go

സദ്യയ്ക്ക് വിഭവങ്ങളൊരുക്കി വിപണി

pathanamthitta-vegitable
SHARE

പത്തനംതിട്ട ∙ ‌‌‌ഓണം പടികടന്നെത്തി. പൂവിളിക്കും കലാകായിക മേളകൾക്കും പുറമെ രുചിയുടെ ആഘോഷം തീർക്കുന്ന ഓണസദ്യകളുടെ ദിവസങ്ങളാണ് ഇനി. സദ്യ ഒരുക്കുന്നതിന് പച്ചക്കറികളും പലവ്യഞ്‍ജനങ്ങളും വില ഉയരുന്നതിന് മുൻപേ സ്വരുക്കൂട്ടാനുള്ള തിരക്കിലാണ് നാട്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഓണവിപണി സജീവമായി. വെള്ളപ്പൊക്കം ബാധിച്ചെങ്കിലും വിപണിയിൽ നാടൻ പച്ചക്കറികൾ ധാരാളം എത്തുന്നുണ്ട്.

വിഭവങ്ങളേറെ; വിലയിൽ എരിവ്

കാര്യമായ പരാതികൾ പൊതുവിപണികളിൽ നിന്ന് ഉയരുന്നില്ലെങ്കിലും വിലയുടെ കാര്യത്തിൽ ദിവസവും ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നുണ്ട്. എന്നാൽ ഇഞ്ചിയുടെ കാര്യത്തിൽ വില അൽപം എരിയുന്നുണ്ടോ എന്ന് സംശയം. നാടൻ ഇഞ്ചി കിലോ വില 170– 210 ൽ എത്തിനിൽക്കുന്നു. കാൽ കിലോയുടെ ഓരോ കൂട്ടമായാണ് പലയിടത്തും വിൽപന.

ഇളയത്, മൂത്തത് എന്നീ വേർതിരിവുകളും വിലയുടെ അളവുകോലാകുന്നു. നാളികേരം വലുപ്പമനുസരിച്ച് കിലോയ്ക്ക് വില 50ൽ തുടങ്ങുന്നു. സവാള വില 22ൽ നിന്ന് ഇരട്ടിയായി 40 വരെ എത്തിയിട്ടുണ്ട്. ജില്ലയിലേക്ക് പുറത്തുനിന്ന് നാടൻ ഏത്തക്കുലകളുടെ വൻശേഖരം തന്നെ മൊത്തവ്യാപാരകേന്ദ്രങ്ങളിൽ ഇന്നലെ മുതൽ എത്തിത്തുടങ്ങി. 

ഗ്രാമവിപണി സജീവം

ഗ്രാമപ്രദേശങ്ങളിൽ പഞ്ചായത്തും കൃഷിഭവനുകളും കുടുംബശ്രീയും സഹകരണ ബാങ്കുകളും വിപണിയിലേക്കിറങ്ങിക്കഴിഞ്ഞു. ഏത്തക്കുല , പഴം പച്ചക്കറികൾ മുതൽ വാഴക്കൂമ്പ് വരെ ഇവിടെ വിലക്കുറവിൽ ലഭിക്കും. നാടൻ പച്ചക്കറികൾ പ്രാദേശിക കർഷകരിൽ നിന്ന് 10 ശതമാനം വില കൂട്ടി സംഭരിച്ച് 30 ശതമാനം വരെ വിലക്കുറവിലും മറ്റ് പച്ചക്കറികൾ 20 ശതമാനം വില കൂട്ടി കർഷകരിൽ നിന്ന് സംഭരിച്ച് വിപണി വിലയെക്കാൾ 10 ശതമാനം വില കുറച്ചുമാണ് വിൽക്കുന്നത്. 

വിലക്കുറവിന്റെ ചേലിൽ ചേലകളും

വിലക്കുറവെന്ന് കേട്ടാൽ ഇഷ്ടപ്പെടാത്ത മലയാളിയുണ്ടോ? ഇതു മനസ്സിലാക്കിയ ചില ബംഗാളി വ്യാപാരികളും മലയാള നാടിനെ ഓണമുടുപ്പിക്കാൻ വിലക്കുറവെന്ന ആകർഷണവുമായി നിരത്തുകളിൽ സജീവമായി. കേരളത്തിൽ തന്നെ ഓണമാഘോഷിക്കാൻ തീരുമാനിച്ച ബംഗാളികളാണ് ഈ മേഖലയിൽ അധികവും. ഒട്ടുമിക്ക തുണിത്തരങ്ങളുടെയും വിപുലമായ ശേഖരവുമായാണ് ഇവരുടെ കാത്തിരിപ്പ്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama