go

തലവേദനയായി സാക്ഷ്യപത്രം; പെൻഷൻകാർ നെട്ടോട്ടത്തിൽ

SHARE

തിരുവല്ല ∙ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു വിധവാ പെൻഷൻ വാങ്ങുന്നവരും 50 വയസ്സ് കഴിഞ്ഞ അവിവാഹിതരും വിവാഹം അല്ലെങ്കിൽ പുനർവിവാഹം ചെയ്തിട്ടില്ല എന്നു തെളിയിക്കുന്ന ഗസറ്റഡ് ഓഫിസറുടെ സാക്ഷ്യപത്രം ഹാജരാക്കണമെന്ന നിർദേശം പാവപ്പെട്ട സ്ത്രീകളെ ബുദ്ധിമുട്ടിലാക്കുന്നതായി പരാതി. സാക്ഷ്യപത്രം നൽകിയില്ലെങ്കിൽ അടുത്ത മാസം മുതൽ പെൻഷൻ ലഭിക്കില്ല എന്നറിഞ്ഞതോടെ 90 വയസ്സ് കഴിഞ്ഞവർ വരെ നെട്ടോട്ടമാണ്. എഴുന്നേറ്റു നടക്കാൻ കഴിയാത്തവരും കിടപ്പിലായവരും വരെ പുനർവിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം ഹാജരാക്കേണ്ടി വരുന്നതിന്റെ സാംഗത്യം എന്താണെന്നാണ് ഇവരുടെ ചോദ്യം.

അതിനു ഗസറ്റഡ് ഓഫിസറുടെ സാക്ഷ്യപത്രം ആവശ്യപ്പെടുന്നതാണ് അതിലും പൊല്ലാപ്പായിരിക്കുന്നത്. മിക്കവരും പഞ്ചായത്തംഗത്തിന്റെ സാക്ഷ്യപത്രവുമായി ഗസറ്റഡ് ഓഫിസർമാരെ സമീപിച്ചെങ്കിലും പലരും സാക്ഷ്യപത്രം നൽകാൻ തയാറാകുന്നില്ല. 50 വയസ്സ് കഴിഞ്ഞവരെല്ലാം സാക്ഷ്യപത്രം നൽകണമെന്നാണ് നിയമം. ഇതിൽ ഭേദഗതി വരുത്തി 59 വയസ്സ് കഴിഞ്ഞവർ നൽകേണ്ട എന്നു നിർദേശം ലഭിച്ചതായി അറിഞ്ഞെങ്കിലും സ്ഥിരീകരിക്കാത്തതിനാൽ എല്ലാവരും നൽകേണ്ട ഗതികേടിലാണ്.

ദൂരെ സ്ഥലങ്ങളിൽ നിന്നു വന്നു ജോലി ചെയ്യുന്ന ഗസറ്റഡ് ഓഫിസർമാർക്ക് സാക്ഷ്യപത്രം നൽകേണ്ടിവരുന്നവരെ ഒരു പരിചയവുമില്ല. ഇവർ പുനർവിവാഹം കഴിച്ചിട്ടുണ്ടോ എന്നതും വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് ഗസറ്റഡ് ഓഫിസർമാർ സാക്ഷ്യപത്രം നൽകാൻ വിസമ്മതിക്കുന്നത്. വിവാഹം കഴിച്ചവർ അതു മറച്ചുവച്ചു പെൻഷൻ ലഭിക്കുന്നതിനു സാക്ഷ്യപത്രം വാങ്ങിനൽകിയാൽ രേഖ നൽകിയ ഗസറ്റഡ് ഓഫിസർ കുരുക്കിലാകും. പെൻഷൻ വാങ്ങുന്നവർ മിക്കവരും സാധാരണക്കാരും ഇതു മാത്രം വരുമാനം ഉള്ളവരുമാണ്.

സാക്ഷ്യപത്രം കിട്ടാത്തതിന്റെ പേരിൽ പെൻഷൻ നിഷേധിക്കപ്പെട്ടാൽ ജീവിക്കാൻ നിവൃത്തിയില്ലാതെ വരുമെന്നതാണ് പ്രശ്നം. വില്ലേജ് ഓഫിസർമാരെയോ പഞ്ചായത്ത് സെക്രട്ടറിമാരെയോ സാക്ഷ്യപത്രം നൽകുന്നതിനു ചുമതലപ്പെടുത്തിയാൽ ഇരു കൂട്ടർക്കും ബുദ്ധിമുട്ട് ഏറെ കുറഞ്ഞിരിക്കുമെന്നും അഭിപ്രായമുണ്ട്. വിവാഹം കഴിച്ചവരാണോ എന്നറിയാൻ ഇവർക്കാണ് കൂടുതൽ സാധിക്കുക.

പുനർവിവാഹം നടത്തിയതു മറച്ചുവച്ച് ഒരു ന്യൂനപക്ഷം ഇപ്പോഴും പെൻഷൻ വാങ്ങുന്നതായി സർക്കാരിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ പേരിൽ മുഴുവൻ പേരെയും ബുദ്ധിമുട്ടിലാക്കണോ എന്നാണ് മറ്റുള്ളവരുടെ ചോദ്യം. രണ്ടുനിലവീടും വാഹനങ്ങളും ഉള്ളവർ പോലും മറ്റു പല സാമൂഹിക പെൻഷൻ വാങ്ങുമ്പോഴും അതിനെതിരെ നടപടിയെടുക്കാതെ അവിവാഹിതരെയും വിധവകളെയും മാത്രം തിരഞ്ഞുപിടിച്ച് കഷ്ടപ്പെടുത്തുന്നതെന്താണെന്നാണ് ഇവരുടെ ചോദ്യം.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama