go

തിരഞ്ഞെടുപ്പു മത്സരക്കളത്തിൽ‌ പത്മരാജന് ഇരട്ട സെഞ്ചുറി (നോട്ടൗട്ട്)

Pathanamthitta News
ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ 3 തവണ സ്​ഥാനം പിടിച്ച ഡോ കെ.പത്മരാജൻ ശബരിമല ദർശനത്തിന് എത്തിയപ്പോൾ. ചിത്രം: മനോരമ
SHARE

ശബരിമല ∙ അങ്കത്തട്ടിൽ ഇറങ്ങാൻ ഡോ. കെ.പത്മരാജൻ വീണ്ടും കച്ചമുറുക്കി. തന്റെ 200– ാം തിരഞ്ഞെടുപ്പു മത്സരത്തിന് ഇക്കുറി തിരഞ്ഞെടുത്തത് തമിഴ്നാട്ടിലെ ധർമപുരി മണ്ഡലമാണ്.രാഷ്ട്രപതി തിരഞ്ഞെടുപ്പു മുതൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വരെ മത്സരിച്ച പത്മരാജൻ പിന്നോട്ടില്ല. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ 5 തവണ മത്സരിച്ചു. കെ.ആർ നാരായണൻ, എ.പി.ജെ. അബ്ദുൽ കലാം, പ്രതിഭാ പാട്ടിൽ, പ്രണബ് മുഖർജി, റാം നാഥ് കോവിന്ദ്, ഹാമിദ് അൻസാരി, വെങ്കയ്യ നായിഡു, പി.വി.നരസിംഹറാവു, മൻമോഹൻ സിങ് തുടങ്ങിയ പ്രമുഖർക്കെതിരെ മത്സരിച്ചു പരാജയം രുചിച്ചു. ലോക്സഭയിലേക്ക് 29, രാജ്യസഭയിലേക്ക് 39, നിയമസഭയിലേക്ക് 62, എംഎൽസി 2, നഗരസഭ കൗൺസിൽ 12, പഞ്ചായത്ത് അംഗം 4 തുടങ്ങി മത്സര പട്ടിക നീളുകയാണ്.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് പത്മരാജന് വിനോദം ആണെങ്കിലും ഒരുതവണ ജീവന് ഭീഷണിയായി. 1991ൽ പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിന് എതിരെ ആന്ധ്രയിലെ നന്ദ്യാലിൽ മത്സരിക്കുമ്പോൾ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. പത്രിക നൽകി പുറത്തിറങ്ങിയ ഉടനെയാണ് ജീപ്പിൽ എത്തിയ സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തി ജീപ്പിൽ തട്ടിക്കൊണ്ടുപോയത്. നന്ദ്യാലിലെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ സ്ഥാനാർഥിയെ വധിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. വനമധ്യത്തിലെ അജ്ഞാത കേന്ദ്രത്തിൽ 7 ദിവസം തടങ്കലിൽ കിടന്നു.

ശബരിമല ദർശനത്തിന് പോകാൻ ഇട്ട മാല കണ്ട് അലിവു തോന്നിയ കാവൽക്കാരൻ തുറന്നുവിട്ടതിനാലാണ് അന്നു ജീവൻ തിരിച്ചു കിട്ടിയതെന്ന് പത്മരാജൻ പറയുന്നു. ഇത്തവണ ധർമപുരിയിൽ പത്രിക നൽകുന്നതിനു മുൻപ് അയ്യപ്പനെ തൊഴുത് പ്രാർഥിക്കാനായി സന്നിധാനത്ത് എത്തി. ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്സിൽ 3 തവണ സ്ഥാനം പിടിച്ചു. തമിഴ്നാട് സേലം മേട്ടൂർ ഡാം രാമനഗർ പത്മാ ടയർ വർക്സ് ഉടമയും ഹോമിയോ ഡോക്ടറുമാണ് പത്മരാജൻ. കണ്ണൂരിൽ നിന്നു സേലത്തേക്കു മാറിയതാണ് കുടുംബം.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama