go

വചനമാരി പെയ്യുന്ന മാരാമൺ മണൽപ്പുറം

pathanamthitta-joseph
ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത
SHARE

പ്രളയത്തിനു ശേഷം നദിയിലും കരയിലും കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കി ഒരു ശുദ്ധീകരണ പ്രക്രിയയ്ക്കു ശേഷമാണ് ഈ വർഷത്തെ മാരാമൺ കൺവൻഷൻ. പരിസ്ഥിതി ചൂഷണം മൂലമുണ്ടായ പ്രകൃതി ക്ഷോഭങ്ങൾക്കും ദുരന്തങ്ങൾക്കും സാക്ഷ്യം വഹിച്ച നമ്മുടെ ജനത ഒരു പുതുസമൂഹ നിർമിതിക്കായി ഒരുങ്ങുകയാണ്. എന്നാൽ, ഈ കാലയളവിൽ രാഷ്ട്രീയ സാമുദായിക മതേതര ബന്ധങ്ങളിൽ കടന്നു കൂടിയ വിവാദങ്ങൾ കേരള ജനതയുടെ സംസ്കാരത്തെത്തന്നെ വികലമാക്കുന്നു എന്ന യാഥാർഥ്യം നാം ഉൾക്കൊള്ളണം.

ഭിന്നിപ്പിന്റെ സ്വരം അഭിലഷണീയമല്ല 

ദേവാലയങ്ങളോടും തീർഥാടന കേന്ദ്രങ്ങളോടും അനുബന്ധിച്ചുണ്ടാകുന്ന സ്പർധ ജനങ്ങളെ വിഭാഗീയതയിലേക്കാണു നയിക്കുന്നതെന്നു നാം ഓർക്കണം. ഒരുമയോടെ കഴിയേണ്ടവർക്കിടയിൽ ഭിന്നിപ്പിന്റെ സ്വരം ഉയരുന്നത് അഭിലഷണീയമല്ല. ആത്മാവബോധത്തിലേക്കും ആത്മശുദ്ധീകരണത്തിലേക്കും മാനവികതയുടെ പുതു മാനങ്ങളിലേക്കുമുള്ള വീണ്ടെടുപ്പ് ഉണ്ടെങ്കിൽ മാത്രമേ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാകൂ.

ഈ പശ്ചാത്തലത്തിലാണ് മാരാമൺ കൺവൻഷന്റെ പ്രസക്തി. അനുതാപത്തിലേക്കു നയിക്കുന്ന ജീവനും ചൈതന്യവും നിറഞ്ഞതാണ് ദൈവവചനം. ഇപ്പോഴത്തെ അവസ്ഥയിൽ നിന്നു നാം ആയിരിക്കേണ്ട അവസ്ഥയിലേക്കുള്ള മാറ്റമാണ് രൂപാന്തരം. മലങ്കര സഭയിലെ നവീകരണ ദർശനങ്ങൾ ഉൾക്കൊണ്ടാണ് മാരാമൺ കൺവൻഷൻ ആരംഭിച്ചത്. ഏച്ചുകെട്ടലുകളുടെ ഒത്തുതീർപ്പല്ല, ദൈവഹിത പ്രകാരമുള്ള അനുരഞ്ജനമാണ് നമുക്ക് ആവശ്യം.

സാഹോദര്യത്തിന്റെ ഉത്തമ മാതൃക

സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും മനോഹരവുമാണെന്നു സങ്കീർത്തനക്കാരൻ പറഞ്ഞതു പോലെയുള്ള ഏകോദര സാഹോദര്യത്തിന്റെ കാഴ്ചയാണ് മാരാമൺ കൺവൻഷൻ നൽകുന്നത്. ഈ ഐക്യം അനുദിന ജീവിതാനുഭവം ആകുമ്പോൾ മാത്രമാണ് യഥാർഥ ദൈവരാജ്യ സമൂഹമായി നാം മാറുന്നത്. ദൂരദേശങ്ങളിൽ നിന്നു കൺവൻഷനിൽ എത്തുന്നവർക്ക് മാരാമൺ നിവാസികൾ നൽകുന്ന ഹൃദ്യമായ വരവേൽപ് ഈ സാഹോദര്യത്തിന്റെ ഉത്തമ ഉദാഹരണമാണ്.

pathanamthitta-philipose
ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്ത

നവോത്ഥാനത്തിന്റെ ഉറവിടം

ഓരോ കാലഘട്ടത്തിലും നവോത്ഥാനത്തിന്റെ കാഹളമൂതാൻ മാരാമൺ കൺവൻഷനു കഴിഞ്ഞിട്ടുണ്ട്. ഇടതു ചിന്തകൻ പി. ഗോവിന്ദപ്പിള്ള നവോത്ഥാന നേതാക്കളെക്കുറിച്ച് എഴുതിയ പുസ്തകത്തിൽ 19–ാം നൂറ്റാണ്ടിലെ നവോത്ഥാന പ്രക്രിയയ്ക്കു സഭ എങ്ങനെ ചാലക ശക്തിയായെന്നു സുചിപ്പിക്കുന്നുണ്ട്. സഭയിലെ പല നവോത്ഥാന പ്രസ്ഥാനങ്ങളും രൂപമെടുത്തത് മാരാമൺ കൺവൻഷനിലൂടെയാണ്. അങ്ങനെ രൂപം കൊണ്ട മാർത്തോമ്മാ സുവിശേഷ സേവികാ സംഘം ശതാബ്ദി പിന്നിട്ടിരിക്കുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്.

വ്യക്തികളുടെ അനുതാപത്തിലൂടെയും രൂപാന്തരത്തിലൂടെയുമാണ് ദേശത്തിന്റെ സൗഖ്യം യാഥാർഥ്യമാകുന്നത്. ദൈവം നൽകുന്ന സൗഖ്യത്തിന്റെ ഓഹരിക്കാരാകാൻ, അനുതാപ ഹൃദയമുള്ളവരായി രൂപാന്തരപ്പെടാൻ, സഭയെയും സമൂഹത്തെയും ക്രിസ്തുവിന്റെ സ്നേഹത്തിൽ പുതുക്കിപ്പണിയാൻ ഈ വർഷത്തെ കൺവൻഷൻ ഇടയായിത്തീരട്ടെ. ഇതിനായി നമുക്കു മാരാമണ്ണിൽ ഒത്തു ചേരാം, വചനം മനനം ചെയ്തു പുതു സൃഷ്ടികളായി സമൂഹത്തിനു നല്ല ഫലങ്ങൾ സമ്മാനിക്കാം.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama