go

നിലയ്ക്കലിൽ നിയന്ത്രണങ്ങൾ തുടർന്നാൽ പ്രതിഷേധിക്കും: അട്ടത്തോട് നിവാസികൾ

Police at Nilakkal
SHARE

സീതത്തോട് ∙ ശബരിമല നട തുറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നിലയ്ക്കൽ കേന്ദ്രീകരിച്ച് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിൽ കടുത്ത പ്രതിഷേധവുമായി അട്ടത്തോട് നിവാസികൾ. സീസൺ സമയത്ത് ഏർപ്പെടുത്തിയ വിധത്തിലുള്ള നിയന്ത്രണങ്ങളാണ് തുടരുന്നതെങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങാനുള്ള തീരുമാനത്തിലാണ് ആദിവാസികൾ അടക്കമുള്ള സ്ഥലവാസികൾ. പെരുനാട് പഞ്ചായത്തിലെ ശബരിമല വാർഡിലാണ് അട്ടത്തോട് ആദിവാസി കോളനി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ.

അട്ടത്തോട്ടിൽ കിഴക്കേകര, പടിഞ്ഞാറേകര കോളനികളിലായി 200ൽ അധികം കുടുംബങ്ങളാണ് താമസിക്കുന്നത്. ശബരിമലയിൽ കഴിഞ്ഞ മാസങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ മറവിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഈ പ്രദേശത്ത് അരങ്ങേറിയത്. സ്വന്തം വീട്ടിൽ പോകുന്നതിനു പോലും പൊലീസ് കനിയേണ്ട അവസ്ഥയായിരുന്നു. സ്ത്രീകളെയും കുട്ടികളെയും  പോലും കടുത്ത പരിശോധനകൾക്കു വിധേയമാക്കിയ ശേഷമായിരുന്നു നാട്ടിലേക്കു പോകാൻ പൊലീസ് അനുവദിച്ചത്.

തിരിച്ചറിയൽ കാർഡ് ഇല്ലാതെ വരുന്ന സ്ത്രീകളെ ഏറെ സമയം തടഞ്ഞ് വച്ച സംഭവങ്ങൾ വരെ ഉണ്ടായി. അട്ടത്തോട്ടിലെ ഓട്ടോ–ടാക്സി വാഹന ഉടമകൾ അനുഭവിച്ച ബുദ്ധിമുട്ടികൾ സമാനതകൾ ഇല്ലാത്തതായിരുന്നു. അട്ടത്തോട്ടിൽ നിന്ന് നിലയ്ക്കൽ എത്തി മടങ്ങണമെങ്കിൽ പൊലീസ് പാസ് നിർബന്ധമായിരുന്നു. ഓരോ ഓട്ടം വരുമ്പോഴും പൊലീസ് വാഹനങ്ങൾ തടഞ്ഞ് നിർത്തി യാത്രക്കാരെ പരിശോധിക്കും.

എതിർക്കുന്നവരോടു വളരെ മോശമായ സമീപനമായിരുന്നു പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. പൊലീസ് പരിശോധന കർശനമായതോടെ പലരും വീടുകളിൽ തന്നെ കഴിച്ചു കൂട്ടി. പടിഞ്ഞാറേക്കര കോളനിക്കാർക്കു കിഴക്കേക്കരയിൽ എത്തണമെങ്കിൽ നിലയ്ക്കൽ വഴി വേണം പോകാൻ. ഭക്ഷണ സാധനങ്ങളും, റേഷൻ സാധനങ്ങളും വാങ്ങണമെങ്കിലും അട്ടത്തോട് കിഴക്കേകരയിൽ എത്തണം.

നിലയ്ക്കൽ ഗോപുരം പടിക്കലാണ് പൊലീസ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചിരുന്നത്. ഡ്യൂട്ടി മാറി വരുന്ന പൊലീസുകാർ ഒരേ വാഹനം പലതവണ പരിശോധിച്ചപ്പോഴാണ് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായത്. തൊട്ടു മുൻപ് പരിശോധന നടത്തിയതാണന്ന് വാഹന ഉടമകൾ പറഞ്ഞാൽ പോലും അംഗീകരിക്കാറില്ലായിരുന്നു. പമ്പയിലേയ്ക്കുള്ള വാഹനങ്ങൾ ഒന്നും എത്താതായതോടെ അട്ടത്തോട് പ്രദേശത്തെ ചെറുകിട കച്ചവടക്കാരും കടുത്ത പ്രതിസന്ധിയിലായിരുന്നു. ഭൂരിഭാഗം കടകളും അടച്ചു.

മുൻ കാലങ്ങളിൽ ശബരിമല സീസൺ സമയത്ത് ലഭിച്ചിരുന്ന വരുമാനം ഉപയോഗിച്ചായിരുന്നു ഒരു വർഷത്തെ വീട്ടുകാര്യങ്ങൾ നടന്നു വന്നിരുന്നതെന്ന് അട്ടത്തോട്ടിലുള്ളവർ പറയുന്നു. മാസപൂജയ്ക്കായി നാളെ നട തുറക്കുമ്പോൾ തങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെങ്കിൽ റോഡ് ഉപരോധം അടക്കമുള്ള പ്രതിഷേധത്തിനുള്ള തയാറെടുപ്പിലാണ് അട്ടത്തോട് നിവാസികൾ. രാഷ്ട്രീയ പാർട്ടിക്കാർ ആരും തങ്ങളുടെ വിഷയത്തിൽ ഇടപെടുന്നില്ലെന്നുള്ള ആക്ഷേപവും ഇവർക്കുണ്ട്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama