go

കുടിവെള്ളം തേടി പരക്കംപാച്ചിൽ

Pathanamthitta News
SHARE

റാന്നി ∙ കടുത്ത ചൂടിൽ വെള്ളം വലിയുന്നു. ജലക്ഷാമത്തിന്റെ പിടിയിലമരുകയാണ് മലയോരങ്ങൾ. ജലപദ്ധതികളും ജനങ്ങൾക്ക് ആശ്വാസമാകുന്നില്ല. ദൈനംദിന ചെലവുകൾക്കൊപ്പം വെള്ളം വാങ്ങാനും പണം നീക്കിവെയ്ക്കേണ്ട ദുരവസ്ഥയിലാണ് ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ. 

ചൂടിൽ ഉരുകുകയാണ് മലയോര പ്രദേശങ്ങൾ. പമ്പാനദിയിലും കക്കാട്ടാറ്റിലും കല്ലാറ്റിലും ജലവിതാനം കുറഞ്ഞു. പേരിനു മാത്രമാണു നീരൊഴുക്ക്. അതും രാവിലെ മാത്രം. ഉച്ചയോടെ നീരൊഴുക്ക് കുറയും. പിന്നീട് ജലപദ്ധതികളിൽ പമ്പിങ്ങിനു വെള്ളമില്ല. മിക്ക പദ്ധതികളിലും പമ്പിങ് നാലും അഞ്ചും മണിക്കൂറായി ചുരുങ്ങിയിരിക്കുന്നു. 

താൽക്കാലിക ത‌ടയണ

വടശേരിക്കര, ഐത്തല, അങ്ങാടി എന്നീ ജലപദ്ധതികളിൽ താൽക്കാലിക തടയണ നിർമിച്ചാണ് പമ്പിങ്ങിനു വെള്ളമെത്തിക്കുന്നത്. ആറ്റിൽ നീരൊഴുക്കു കുറയുമ്പോൾ തടയണകളും പ്രയോജനപ്പെടുന്നില്ല. പേഴുംപാറ, ലോട്ടറി കോളനി, കോളജ്തടം, തൃക്കോമല, മണ്ണാറത്തറ, തൂളിമൺ, ഏഴോലി എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ വെള്ളമില്ല. 

വെച്ചൂച്ചിറയ്ക്കും ദാഹം

പെരുന്തേനരുവിയിൽ നിന്നാണ് വെച്ചൂച്ചിറ ജലപദ്ധതിക്ക് വെള്ളം പമ്പ് ചെയ്യുന്നത്. പെരുന്തേനരുവി ജലപദ്ധതി നിർമിച്ചതിനു ശേഷം വരൾച്ചക്കാലത്ത് അരുവിയിൽ നീരൊഴുക്കില്ല. ഇതുമൂലം ജലപദ്ധതിക്കാവശ്യമായ വെള്ളം ലഭിക്കുന്നില്ല. 

പാറയിടുക്കുകളിൽ കെട്ടിക്കിടക്കുന്ന വെള്ളമാണു പമ്പ് ചെയ്യുന്നത്. കടുത്ത ചൂടിൽ വെള്ളം വലിയുന്നതിനാൽ പലപ്പോഴും പമ്പിങ് നിർത്തേണ്ടിവരുന്നു. കുടമുരുട്ടി പദ്ധതിയും ഇതേ സ്ഥിതി നേരിടുകയാണ്. 

വെള്ളമുണ്ട്, കിട്ടുന്നില്ല

അടിച്ചിപ്പുഴ പദ്ധതിയിൽ നിന്നാണ് ചെറുകുളഞ്ഞി മേഖലകളിൽ വെള്ളമെത്തിക്കുന്നത്. പദ്ധതിക്കായി ആറ്റിൽ സ്ഥിരം തടയണ പണിതിട്ടുള്ളതിനാൽ വെള്ളത്തിനു കുറവില്ല. പമ്പിങ്ങും നടക്കുന്നുണ്ട്. എന്നാൽ, ചെറുകുളഞ്ഞി ഭാഗത്ത് കിട്ടുന്നില്ല. വർഷങ്ങൾക്കു മുൻപു സ്ഥാപിച്ച വ്യാസം കുറഞ്ഞ പൈപ്പുകളാണ് ഇവിടുള്ളത്. അവ മാറ്റി സ്ഥാപിക്കാതെ ജനങ്ങളുടെ ദാഹമകറ്റാനാകില്ല.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama