go

ക്യാംപുകളിൽ അനർഹരെങ്കിൽ നടപടി; താമസിക്കുന്നവർക്കു ഭക്ഷണവും മരുന്നും...

pta-pb-nuh
കലക്ടർ പി.ബി. നൂഹ്
SHARE

പത്തനംതിട്ട∙ ദുരന്ത നിവാരണത്തിന്റെ പതിനെട്ട് അടവും പഠിപ്പിച്ചാണ് കഴിഞ്ഞ മഹാ പ്രളയം കടന്നു പോയത്. ഇത്തവണ മാനത്തു മഴക്കാറു കണ്ടപ്പോഴേ ജില്ലാ ഭരണകൂടം ഒരുങ്ങി. പഴുതടച്ച തയാറെടുപ്പുകൾ. വനം മന്ത്രി കെ.രാജുവിന്റെ മുഴുവൻ സമയ മേൽനോട്ടം. കലക്ടർ കപ്പിത്താനായി, റവന്യുവും പൊലീസും ആരോഗ്യവും ദുരന്തനിവാരണവും കെഎസ്ഇബിയുമെല്ലാം പടയ്ക്കൊരുങ്ങി. മഴ കലിയുടെ ഏതു രൂപം ആർജിച്ചാലും ജനം സുരക്ഷിതരായിരിക്കുമെന്ന ഉറപ്പാണ് ജില്ലാ ഭരണകൂടത്തിനു നൽകാനുള്ളത്.

ദുരിതാശ്വാസ ക്യാംപുകളിൽ ജനങ്ങളെ സുരക്ഷിതരാക്കി പ്രളയത്തിന്റെ ഒരു ഘട്ടം അപകടം കൂടാതെ മറികടന്നതിന്റെ ആശ്വാസത്തിലാണ് കലക്ടർ പി.ബി.നൂഹ്. ഇതിനിടെ മാറിമറിയുന്ന കാലാവസ്ഥാ പ്രവചനം. യെലോ അലർട് ഉണ്ടായിരുന്ന പത്തനംതിട്ടയിൽ പൊടുന്നനെ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു കഴിഞ്ഞു. തീരുമാനങ്ങൾ തിടുക്കത്തിലാണ്, വെല്ലുവിളികളും പരാതികളും പിന്നാലെയുണ്ട്. മനസ്സിരുത്തി പഠിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കലക്ടർ. ജില്ലയുടെ ദുരന്ത നിവാരണ ദൗത്യത്തെക്കുറിച്ചു പി.ബി.നൂഹ് പറയുന്നു.

∙മഹാപ്രളയത്തിന്റെ ഭീതിയിൽ കഴിയുന്ന ജനങ്ങൾക്കു മുന്നിൽ ജലനിരപ്പ് ഉയരുമ്പോൾ കാര്യങ്ങൾ കൈവിട്ടു പോകാതെ പിടിച്ചു നിർത്തിയത് എങ്ങനെ? 

കഴിഞ്ഞ പ്രളയം വലിയ പാഠമായിരുന്നല്ലോ. വസ്തുതകൾ ജനങ്ങളിലേക്ക് സമയാസമയങ്ങളിൽ എത്തിക്കാൻ ശ്രമിച്ചു. ഫെയ്സ്ബുക് ലൈവിലൂടെ ദിവസവും ജനങ്ങളുമായി സംവദിച്ചു. വാർത്താ മാധ്യമങ്ങളിലൂടെ മഴയുടെയും പ്രളയത്തിന്റെയും യഥാർഥ ചിത്രം നൽകി. പെരുന്തേനരുവി ജലസംഭരണി നിറഞ്ഞപ്പോൾ തന്നെ തിരുവല്ലയിൽ 5000 പേരെ താമസിപ്പിക്കാൻ കഴിയുന്ന ക്യാംപുകൾ ഒരുങ്ങിയിരുന്നു. ആ തീരുമാനം തെറ്റിയില്ല.

∙ക്യാംപുകളിൽ അനർഹർ കടന്നു കൂടുന്നതായി റിപ്പോർട്ട് ഉണ്ടല്ലോ? 

അക്കാര്യം പരിശോധിക്കാൻ 2 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അവർ എല്ലാ ക്യാംപുകളിലും പരിശോധന നടത്തും. ക്യാംപിൽ 24 മണിക്കൂർ താമസിക്കാത്തവരെ അംഗങ്ങളായി കരുതാൻ കഴിയില്ല. ആനുകൂല്യങ്ങൾക്കു വേണ്ടി പട്ടികയിൽ പേരെഴുതുന്നവരാകാം. ആർക്കും ആനുകൂല്യം കൊടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. അതിനുള്ള നഷ്ടങ്ങൾ ജില്ലയിൽ ഉണ്ടായിട്ടില്ല. പട്ടികയിലെ അനർഹരെ മുഴുവൻ മാറ്റും. എല്ലാ ക്യാംപുകൾക്കും 2 ഓഫിസർമാരെ തീരുമാനിച്ചിട്ടുണ്ട്.

8 ക്യാംപുകൾക്ക് ഒരു സെക്ടറൽ ഓഫിസറും ഉണ്ടാകും. ഇവരുടെ മേൽനോട്ടത്തിലാകും പട്ടിക തയാറാക്കുക. ക്യാംപിൽ താമസിക്കുന്നവർക്കു ഭക്ഷണവും മരുന്നും നൽകും. അല്ലാതെ പട്ടികയിൽ പേരുള്ളവർക്ക് ഒരു സഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. അങ്ങനെ പ്രഖ്യാപിച്ചാൽ തന്നെ അനർഹരെ ഒഴിവാക്കി മാത്രമേ നൽകൂ. 

∙കഴിഞ്ഞ പ്രളയ കാലവും ഈ മഴക്കാലവും തമ്മിലുണ്ടായ കാര്യമായ മാറ്റങ്ങൾ എന്തെല്ലാമാണ്? ഒരുക്കങ്ങളുടെ കാര്യത്തിൽ എങ്ങനെയാണ് മാറിയത്? 

25 സ്ഥലങ്ങളിൽ മഴ അളക്കുന്നുണ്ട്. മഴയുടെ അളവും ഡാമുകളിലെ ജലനിരപ്പുമായി താരതമ്യം ചെയ്യുമ്പോൾ പ്രളയത്തിന്റെ തീവ്രത പ്രവചിക്കാൻ കഴിയും. ഡാമിലെ വെള്ളം വരുന്നത് പമ്പയിലാണ്. അച്ചൻകോവിലാറ്റിലും മണിമലയാറ്റിലും ഡാം വെള്ളമില്ല, മഴവെള്ളം മാത്രമാണ്. മഴയുടെ പ്രവചനം സമയാസമയങ്ങളിൽ കാലാവസ്ഥ വകുപ്പിൽ നിന്നു ലഭിക്കുന്നുണ്ട്. ഡാമുകൾ സ്ഥിതി ചെയ്യുന്ന കേന്ദ്രങ്ങളുമായുള്ള ആശയ വിനിമയ സംവിധാനം മെച്ചപ്പെടുത്തി.

ഓരോ മണിക്കൂറിലും വിവരങ്ങൾ രേഖപ്പെടുത്താൻ തുടങ്ങി. 3 തന്ത്ര പ്രധാന കേന്ദ്രങ്ങളിൽ മൽസ്യബന്ധന ബോട്ടുകൾ എത്തിച്ചിട്ടുണ്ട്. പന്തളത്തും കോഴഞ്ചേരിയിലും തിരുവല്ലയിലും. ദേശീയ ദുരന്ത നിവാരണ സേന അവരുടെ ബോട്ടുമായി റാന്നിയിലുണ്ട്. സൈന്യം അവരുടെ ബോട്ടുമായി കോഴഞ്ചേരിയിലും തിരുവല്ലയിലും ക്യാംപ് ചെയ്യുന്നു. മുന്നൊരുക്കങ്ങളിൽ ഇപ്പോൾ ജില്ല വളരെ മുന്നിലാണ്. 

ലൈഫ് ജാക്കറ്റും ലൈഫ്ബോയയും എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഫയർ സ്റ്റേഷനുകളിലും എത്തിച്ചിട്ടുണ്ട്. താലൂക്കുകളിൽ സുരക്ഷ സാമഗ്രികൾ സൂക്ഷിച്ചിട്ടുണ്ട്. കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നു. ചിറ്റാർ, സീതത്തോട് മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണി കണക്കിലെടുത്ത് എഡിഎമ്മിന്റെ നേതൃത്വത്തിൽ യോഗം വിളിച്ചിരുന്നു.

അവിടത്തെ ജനങ്ങളോടു മാറി താമസിക്കാനും ആവശ്യപ്പെട്ടു. എന്നാൽ, വളരെ കുറച്ചു പേർ മാത്രമേ ഈ അഹ്വാനം സ്വീകരിച്ചുള്ളു. പേടിക്കേണ്ട സാഹചര്യം ഇല്ലെന്ന നിലപാടാണ് ജനപ്രതിനിധികളും ജനങ്ങളും അവിടെ സ്വീകരിച്ചത്. എങ്കിലും ജില്ലാ ഭരണകൂടം എല്ലാ സുരക്ഷാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ട്. 

∙നമ്മൾ പൂർണമായും സുരക്ഷിതരാണോ ഇപ്പോൾ? 

മഴ ശക്തമായാൽ ജില്ല ഭയപ്പാടിൽ തന്നെ കഴിയണം. കാരണം, ജല നിരപ്പ് ഉയരുന്നത് വളരെ വേഗമാണ്. തോടുകളുടെയും പുഴകളുടെയും അടിത്തട്ടിൽ ആഴം കുറഞ്ഞതാകാം കാരണം. ജലം ഒഴുകിപ്പോകാനുള്ള വഴികൾ അടഞ്ഞു കിടക്കുകയാണ്. നമ്മുടെ കനാലുകൾ ആഴം കൂട്ടി അഴിമുഖം തുറക്കേണ്ടത് ആവശ്യമാണ്. ജലം പരന്നൊഴുകിയിരുന്ന സ്ഥലങ്ങൾ ഇന്ന് ഇല്ലാതായതും പ്രശ്നമാണ്. ഒരു ദിവസം മഴ നിർത്താതെ പെയ്താൽ നമ്മൾ വെള്ളപ്പൊക്ക ഭീഷണിയിലാകും.

∙ദുരിതാശ്വാസ പ്രവർത്തനങ്ങൾ എങ്ങനെ? 

സാധന സാമഗ്രികൾ നമ്മുടെ ആവശ്യത്തിന് ഉണ്ട്. എന്തിനും ഏതിനും സഹായിക്കാൻ വിദ്യാർഥികളുടെ ഒരു വലിയ സംഘം തന്നെ ജില്ലയ്ക്കുണ്ട്. 500 പേരെ ആവശ്യപ്പെട്ടപ്പോൾ മൂവായിരത്തോളം വിദ്യാർഥികളാണ് പ്രമാടത്തെ റിലീഫ് കേന്ദ്രത്തിൽ എത്തിയത്. ജില്ലയെ സംബന്ധിച്ചു പോസിറ്റീവായ കാര്യമാണിത്. ക്യാംപുകളിൽ സഹായിക്കാനും നമ്മുടെ ചെറുപ്പക്കാർ സമയം കണ്ടെത്തുന്നു. അവധി പ്രഖ്യാപിക്കുമ്പോൾ തന്നെ കുട്ടികൾ റിലീഫ് ക്യാംപിൽ പ്രവർത്തിക്കാനെത്തുന്നതു സന്തോഷം നൽകുന്ന കാര്യമാണ്. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama