go

ആശങ്കയ്ക്കു വേലിയിറക്കം

pathanamthitta-muttam-colony-water
മുട്ടം കോളനിയിലെ വെള്ളക്കെട്ട്
SHARE

പന്തളം ∙ മഴയുടെ ശക്തി കുറഞ്ഞ് അച്ചൻകോവിലാറ്റിലെ ജലനിരപ്പു താഴ്ന്നതോടെ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരുടെ ആശങ്കയ്ക്കും വേലിയിറക്കം. എന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമിറങ്ങാൻ താമസിക്കുന്നതു മൂലം ക്യാംപുകളിൽ നിന്നു വീടുകളിലേക്കു മടങ്ങാൻ കഴിയാത്ത അവസ്ഥയാണ്. പൊലീസ്, അഗ്നിശമന സേന, റവന്യു, ആരോഗ്യ വകുപ്പുകളും ജനമൈത്രി പൊലീസും ജനപ്രതിനിധികളും സന്നദ്ധരായി രംഗത്തുണ്ട്. പ്രളയത്തെ നേരിടാൻ കൊല്ലം സ്വദേശികളായ ഡോണിന്റെയും ജോസഫിന്റെയും നേതൃത്വത്തിൽ ബോട്ടുകൾ സഹിതം 14 മത്സ്യതൊഴിലാളികളും സജ്ജമാണ്.

pathanamthitta-children-drawing
പൂഴിക്കാട് ഗവ. യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലെ വിരസതയകറ്റാൻ അതേ സ്കൂളിലേ തന്നെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ജഗൻ ചിത്രരചനയിൽ ഏർപ്പെട്ടപ്പോൾ.

വെള്ളം കയറിയതും വെള്ളപ്പൊക്ക ഭീഷണി ഉള്ളതുമായ ഇടങ്ങളിലെ 203 കടുംബങ്ങളെ 5 ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റിപ്പാർപ്പിച്ചു. മുടിയൂർക്കോണം എംടിഎൽപിഎസ്, മാർത്തോമ്മാ പാരിഷ് ഹാൾ, മങ്ങാരം എംഎഎസ്എം എൽപിഎസ്, ചേരിക്കൽ എസ്‌വി എൽപിഎസ്, പൂഴിക്കാട് ഗവ. യുപി എസ് എന്നീ കേന്ദ്രങ്ങളിലായി 145 പുരുഷന്മാരും , 229 സ്ത്രീകളും, 78 കുട്ടികളുമടക്കം 452 പേർ താമസമുണ്ട്. ക്യാംപുകളിലെ താമസം കുറ്റമറ്റ രീതിയിൽ നടത്തി വരുന്നതായി റവന്യു അധികൃതർ പറഞ്ഞു.

കുടുംബശ്രീ വക ഭക്ഷണം

പൂഴിക്കാട്ട് ക്യാംപിൽ റവന്യു വകുപ്പിന്റെ സഹായങ്ങൾക്കു പുറമേ കുടുംബശ്രീകളുടെ നേതൃത്വത്തിൽ മൂന്നു നേരം ഭക്ഷണം നൽകുന്നുണ്ടെന്നു നഗരസഭാംഗങ്ങളായ പന്തളം മഹേഷ്, നിഷാ ജോൺ എന്നിവർ പറഞ്ഞു. ക്യാംപ് അവസാനിക്കുന്നതു വരെ ഭക്ഷണം വിതരണം ചെയ്യും.

നാഷനൽ സർവീസ് സ്കീം സജീവം

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ സജീവമായി പന്തളം എൻഎസ്എസ് കോളജ് നാഷനൽ സര്‍വീസ് യൂണിറ്റ്. പ്രോഗ്രാം ഓഫിസർ ഹരിത. ആർ . ഉണ്ണിത്താന്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റിലെ 100 പ്രവർത്തകരാണ് രംഗത്തുള്ളത്. കോളജ് കവാടത്തിലെ കലക്‌‌ഷൻ സെന്ററിൽ ലഭിക്കുന്ന സാമഗ്രികൾ ശേഖരിച്ചു വയനാട്ടിൽ എത്തിക്കുകയാണ് ലക്ഷ്യം.കൂടാതെ കുട്ടികളെ സംഘമായി തിരിച്ചു നഗരത്തിലെ വ്യാപാരശാലകളിലും സ്ഥാപനങ്ങളിലും സംഭാവനകൾ സ്വീകരിക്കാൻ നിയോഗിച്ചിട്ടുണ്ട്.

കോളജിലെ 1,500 വിദ്യാർഥികളോടും സഹായം അഭ്യർഥിച്ചിട്ടുണ്ട്. സൂപ്പർ മാർക്കറ്റുകളില്ലും മറ്റും സാധനങ്ങൾ സ്വീകരിക്കാൻ പെട്ടികളും സ്ഥാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെ കേന്ദ്രം പ്രവർത്തിക്കും. പന്തളം, പന്തളം തെക്കേക്കര, തുമ്പമൺ എന്നീ കൃഷിഭവന്റെ പരിധിയിൽ 34 ലക്ഷം രൂപയുടെ കൃഷി നാശം സംഭവിച്ചതായി കൃഷിഭവൻ അധികൃതർ പറഞ്ഞു. ഇന്നലത്തെ കണക്കനുസരിച്ചു പന്തളം നഗരസഭയിൽ മാത്രം 12 ലക്ഷം രൂപയുടെ നഷ്ടം വീണ്ടും സംഭവിച്ചു. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama