go

കാട്ടാനകൾ കലിപ്പിലാണ്; വാഹന യാത്രക്കാരെ വട്ടം ചുറ്റിച്ച് കാട്ടാനക്കൂട്ടം

Pathanamthitta News
SHARE

തണ്ണിത്തോട് ∙ ഈറ്റ തേടി ആറ്റുതീരങ്ങളിലേക്ക് എത്തുന്ന കാട്ടാനക്കൂട്ടം വാഹന യാത്രക്കാരെ വട്ടം ചുറ്റിക്കുന്നു. കോന്നി – തണ്ണിത്തോട് റോഡിൽ പേരുവാലിക്കും മുണ്ടോംമൂഴിക്കും ഇടയിലാണ് കാട്ടാനക്കൂട്ടം ദിവസങ്ങളായി ചുറ്റിത്തിരിയുന്നത്. കഴിഞ്ഞ ദിവസം രാത്രി തണ്ണിത്തോട് സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാർ കാട്ടാനക്കൂട്ടത്തിനു മുന്നിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കോന്നിയിലെ ആശുപത്രിയിൽ പോയി മടങ്ങുമ്പോഴാണ് രാത്രി 11.30ന് കാർ യാത്രികർ ആനക്കൂട്ടത്തിനു മുന്നിൽ ചെന്നുപെട്ടത്. മുണ്ടോംമൂഴിക്ക് സമീപം റോഡ് വശത്ത് പുല്ല് വളർന്നുനിൽക്കുന്ന ഭാഗത്ത് എത്തിയപ്പോൾ ആനക്കുട്ടിയെ കണ്ടതോടെ കാർ വിട്ടുപോകുകയായിരുന്നു. വളവ് തിരിഞ്ഞ് മുന്നോട്ടു നീങ്ങിയത് ആനക്കൂട്ടത്തിന് മുന്നിലേക്കാണ്. ആനക്കൂട്ടത്തെ കണ്ട് പെട്ടെന്ന് കാർ നിർത്തി. ആനക്കുട്ടിക്കും ആനക്കൂട്ടത്തിനും ഇടയിൽപ്പെട്ടതോടെ പരിഭ്രമിച്ചെങ്കിലും ആനക്കൂട്ടം റോഡ് വശത്തേക്ക് നീങ്ങുന്നത് കണ്ടതോടെ ധൈര്യം സംഭരിച്ച് ഡ്രൈവർ കാർ വേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു.

ഇതേ ദിവസം മുണ്ടോംമൂഴിക്കും പേരുവാലിക്കും ഇടയിൽ പല ഭാഗങ്ങളിൽ വാഹന യാത്രക്കാർ ആനക്കൂട്ടത്തെ കണ്ടിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ഇതുവഴിയുള്ള വാഹന യാത്രക്കാർ ആനക്കൂട്ടം റോഡിൽ നിന്ന് മാറുന്നത് കാത്തുനിന്നാണ് യാത്ര തുടർന്നത്. വൈകിട്ട് 3 മുതൽ രാത്രി 10 വരെയും പേരുവാലി തട്ടാത്തിക്കയത്തിന് സമീപ ഭാഗങ്ങളിലായി ആനക്കൂട്ടത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. വിവരമറിഞ്ഞ് എത്തിയ വനപാലകരും ട്രീ ടോപ് ബാംബു ഹട്ടിലെ ജീവനക്കാരും റോഡിന് സമീപം നിന്ന് ആനക്കൂട്ടത്തെ കാട്ടിലേക്ക് കയറ്റാൻ ശ്രമം നടത്തുകയും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രിയും ഇവിടങ്ങളിൽ ആനക്കൂട്ടത്തെ യാത്രക്കാർ കണ്ടിരുന്നു.വനഭാഗത്തെ റോഡിൽ കാലഭേദമില്ലാതെ ആനക്കൂട്ടമിറങ്ങുന്നത് തടയാനാകില്ലെങ്കിലും ഇവയുടെ മുന്നിൽ ചെന്നുപെട്ട് അത്യാഹിതമുണ്ടാകാതെ കാക്കേണ്ടത് അധികൃതരാണ്. റോഡിലും സമീപഭാഗത്തുമായി നിലകൊള്ളുന്ന കാട്ടുമൃഗങ്ങളെ ദൂരെ നിന്ന് കണ്ട് ഒഴിഞ്ഞുമാറാനായി സൗകര്യമൊരുക്കണമെന്ന് ആവശ്യമുയരുന്നു.

കാട് തെളിക്കൽ

മഴക്കാലമായതോടെ വനഭാഗത്തെ റോഡിലേക്ക് പാഴ്ചെടികളും പുല്ലും വളർന്നുകയറിയിട്ടുണ്ട്. തുടർച്ചയായി വളവുകളും തിരിവുകളുമുള്ള റോഡിൽ വാഹന യാത്രക്കാർ വളവുതിരിഞ്ഞെത്തുമ്പോൾ കാട്ടുമൃഗങ്ങളുടെ മുന്നിലാകും ചെന്നുപെടുന്നത്. വേനൽ കാലത്ത് കാടു കത്താതെ വനംവകുപ്പിന്റെ ചുമതലയിൽ ‘ഫയർ ലൈൻ’ തെളിക്കാറുണ്ടെങ്കിലും റോഡിൽ കാട്ടുമൃഗശല്യമുണ്ടായിട്ടും മഴക്കാലത്ത് റോഡ് വശത്തെ കാട് തെളിക്കുന്നില്ല. റോഡിന്റെ ഇരുവശത്തും നിശ്ചിത ദൂരത്തിൽ കൃത്യമായ ഇടവേളകളിൽ കാട് തെളിച്ചാൽ ദൂരെ നിന്ന് തന്നെ വാഹന യാത്രക്കാർക്ക് കാട്ടുമൃഗങ്ങളെ കാണാനാകും. ഇതുവഴി കാട്ടുമൃഗങ്ങളുടെ മുന്നിൽചെന്നുപെടാതിരിക്കാനാകും.

വെളിച്ചം ഒരുക്കൽ

വനഭാഗത്തെ റോഡിൽ വെളിച്ചമൊരുക്കണമെന്നത് യാത്രക്കാരുടെ ഏറെക്കാലമായുള ആവശ്യമാണ്. രാത്രികാലങ്ങളിലും പുലർച്ചെയുമാണ് കാട്ടാനശല്യം ഏറെയുള്ളത്. റോഡ് വശങ്ങളിലെ കാട് തെളിക്കുന്നതു വഴി മറയില്ലാതാകുകയും വെളിച്ചമുണ്ടെങ്കിൽ ദൂരെ നിന്ന് കാണാനാകുകയും ചെയ്യും.എലിമുള്ളുംപ്ലാക്കൽ മുതൽ തണ്ണിത്തോട് മൂഴി വരെയുള്ള വനഭാഗത്ത് തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് തണ്ണിത്തോട് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി തുക അടച്ചിരുന്നു. ഇതനുസരിച്ച് കെഎസ്ഇബി തെരുവ് വിളക്കുകൾക്കായി പ്രത്യേക ലൈൻ വലിച്ചിട്ട് ഒരു മാസം കഴിഞ്ഞു. എന്നാൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന ജോലികൾ പഞ്ചായത്താണ് നടപ്പാക്കേണ്ടതെങ്കിലും അതിനിയും ഉണ്ടായില്ല.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama