go

കുരുത്തോലയും കൊന്നപ്പൂവുമേന്തി കെ. സുരേന്ദ്രൻ

Pathanamthitta News
മലയാലപ്പുഴയിൽ നൽകിയ സ്വീകരണ ചടങ്ങിനിടെ എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ ശിങ്കാരിമേളത്തിനൊപ്പം ചെണ്ട കൊട്ടുന്നു ചിത്രം.മനോരമ
SHARE

പത്തനംതിട്ട ∙ നരിയാപുരത്ത് നിന്ന് രാവിലെ തുടങ്ങിയ പര്യടനം വള്ളിക്കോട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ പൂർത്തിയാക്കി മേക്കൊഴൂരിൽ എത്തിയപ്പോൾ സമയം 12.30. അടച്ചിട്ട കടമുറികളുടെ വരാന്തയിൽ കസേരയിട്ട് സ്ത്രീകളടക്കം കാത്തിരുന്നു. കെട്ടിടത്തിന് മുൻപിൽ റോഡരികിൽ വെയിലിനെ കൂസാതെ കസേരയിലിരിക്കുകയാണ് മേക്കൊഴൂർ വേരുതുളപ്പേൽ പി.എസ്.നാരായണൻ (62).ശസ്ത്രക്രിയയെ തുടർന്ന് ഇരുകാലുകളും മുട്ടിന് താഴെ മുറിച്ചു മാറ്റിയ നാരായണൻ അവശതയെ അവഗണിച്ചു കാത്തിരുന്നത് കെ.സുരേന്ദ്രനെ കാണാനാണ്. തുറന്ന വാഹനത്തിൽ നിന്ന് സ്ഥാനാർഥി ഇറങ്ങിയതോടെ കാത്തു നിന്നവർ ചുറ്റും കൂടി. മാല ഇട്ടും പൂക്കൾ വിതറിയും സ്വീകരണം. ഓശാന ഞായറിൽ കുരുത്തോലയും കൊന്നപ്പൂവുമേന്തി സുരേന്ദ്രൻ കൈകളുയർത്തിയപ്പോൾ പ്രവർത്തകരും ആവേശഭരിതരായി.

നന്ദി പ്രസംഗത്തിന് തൊട്ടു മുൻപാണ് നാരായണനെ സ്ഥാനാർഥി ശ്രദ്ധിക്കുന്നത്. മൈക്ക് തിരികെ എൽപിച്ച് സുരേന്ദ്രൻ നാരായണന്റെ അടുത്തേക്ക്. പെട്ടെന്ന് മുദ്രാവാക്യം വിളിയും നിന്നു. കൈപിടിച്ച് കുലുക്കി വിശേഷങ്ങൾ തിരക്കി. തോളിലൂടെ കൈയിട്ട് നാരായണനോട് ചേർന്നു നിന്നു കൈവീശിയതോടെ നിശബ്ദത മുദ്രാവാക്യം വിളികൾക്ക് വഴിമാറി.തൊട്ടടുത്ത സ്വീകരണ പോയിന്റിലെത്തിയപ്പോൾ മേക്കൊഴൂർ തടത്തിൽ വീട്ടിൽ അനൂപിന്റെ വക സമ്മാനം. ചാക്ക് തുണിയിൽ പണിത വലിയ ബോർഡിൽ അനൂപ് വരച്ച സ്ഥാനാർഥി.യുടെ വ്യത്യസ്തമായ ചിത്രം വഴിയരികിൽ സ്ഥാപിച്ചിരിക്കുന്നു. ചിത്രകാരനെ തിരഞ്ഞ് പിടിച്ച്, കെട്ടിപ്പിടിച്ച് അഭിനന്ദിച്ച ശേഷമാണ് സുരേന്ദ്രൻ മടങ്ങിയത്.

മലയാലപ്പുഴയിലെ സ്വീകരണത്തിനായി സ്ഥാനാർഥി എത്തുമ്പോൾ റോഡരികിൽ 30 അംഗ സംഘം ചെണ്ടയിൽ താളം പൊടിപൊടിക്കുന്നു. ഓടി നടന്ന് എല്ലാവരോടും വോട്ടഭ്യർഥിച്ച് മടങ്ങിയെത്തിയപ്പോൾ പ്രവർത്തകർ പൊതിഞ്ഞു. പൂക്കൾ കൊണ്ടുണ്ടാക്കിയ കിരീടം ശിരസിലണിഞ്ഞായിരുന്നു സ്വീകരണത്തിന് തുടക്കം. മേളത്തിന്റെ ആവേശം അണപൊട്ടിയപ്പോൾ സംഘത്തിലൊരാൾ ചെണ്ടക്കോൽ സ്ഥാനാർഥിക്ക് കൈമാറി. മുൻപോട്ട് വളഞ്ഞ് നിന്ന് സ്ഥാനാർഥിയും ചെണ്ടയിൽ താളമിട്ടപ്പോൾ പ്രവർത്തകരുടെ ആവേശം അണപൊട്ടി.എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രന് ആകെയുള്ള പരിഭവം ചുട്ടുപൊള്ളുന്ന വേനലിനോട് മാത്രമാണ്.

ഇത് പക്ഷെ, സൂര്യാതപത്തെ ഭയന്നല്ല. തിരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ തന്നെ സ്വീകരിക്കാൻ സ്ത്രീകളും കൊച്ചുകുട്ടികളുമടക്കം പൊരിവെയിലിൽ കാത്തുനിൽക്കുന്ന കാഴ്ചയാണ് സുരേന്ദ്രനെ നൊമ്പരപ്പെടുത്തുന്നത്. എല്ലാ വേദികളിലെയും മറുപടി പ്രസംഗത്തിൽ, കൊടും ചൂടും സഹിച്ച് കാത്തു നിന്നവരുടെ സഹിഷ്ണുതയ്ക്ക് പ്രത്യേകം നന്ദി പ്രകടിപ്പിച്ച് പ്രസംഗമൊന്ന് പരിഷ്കരിക്കുകയും ചെയ്തു സ്ഥാനാർഥി.സിനിമാ സംവിധായകരായ അലി അക്ബറും രാജസേനനും പര്യടന വേദികളിലും കുടുംബയോഗങ്ങളിലും ഇന്നലെ സജീവമായിരുന്നു. അതുമ്പുംകുളം, തേക്ക്തോട്, തണ്ണിത്തോട്, ചിറ്റാർ, കോട്ടമൺപാറ വഴി ആങ്ങമൂഴിയിൽ പര്യടനം പൂർത്തിയാക്കിയ കെ.സുരേന്ദ്രൻ തുടർന്ന് ശബരിമലയിലേക്കായി യാത്ര.ഇന്ന് പുലർച്ചെ സന്നിധാനത്ത് വിഷുക്കണി ദർശനത്തിന് ശേഷം മടങ്ങി, 2 മുതൽ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ പര്യടനം നടത്തും.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama