go

നല്ലോണം’ ഉണ്ണേണം

Sadhya Recipe
SHARE

ഓണത്തപ്പാ കുടവയറാ..തിരുവോണക്കറിയെന്തെല്ലാം?ചേനത്തണ്ടും ചെറുപയറുംകാടും പടലവുമെരിശേരി വാഴയ്ക്കാച്ചുണ്ടുപ്പേരി മാമ്പഴമിട്ട പുളിശേരി കാച്ചിയമോരും നാരങ്ങാക്കറീം പച്ചടി കിച്ചടിയച്ചാറും...

ഓണം  പടിവാതിൽക്കൽ എത്തിക്കഴിഞ്ഞു. ഓണത്തിന്റെ ഏറ്റവും പ്രധാന ഘടകമാണ് ഓണസദ്യ. ഈ പാട്ടുംപാടി കൂട്ടുകാരുമൊത്ത് ചിരട്ടപ്പാത്രത്തിൽ മൺചോറും പച്ചിലക്കറികളും ഒരുക്കി വട്ടയിലയിൽ സദ്യ വിളമ്പി കഴിച്ചിരുന്ന കുട്ടിക്കാലം ഏതൊരു മലയാളിയുടെയും എക്കാലത്തെയും പ്രിയപ്പെട്ട ഓർമകളിലൊന്നാണ്. അങ്ങനെ കഴിക്കുമ്പോഴും ഇലയിലുള്ളതെല്ലാം വിളമ്പിയ ആൾ കാണാതെ പിന്നിൽ കളഞ്ഞ് ഇല വടിച്ചു വൃത്തിയാക്കി വയറു നിറയെ സദ്യ കഴിച്ചതായി കാണിച്ചിരുന്നവർക്ക് പക്ഷേ ഇന്നും വാഴയിലയിൽ വിളമ്പുന്ന ഓണസദ്യ വൃത്തിയായി കഴിച്ചു തീർക്കാനറിയില്ല.

വിളമ്പുന്ന മുറയ്ക്ക് വെറുതെ കഴിക്കാം എന്നല്ലാതെ ഏത് ഏതിനൊപ്പം എങ്ങനെ കഴിക്കണം എന്നത് മിക്കവർക്കും ഇന്നും വലിയ ഒരു സമസ്യമാണ്. എന്തിനാണ് ഇത്രയധികം കറികൾ എന്നു ചോദിക്കുന്നവരും കുറവല്ല. അങ്ങനെ ഇഷ്ടാനുസരണം വാരിവലിച്ചു കഴിക്കാനുള്ളതല്ല ഓണസദ്യ. അതിനു ചില ചിട്ടവട്ടങ്ങളൊക്കെ ഉണ്ട്. ഓണസദ്യ ഒരുക്കാൻ ഏകദേശമൊക്കെ എല്ലാവർക്കും അറിയാം. എന്നാൽ, ചിട്ടയോടെ ഓണസദ്യ കഴിക്കാൻ അറിയില്ലെന്നു മാത്രം. അത്തം തുടങ്ങുമ്പോൾ തന്നെ തുടങ്ങുന്ന സദ്യയുടെ ഒരുക്കങ്ങളുടെ ‘കലാശക്കൊട്ടാണ് തിരുവോണ നാളിലെ ഓണസദ്യ’. പഴമക്കാർ ഓണസദ്യ വിളമ്പുന്നതിനും കഴിക്കുന്നതിനും പ്രത്യേക ക്രമം അനുശാസിച്ചിരുന്നു.

സദ്യ വിളമ്പുന്ന ക്രമം

ഓണത്തിന് നമ്മൾ ഏറ്റവും കൂടുതൽ തയാറെടുപ്പ് നടത്തുന്നതും ഓണസദ്യ ഒരുക്കാനാണ്. നിലത്ത് പായ വിരിച്ച് അതിൽ തൂശനിലയിട്ട് വേണം സദ്യ വിളമ്പാൻ. വിളമ്പുന്നതിനും ഉണ്ണുന്നതിനും ചില ക്രമവും ചിട്ടകളുമുണ്ട്. പതിനഞ്ച് കൂട്ടം കറികളെങ്കിലും സദ്യക്ക് ഉണ്ടാകും. സദ്യക്ക് ഇലയിടുന്നതു മുതൽ തുടങ്ങുന്നു സദ്യയുടെ ക്രമങ്ങൾ. തൂശനിലയുടെ തലഭാഗം ഉണ്ണുന്നയാളിന്റെ ഇടതുവശത്തായിരിക്കണം വരേണ്ടത്. 

ഓരോ കറികളും വിളമ്പുന്നതിന് അതിന്റേതായ രീതിയുണ്ട്. വാഴയ്ക്ക ഉപ്പേരി, ശർക്കരവരട്ടി എന്നിവ വാഴയിലയുടെ ഇടതുഭാഗത്താണ് വിളമ്പുക. അച്ചാറുകളും, ഇഞ്ചി, പുളി തുടങ്ങിയ വിഭവങ്ങൾ ഇലയുടെ ഇടത്തേ മൂലയിലും വിളമ്പുന്നു. പഴം ഇടതുവശത്ത് ഇലയുടെ താഴെയായി വയ്ക്കുന്നു. അതിനുശേഷം പച്ചടി, കിച്ചടി, ഇഞ്ചി എന്നിവയും മധ്യ ഭാഗത്തു നിന്നു വലതുഭാഗത്തേക്ക് അവിയൽ, തോരൻ, കാളൻ, ഓലൻ എന്നിവയും വിളമ്പുന്നു. അതിനുശേഷം ഇലയിലേക്ക് ചോറ് വിളമ്പുന്നു. 

ചോറിനുശേഷം പരിപ്പ്, പപ്പടം തുടർന്ന് സാമ്പാർ കഴിച്ച് തീരുന്ന മുറയ്ക്ക് അടപ്രഥമൻ വിളമ്പുന്നു. പഴം ചേർത്താണ് പായസം കഴിക്കേണ്ടത്. ഒന്നിലേറെ പായസങ്ങൾ സദ്യയിൽ വിളമ്പാറുണ്ട്. മധുരത്തിന്റെ മത്ത് കുറയ്ക്കാൻ അൽപം ചോറുകൂടി വിളമ്പി തൈര്, രസം എന്നിവ കൂട്ടിക്കഴിക്കുന്നു.

കഴിക്കേണ്ട വിധം

എരിവു കുറഞ്ഞ പരിപ്പ് കറിക്കൊപ്പം എരിവു കൂടിയ കൂട്ടുകറിയോ അവിയലോ തോരനോ വേണം കഴിക്കാൻ. എരിവു കൂടിയ സാമ്പാറിനൊപ്പം കഴിക്കാനുള്ളതാണ് മധുരക്കറിയും തൈര് ചേർത്ത കിച്ച‌ടികളും. അത്യാവശ്യം നല്ല അളവിൽ വയറ്റിലെത്തിയ എരിവിന് ആശ്വാസമായി വേണം പായസം കുടിക്കാൻ. പായസത്തിന്റെ മധുരം കാരണം വായ് ചെടിക്കാതിരിക്കാനാണ് അതിനോടൊപ്പം നാരങ്ങാ അച്ചാർ തൊട്ടുകൂട്ടേണ്ടത്. 

പായസം കുടിച്ചു കഴിഞ്ഞാൽ പുളിശേരിയിലേക്ക് കടക്കാം. പുളിശേരിക്കൊപ്പം വേണം മാങ്ങാ അച്ചാർ കഴിക്കാൻ. ദഹനത്തിനായി ഓലനും കഴിക്കാം. ഇനി രസം, അതിനൊപ്പം ഇഞ്ചിക്കറിയും കഴിക്കണം. ഇതോടെ സദ്യയുടെ ദഹനത്തിനുള്ള വകയായി. ഏറ്റവും ഒടുവിലായി പച്ചമോരും പാവയ്ക്കാ അച്ചാറും ഇത് വായുക്ഷോഭം ശമിപ്പിക്കും. ചുരുക്കത്തിൽ എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവർപ് എന്നീ ഷഡ് രസങ്ങളും ചേർന്നതാണ് ഓണസദ്യ. കൃത്യമായ ഈ വ്യവസ്ഥപ്രകാരമാണ് ഓണസദ്യ കഴിക്കേണ്ടത്.

ഇല മടക്കേണ്ട രീതി

ഓണസദ്യ കഴിഞ്ഞ് ഇലമടക്കുന്നതിനും പ്രത്യേകം രീതിയുണ്ട്. സദ്യ കഴിച്ചതിനു ശേഷം തൂശനിലയുടെ മുകളിൽ നിന്ന് അകത്തേക്കാണ് മടക്കേണ്ടത്. കറികൾ എല്ലാം ഒന്നാണെങ്കിലും രുചികളിൽ ചെറിയ വ്യത്യാസങ്ങൾ ചില പ്രദേശങ്ങളിൽ കാണാം. പാരമ്പര്യത്തിന്റെ ഓർമപ്പെടുത്തൽ കൂടി ആണ് ഓരോ ഓണവും ആഘോഷങ്ങളും.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama