go

പേരിൽ പെൺപള്ളിക്കൂടം; പരീക്ഷയ്ക്ക് 2 ആൺകുട്ടികൾ മാത്രം!

Pathanamthitta News
തിരുവല്ല പെരിങ്ങര ഗവ. ഗേൾസ് ഹൈസ്കൂളിൽ എസ്എസ്എൽസി പരീക്ഷയെഴുതുന്ന അനന്തുവും ഗോകുലും. സംസ്ഥാനത്ത് ഏറ്റവും കുറച്ചു കുട്ടികൾ പരീക്ഷ എഴുതിയ സ്കൂളാണിത്. ചിത്രം: നിഖിൽരാജ് ∙ മനോരമ
SHARE

പെരിങ്ങര ∙ ഗവ. ഗേൾസ് ഹൈസ്കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതാൻ ആർ.ഗോകുൽ, ബി.എം.അനന്തു എന്നീ ആൺകുട്ടികൾ മാത്രം. പരീക്ഷാ മേൽനോട്ടത്തിനു പക്ഷേ 3 അധ്യാപകരുണ്ട്. സംസ്ഥാനത്ത് ഏറ്റവും കുറച്ചു കുട്ടികൾ പരീക്ഷ എഴുതുന്ന സ്കൂൾ കൂടിയാണിത്. 104 വർഷം പഴക്കമുള്ള സ്കൂൾ 1967 ലാണ് ഹൈസ്കൂളാക്കിയത്. എന്നാൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികൾക്കു മാത്രമാക്കി. 2014ൽ ഹയർ സെക്കൻഡറി തുടങ്ങിയപ്പോൾ കോഴ്സിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകി. എന്നാൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഗോകുലും അനന്തുവും ബാലാവകാശ കമ്മിഷനിൽ പരാതി നൽകിയത്.

സ്കൂളിൽ 1 മുതൽ 7 വരെയും ഹയർ സെക്കൻഡറിയിലും ആൺകുട്ടികൾക്ക് പഠിക്കാൻ അനുവാദമുണ്ടെന്നും ഹൈസ്കൂളിൽ അവിടത്തന്നെ തുടർന്നു പഠിക്കാൻ അനുമതി നൽകണമെന്നുമായിരുന്നു ആവശ്യം. ബാലാവകാശ കമ്മിഷന്റെ ഉത്തരവു പ്രകാരം പൊതുവിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ 2016-17 മുതൽ ആൺകുട്ടികൾക്കും പ്രവേശനം നൽകി. പക്ഷേ, പ്രവേശനം നേടാൻ പെൺകുട്ടികൾ ഉണ്ടായില്ല. ഇങ്ങനെ പ്രവേശനം ലഭിച്ചവരുടെ ആദ്യ എസ്എസ്എൽസി പരീക്ഷയിൽ പരീക്ഷ എഴുതാൻ അവർ മാത്രമായി.

പരീക്ഷ ഡപ്യൂട്ടി ചീഫായി സി.എസ്.രാജലക്ഷ്മി, ഇൻവിജിലേറ്റർമാരായി ദീപ റെയ്ച്ചൽ തോമസ്, മോഹൻകുമാർ എന്നിവരാണ് ചുമതലയിലുള്ളത്. പത്താം ക്ലാസിന്റെ ചരിത്രം പക്ഷേ, ഇനി ആവർത്തിക്കില്ലെന്നു പ്രധാനാധ്യാപിക ആനിയമ്മ ചാണ്ടി പറഞ്ഞു. ഇത്തവണ 9-ാം ക്ലാസിൽ 7 പേർ ഉണ്ട്. ഒന്നാം ക്ലാസിൽ 10 പേരാണ് ചേർന്നത്. ഹൈസ്കൂളിൽ കുട്ടികൾ കുറവാണെങ്കിലും ഹയർ സെക്കൻഡറിയിൽ സയൻസ്, കോമേഴ്സ് വിഭാഗങ്ങളിലായി 79 കുട്ടികളുണ്ട്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama