go

വരൂ, പത്തനംതിട്ടയിൽ താമസമാക്കാം; ഒട്ടേറെ വീടുകൾ പൂട്ടിക്കിടക്കുന്നു

KALLAR
SHARE

രാജ്യത്തെ രണ്ടാമത്തെ മികച്ച ശുദ്ധവായു നിലവാരവും ശുദ്ധജല ലഭ്യതയുമുള്ള പത്തനംതിട്ട ദക്ഷിണേന്ത്യയിൽ അധിവാസ യോഗ്യമായ മികച്ച പ്രദേശമാണ്. വിദേശ ഇന്ത്യക്കാർ അനേകമുള്ള ജില്ലയിലെ ഒട്ടേറെ വീടുകൾ ആൾത്താമസമില്ലാതെ പൂട്ടിക്കിടക്കുകയാണ്. കൃഷിക്കും താമസത്തിനും സ്ഥലവും ഇടത്തരം വിലനിലവാരത്തിൽ യഥേഷ്ടം ലഭ്യം.

പത്തനംതിട്ട ∙ നാലാളു കൂടുന്നിടത്ത് നമ്മൾ പത്തനംതിട്ടക്കാരുടെ എണ്ണം കുറയുകയാണ്. ജനസംഖ്യാ കണക്കിൽ കീഴ്‍പ്പോട്ടുള്ള വളർച്ചയിൽ തന്നെയാണ് പത്തനംതിട്ട. ജനനം കുറവ്. ജനിച്ചവരിൽ നല്ലൊരു പങ്കും ജീവിക്കുന്നത് കേരളത്തിനു പുറത്ത്. ഇടുക്കി, വയനാട് ജില്ലകൾക്കൊപ്പമാണ് ജനസംഖ്യയിൽ പത്തനംതിട്ടയുടെ സ്ഥാനം. ആകെ 11,97,412 പത്തനംതിട്ടക്കാരേ ഭൂമിയിലുള്ളു. അതിൽ 10,65,799 പേരും ഗ്രാമങ്ങളിലാണ്.

നഗര പ്രദേശത്ത് ആകെയുള്ളത് 1,31,613 പേർ. 41.1 ലക്ഷം പേരുള്ള മലപ്പുറം ജില്ലയുടെ നാലിൽ ഒന്നു പോലുമില്ല നമ്മൾ. നമ്മുടെ ജില്ലയിലെ നഗര പ്രദേശത്തു താമസിക്കുന്നവരുടെ നാലിരട്ടി ആളുകളുണ്ട് കോഴിക്കോട് നഗരത്തിൽ മാത്രം. ഒരു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരുടെ എണ്ണത്തിൽ ഏറ്റവും കുറവുണ്ടായ ജില്ല പത്തനംതിട്ടയാണ്.

ഒരു കിലോമീറ്റർ ചുറ്റളവിൽ 452 പേരാണ് താമസിക്കുന്നത്. 2001ൽ 468 പേരുണ്ടായിരുന്നു. കുറവുണ്ടായ മറ്റൊരു ജില്ല ഇടുക്കിയാണ്. 2001ൽ 259 പേരുണ്ടായിരുന്നത് 2011ലെ സെൻസസ് ആയപ്പോൾ 255 ആയി. നമ്മുടെ നാട്ടിൽ ആകെ വീടുകൾ 3,21,998 എണ്ണം. അതിൽ 2,87,127 എണ്ണവും ഗ്രാമത്തിൽ. 34,871 വീടുകൾ മാത്രമേ പട്ടണങ്ങളിലുള്ളു. പത്തനംതിട്ടക്കാരുടെ കാര്യങ്ങൾ ഇനിയുമുണ്ട്: 

ജനസംഖ്യയിൽ 89% ഗ്രാമങ്ങളിലാണ്. പട്ടണങ്ങളിൽ11%. ഗ്രാമങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്നത് വയനാട് ജില്ലയിലാണ്. ആകെ ജനസംഖ്യയുടെ 96,1%.  ജനസംഖ്യയിൽ സ്ത്രീകളാണ് മുന്നിൽ: 6,35,696. പുരുഷന്മാർ: 5,61,716. ജനങ്ങളിൽ 53.09% സ്ത്രീകളാണ്. ഇത്രയധികം സ്ത്രീകളുള്ള മറ്റൊരു ജില്ല കണ്ണൂരാണ് – 53.17%. 1000 പുരുഷന്മാർക്ക് 1132 സ്ത്രീകളുണ്ട്. 

1901ൽ 1000 പുരുഷന്മാർക്ക് 986 സ്ത്രീകളേ ഉണ്ടായിരുന്നുള്ളു. 1911ൽ 987, 1921ൽ 949, 1931ൽ 975, 1941 986, 1951 996, 1961 1011, 1971 1019, 1981 1056, 1991 1062, 2001 1094 എന്ന നിലയിൽ സ്ത്രീ സംഖ്യ ക്രമാനുഗതമായി വർധിച്ചു. 6 വയസിൽ താഴെയുള്ള 96,837 കുട്ടികളുണ്ട്. ഇതിൽ പക്ഷേ ആൺകുട്ടികൾക്കാണ് മേൽക്കൈ. 49,002. പെൺകുട്ടികൾ 47,835. 9,09,685 പേർ 50 വയസിൽ താഴെയുള്ളവരാണ്. 70 കഴിഞ്ഞവർ 65,765 പേരുണ്ട്. 80 കഴിഞ്ഞവർ 34,377. കൃത്യമായ ജനന രേഖയില്ലാത്തവർ 1157 പേരുണ്ട്. ജനസംഖ്യയിൽ 30,137 ഭിന്നശേഷിക്കാരാണ്. ‌

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama