go

പന്തളം എൻഎസ്എസ് കോളജിൽ തലമുറകളുടെ സംഗമം

NSS College Pandalam
SHARE

പത്തനംതിട്ട ∙ സൗഹൃദങ്ങൾ, പുസ്തകങ്ങൾ, അധ്യാപകർ, ജീവിത യാത്രകൾ... കാലം അങ്ങനെ നീങ്ങിപ്പോയി. ഓരോരുത്തരും അവരുടെ പഴയ കഥകൾ പറയുമ്പോൾ പന്തളം എൻഎസ്എസ് കോളജിന്റെ ചുവരുകൾ ഗതകാല സ്മൃതികൾ വിളിച്ചുണർത്തി. വിവിധ കാലയളവുകളിലെ ഓർമയെ കൂട്ടിയിണക്കിയ ദിനമായിരുന്നു പന്തളം എൻഎസ്എസ് കോളജിൽ ശനിയാഴ്ച. കോളജ്  തുടങ്ങിയ 1950 മുതൽ 2019ലെ ബിരുദത്തിന് ചേർന്ന വിദ്യാർഥികൾ വരെ ഒരുമിച്ചെത്തിയ സംഗമം.

കോളജിന്റെ ആദ്യബാച്ചിൽ പഠിച്ച് 82 വയസെത്തിയവരും ഇപ്പോഴത്തെ ബിരുദ വിദ്യാർഥികളും വന്നതോടെ പഴമക്കാരുടെ വാക്കുകൾക്ക് കൗതുകമേറി. കോളജിന്റെ പ്രശസ്തി രാജ്യം മുഴുവൻ എത്തുന്നത് പഠിച്ച വിദ്യാർഥികളിലൂടെ തന്നെ. ചലച്ചിത്രരംഗത്ത് രാജ്യം ആദരിക്കുന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, യുജിസി ചെയർമാനും എംജി വാഴ്സിറ്റി വൈസ് ചാൻസലറുമായിരുന്ന വി.എൻ.രാജശേഖരൻ പിള്ള, എയർ ഇന്ത്യ മുൻ എംഡിയും കണ്ണൂർ വിമാനത്താവളം എംഡിയുമായ വി. തുളസീദാസ് എന്നിവർ ഇൗ കോളജിലെ പൂർവവിദ്യാർഥികളാണ്.

മന്ത്രി ജി. സുധാകരൻ, ബിജെപി ദേശീയ നേതാവ് ആർ. ബാലശങ്കർ, സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള, എൻഎസ്എസ് മുൻ ട്രഷറർ പരേതനായ പെരുമ്പുളിക്കൽ എൻ. ഗോപിനാഥൻ നായർ, കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ , കാലടി സർവകലാശാല പിവിസി ഡോ.കെ.എസ്. രവികുമാർ, നടൻ പരേതനായ നരേന്ദ്ര പ്രസാദ്, എൻഎസ്എസ് ഡയറക്ടർ ബോർഡംഗം പന്തളം ശിവൻകുട്ടി, കഴിഞ്ഞ വർഷത്തെ ഭട്നഗർ അവാർഡ് ജേതാവ് ഡോ. സുരേഷ് ബാബു തുടങ്ങി കോളജിന്റെ തലപ്പൊക്കം ഉയർത്തിപ്പിടിച്ച പ്രമുഖർ ഏറെ.

1950ൽ ഏതാനും കോഴ്സുകളുമായി തുടങ്ങിയ കോളജ് സപ്തതി ആഘോഷത്തിനൊരുങ്ങുന്നത് വിശാലമായ പഠനസാധ്യതകൾ തുറന്നിട്ടാണ്. 16 ബിരുദ കോഴ്സുകൾ, ഏഴ് ബിരുദാനന്തര ബിരുദ കോഴ്സുകൾ, മൂന്ന് വകുപ്പുകളുടെ ഗവേഷണവിഭാഗം എന്നിവ പ്രവർത്തിക്കുന്നു. 2014ൽ നാക് എ ഗ്രേഡ് അക്രഡിറ്റേഷൻ ലഭിച്ചു. പ്രിൻസിപ്പൽ ഡോ. ജി. പ്രമോദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നിരൂപകനും പൂർവ വിദ്യാർഥിയുമായ മധു ഇറവങ്കര ഉദ്ഘാടനം ചെയ്തു. അലംനൈ അസോസിയേഷൻ സെക്രട്ടറി ഡോ.പി. വിനോദ് പ്രസംഗിച്ചു. ആദ്യത്തെ ബാച്ചിൽ പഠിച്ച ഭാനുമതിയമ്മയെ പ്രിൻസിപ്പൽ ആദരിച്ചു. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama