go

അവധിക്കു കാണാം, അടുത്തുണ്ട് കാഴ്ചകൾ

pathanamthitta-poothenaruvi
പെരുന്തേനരുവി വെള്ളച്ചാട്ടം.
SHARE

പത്തനംതിട്ട ∙ ഓണം പടിവാതിലിലെത്തുമ്പോൾ കാഴ്ചകളുടെ പൂരമൊരുക്കി പത്തനംതിട്ട മാടിവിളിക്കുന്നു; മൊബൈലും ടിവിയുമൊക്കെ മാറ്റിവച്ച് പ്രകൃതിയുടെ മനോഹാരിതയിലേക്കു കണ്ണു തുറക്കാൻ. പ്രകൃതി സൗന്ദര്യത്തിന്റെ സുന്ദര കാഴ്ചകളാണ് എവിടെയും. ഇന്നു മുതൽ 8 ദിവസം അവധിയാണ്. കുടുംബവും കുട്ടികളും കൂട്ടുകാരുമൊക്കെയായി ഓണം അടിച്ചുപൊളിക്കാം. അടവിയും ഗവിയും മണ്ണടിയും മാത്രമല്ല, കാണാൻ ഇനിയുമുണ്ട് സ്ഥലങ്ങളേറെ. 

ആകാശക്കാഴ്ചയ്ക്ക് ചുട്ടിപ്പാറ

നമ്മുടെ പത്തനംതിട്ട നഗരത്തെ ആകാശത്തു നിന്നു കാണാൻ ചുട്ടിപ്പാറയോളം നല്ല സ്ഥലം വേറെയില്ല. അടുത്തെങ്ങും വിമാനത്താവളം ഇല്ലാത്തതിനാൽ, ആകാശക്കാഴ്ചയ്ക്കു ചുട്ടിപ്പാറ കയറുന്നതാവും നല്ലത്. നല്ല വ്യായാമം കിട്ടും. കുറച്ചു കിതപ്പുണ്ടാകും, കയ്യിൽ വെള്ളം കരുതണം. കയറ്റത്തെക്കുറിച്ചു ചിന്തിക്കരുത്, കാണാൻ പോകുന്ന കാഴ്ചയെക്കുറിച്ചു മാത്രമാകണം മനസ്സിൽ, അങ്ങനെയെങ്കിൽ ചുട്ടിപ്പാറ നിങ്ങളെ ഞെട്ടിക്കും. പുൽമേടുകളും പാറക്കൂട്ടങ്ങളും.

ഒരിക്കലും  വറ്റാത്ത കിണറും ഗുഹാക്ഷേത്രവും ചുട്ടിപ്പാറയ്ക്ക് മുകളിലുണ്ട്. ചുട്ടിപ്പാറയിൽ എത്തുന്നതിന്  മുൻപായി വനത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന കാവു ദർശിക്കാം. കാവിലൂടെ ചുട്ടിപ്പാറയിൽ പ്രവേശിക്കാം. ഇവിടേക്കു നഗരസഭ വഴിയും വെളിച്ചവും ഒരുക്കിയിട്ടുണ്ട്. നഗരത്തിൽ നിന്ന് കണ്ണങ്കര വഴി ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ചു‌ട്ടിപ്പാറയിലെത്താം. 

കീഴ്‍വായ്പൂര് മീൻമുട്ടി വെള്ളച്ചാട്ടം

എഴുമറ്റൂർ പഞ്ചായത്തിലെ പെരുമ്പാറയിൽനിന്ന് ഉത്ഭവിക്കുന്ന പാറത്തോട്ടിലാണ് മീൻമുട്ടി വെള്ളച്ചാട്ടം. മല്ലപ്പള്ളി പഞ്ചായത്തിലെ മണ്ണുമ്പുറത്തിനു സമീപത്താണ് ഏകദേശം 50 അടിയോളം ഉയരത്തിൽനിന്നു വെള്ളം 3 തട്ടുകളായി താഴേക്കു പതിക്കുന്നത്. ഏറ്റവും താഴത്തെ തട്ടിലാണ് ഉയരക്കൂടുതൽ.മഴക്കാലമായതിനാൽ വെള്ളവും ഒഴുക്കും ഉണ്ട്. 

കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിലെ കീഴ്‌വായ്പൂര് സ്റ്റോർമുക്ക്–എഴുമറ്റൂർ റോഡിലൂടെ രണ്ടര കിലോമീറ്റർ സഞ്ചരിച്ച് മണ്ണുമ്പുറത്തെത്താം. ഇവിടെനിന്നു  നാരകത്താനി റോഡിലേക്കുള്ള വശത്താണ് വെള്ളച്ചാട്ടം. പടുതോട്–എഴുമറ്റൂർ റോഡിലെ നാരകത്താനിയിൽ നിന്നും ഇവിടേക്കെത്താം

ഗുഹാക്ഷേത്രം, ജലാശയം

കവിയൂർ ഗുഹാക്ഷേത്രവും പാറയും പോളച്ചിറ ജലാശയവും കണ്ടിട്ടുണ്ടോ? ഒരു മൈതാനം പോലെ വിശാലമായ പാറപ്പുറം. കാറ്റും കാഴ്ചയും ഒന്നിച്ച് അനുഭവിക്കാവുന്ന സ്ഥലം. 1200 വർഷം പഴക്കമുള്ള ഗുഹാക്ഷേത്രമാണ് ഇവിടത്തെ ആകർഷണീയത. 10 അടി സമചതുരത്തിൽ പാറ തുരന്നു നിർമിച്ച ക്ഷേത്രം. സാധാരണ ക്ഷേത്രം പോലെ ഗർഭഗൃഹമുണ്ട്, ദ്വാരപാലകരുണ്ട്, പ്രധാന പ്രതിഷ്ഠയായ ശിവനു പുറമേ ഗണപതിയുണ്ട്. മുനിയുടെ പ്രതിമ, കുളം തുടങ്ങിയവയുമുണ്ട്. പല്ലവ രാജാക്കന്മാരുടെ ശിൽപകലയിൽ നിർമിച്ചതെന്നു കരുതുന്ന ക്ഷേത്രമാണിത്.

പുരാവസ്തുവകുപ്പ് ക്ഷേത്രവും പാറയും സംരക്ഷിച്ചുപോരുന്നു. ദേവസ്വം ബോർഡ് വക ക്ഷേത്രത്തിൽ നിത്യപൂജയുമുണ്ട്. തിരുവല്ല-കുമ്പഴ സംസ്ഥാനപാതയിൽ തിരുവല്ലയിൽ നിന്നു 4 കിലോമീറ്റർ തോട്ടഭാഗം. അവിടെനിന്നു ചങ്ങനാശേരി റോഡിൽ എൻഎസ്എസ് സ്കൂൾ ജംക്‌ഷനിൽ‌ നിന്ന് 750  മീറ്ററാണ് ദൂരം. ഇതിനു സമീപത്താണ് പോളച്ചിറ ജലാശയവും ദേശീയ മത്സ്യവിത്തുൽപാനകേന്ദ്രവും. തീരങ്ങളിൽ കൂടി നടന്നുകാണാൻ കഴിയും. 

കുളിരു പകരും പെരുന്തേനരുവി

മുത്തുമണികൾ പോലെ പാറക്കൂട്ടങ്ങളിൽ തട്ടി ചിന്നിച്ചിതറുന്ന ജലകണികകൾ. കണ്ണുകൾക്കും മനസിനും കുളിർമയേകുന്ന പ്രകൃതി സൗന്ദര്യം. പമ്പാനദിയിൽ ജലവിതാനം ഉയർന്നതോടെയാണ് വെള്ളം നുരഞ്ഞു പതഞ്ഞ് ഒഴുകാൻ തുടങ്ങിയത്.  പമ്പാനദിയുടെ മധ്യത്തിലായി പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയതാണ് വെള്ളച്ചാട്ടം.

വഴുക്കലും പാറയിൽ അപകട കെണികളും ഉള്ളതിനാൽ കരുതലോടെ മാത്രമേ അരുവിക്കടുത്തേക്കു പോകാവൂ. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മന്ദമരുതി ജംക്‌ഷനിൽ നിന്നു തിരിഞ്ഞ് വെച്ചൂച്ചിറ, നവോദയ വഴി എത്താം. എരുമേലി–പമ്പ പാതയിലെ മുക്കൂട്ടുതറ നിന്നു തിരിഞ്ഞ് ചാത്തൻതറ, ഇടത്തിക്കാവ് വഴിയും എത്തിച്ചേരാം. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama