിക്കുകയാണ്. കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ ഡയറക്ടറിയിൽ നവോത്ഥാന നായകരുടെ കൂട്ടത്തിൽ എന്തുകൊണ്ട് മന്നത്ത് പത്മനാഭൻ ഇല്ലാതെ പോയി?. 

അത് ചിന്തിക്കേണ്ട വിഷയമാണ്. ഹിന്ദുത്വം മനുഷ്യത്വമാണ്. ഹിന്ദുത്വത്തെ നശിപ്പിക്കാൻ കഴിയില്ല. കാരണം അത് മനുഷ്യസ്നേഹികളായ ഋഷി ശ്രേഷ്ഠന്മാരാൽ നിർമിതമാണ്. വിശ്വാസമാണ് സമൂഹത്തെ നിലനിർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകം മുഴുവൻ ഒന്നാണെന്ന് വിശ്വസിക്കുന്നതാണ് യോഗയെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞു. ഹിന്ദുമത പരിഷത്ത് സമാപന സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഹിന്ദുക്കൾ എല്ലാവരും ഒരു കുടുംബമാണെന്ന ബോധം വന്നാൽ മതപരിവർത്തനം ഉണ്ടാവുകയില്ലെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കന്യാകുമാരി വെള്ളിമല വിവേകാനന്ദാശ്രമം മഠാധിപതി സ്വാമി ചൈതന്യാനന്ദജി പറഞ്ഞു.

 ഭാരതത്തിന്റെ ജീവനാഡി ആത്മീയതയാണെന്നും ലോകം നശിക്കാതിരിക്കാൻ ഭാരതം നശിക്കാതിരിക്കണമെന്നും ഭാരതം നശിക്കാതിരിക്കണമെങ്കിൽ ഹിന്ദുമതം നശിക്കാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബ്രഹ്മചാരി അനഘാമൃത ചൈതന്യ സമാപന സന്ദേശം നൽകി. എൻ.കെ.പ്രേമചന്ദ്രൻ എംപി, പി.സി. ജോർജ് എംഎൽഎ, മേജർ ലാൽ കൃഷ്ണ, ഹിന്ദുമത മഹാമണ്ഡലം സെക്രട്ടറി എ.ആർ.വിക്രമൻ പിള്ള, ജോയിന്റ് സെക്രട്ടറി അനൂപ് കൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ പി.എസ്.നായർ, മാലേത്ത് സരളാദേവി, ടി.കെ. സോമനാഥൻ നായർ, എം. അയ്യപ്പൻ കുട്ടി, ജെ. ഹരിദാസ്, ഡി. രാജഗോപാൽ എന്നിവർ പ്രസംഗിച്ചു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama