go

സഹായഹസ്തം നീട്ടി പത്തനംതിട്ടയും

pathanamthitta-camp
ഒരുമയുടെ കരംനീട്ടി: ഉരുൾ പൊട്ടലും പ്രളയവും ദുരിതത്തിലാക്കിയ വടക്കൻ കേരളത്തിലെ ജനങ്ങൾക്ക് സഹായ ഹസ്തവുമായി പത്തനംതിട്ട പ്രമാടത്ത് ആരംഭിച്ച അവശ്യവസ്തു സംഭരണ കേന്ദ്രത്തിൽ സാധനങ്ങൾ തരംതിരിച്ച് വയ്ക്കുന്ന വൊളന്റിയർമാർ. ചിത്രം: മനോരമ
SHARE

പത്തനംതിട്ട ∙ ദുരിതം പെയ്തിറങ്ങിയ വടക്കൻ കേരളത്തിന് സഹായഹസ്തവുമായി ഒരു മനസ്സോടെ പത്തനംതിട്ടയും. എല്ലാം നഷ്ടപ്പെട്ട് ക്യാംപുകളിൽ കഴിയുന്നവർക്ക് മനസ്സുനിറഞ്ഞ സഹായവുമായി ഒട്ടേറെപ്പേരാണ് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെ  സംഭരണ കേന്ദ്രത്തിൽ ഇന്നലെ എത്തിയത്. വലുപ്പച്ചെറുപ്പമില്ലാതെ  തങ്ങളാൽ കഴിയുന്ന അവശ്യവസ്തുക്കൾ അവർ എത്തിച്ചു.

അരി, പലചരക്ക് സാധനങ്ങൾ, പഞ്ചസാര, തേയില, കാപ്പിപ്പൊടി, വസ്ത്രങ്ങൾ, സോപ്പ്, പേസ്റ്റ്, ബ്രഷ്, കുപ്പിവെള്ളം,  ബിസ്കറ്റ്,  പായ്, പുതപ്പ്, തോർത്ത്, മെഴുകുതിരി  തുടങ്ങി എല്ലാം എത്തുന്നുണ്ട്. സാധനങ്ങളുമായി വാഹനങ്ങൾ എത്തിയാൽ ഉടൻ സന്നദ്ധ പ്രവർത്തകർ അവ ചുമന്ന് കൗണ്ടറിൽ എത്തിക്കും. കൊണ്ടുവരുന്നവരുടെ വിലാസവും ഇനം തിരിച്ച് സാധനങ്ങളും എഴുതിയ  ശേഷമാണ് അ‌ടുക്കി വയ്ക്കുന്നത്. വിവിധ കോളജുകളിലെ  കുട്ടികളാണ് സന്നദ്ധസേവകരായി ഉള്ളത്.

ജില്ലാ കലക്ടർ പി.ബി.നൂഹ് വൈകിട്ട് സംഭരണ കേന്ദ്രം സന്ദർശിച്ചു.  ഇവിടെ  സംഭരിച്ച  സാധനങ്ങൾ ഉരുൾപൊട്ടലും പ്രളയവും ദുരിതത്തിലാക്കിയ വയനാട്ടിലേക്കാണ് അയയ്ക്കുന്നതെന്ന്  കലക്ടർ പറഞ്ഞു. പ്രമാടം ഇൻഡോർ സ്‌റ്റേഡിയം, തിരുവല്ല ഡയറ്റ് എന്നിവിടങ്ങളിലാണ് ജില്ലയുടെ സംഭരണ കേന്ദ്രങ്ങൾ തുറന്നത്.

ദുരിതാശ്വാസ ശേഖരണം

പത്തനംതിട്ട ∙ നെഹ്റു യുവകേന്ദ്ര, ടീം വി യുവ, ദിശ കേരള എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സന്നദ്ധസംഘടനകളെയെല്ലാം ഒരുമിപ്പിച്ചു പ്രളയ ദുരിതാശ്വാസ ശേഖരണ കേന്ദ്രം ആരംഭിച്ചു. താൽപര്യമുള്ള വ്യക്തികൾക്കും സംഘടനകൾക്കും കലക്ടറേറ്റിനു സമീപം പ്രവർത്തിക്കുന്ന നെഹ്റു യുവകേന്ദ്ര ഓഫിസിൽ നാളെ 5ന് മുൻപായി സാമഗ്രികൾ എത്തിക്കാം. 9539490815.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama