go

മെഴുവേലിക്ക് ഓണം ഉണ്ണാൻ സ്വന്തം പാടത്തെ അരി

pathanamthitta-rice
SHARE

ഇലവുംതിട്ട ∙ കാൽ നൂറ്റാണ്ടിനു ശേഷം സ്വന്തം പഞ്ചായത്തിലെ പാടശേഖരത്തിൽ നിന്ന് കൊയ്തെടുത്ത പുന്നെല്ലരി ‘മെഴുവേലി റൈസ്’ കൊണ്ട് ഇത്തവണ മെഴുവേലിക്കാർ ഓണസദ്യയ്ക്ക് ചോറുവിളമ്പും. പരമ്പരാഗതമായി കാർഷിക ഗ്രാമമായ മെഴുവേലിയിൽ നെൽക്കൃഷി നിലച്ചുപോയിട്ട് പതിറ്റാണ്ടുകളായി. പഴയ കാർഷിക സംസ്കൃതി തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് മെഴുവേലി 12–ാം വാർഡിൽ 25 വർഷമായി തരിശു കിടന്ന കുറിയാനിപ്പള്ളി– പുന്നക്കുളഞ്ഞി പാടശേഖരത്തിൽ ഇത്തവണ വിത്തെറിഞ്ഞത്. 

കൃഷിക്ക് ചുക്കാൻ പിടിച്ചതാകട്ടെ വാർഡ് അംഗം ബി.എസ്. അനീഷ് മോനും. വാർഡിൽ രൂപീകരിച്ച സാരഥി പുരുഷസ്വയം സഹായ സംഘവും തൊഴിലുറപ്പ് തൊഴിലാളികളും പഞ്ചായത്ത് കൃഷി ഭവനും കുടുംബശ്രീയും ഇദ്ദേഹത്തിനൊപ്പം അണിനിരന്നതോടെ നെൽകൃഷി യാഥാർഥ്യമാകുകയായിരുന്നു.  മാലിന്യം നിറഞ്ഞ്, ചതുപ്പായി മാറിയ പാടശേഖരം തൊഴിലുറപ്പ് തൊഴിലാളികളാണ് പ്രാഥമികമായി കൃഷിക്കായി ഒരുക്കിയത്.

കുറിയാനിപ്പള്ളി കെ.കെ.ശരത്ചന്ദ്രബോസ്, ചിറപ്പാട്ട് പുത്തൻപുരയിൽ രാജപ്പൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള 3 ഏക്കർ പാടശേഖരമാണ് കൃഷിചെയ്യാനായി വിട്ടുകൊടുത്തത്. കടുത്ത വരൾച്ചയിൽ പാടശേഖത്തിന്റെ വശങ്ങളിൽ കുളങ്ങൾ കുത്തി അതിൽ നിന്ന് പമ്പ് ചെയ്താണ് കൃഷിക്ക് വെള്ളം എത്തിച്ചത്. വെള്ളത്തിന് ഏറെ കഷ്ടപ്പെട്ടുവെങ്കിലും നൂറുമേനി വിളവ് കൊയ്തതിന്റെ ആഹ്ളാദത്തിലാണ് കർഷകർ.

തനി നാടൻ അരി, തവിടുകളയാത്ത അരി, നാടൻ പുട്ടുപൊടി, ഇടിയപ്പപ്പൊടി, പായസം നുറുക്ക് എന്നിവയാണ് ഇവിടെ നിന്ന് ഉൽപാദിപ്പിച്ച നെല്ലിൽ നിന്ന് വേർതിരിച്ചുണ്ടാക്കിയ അരിയുൽപ്പന്നങ്ങൾ. ഇവയുടെ ആദ്യവിൽപന പഞ്ചായത്ത് പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണ കുറുപ്പ് നിർവഹിച്ചു.

പുരുഷ സ്വയംസഹായ സംഘത്തിന്റെ സാരഥികളായ ഹരികൃഷ്ണൻ, വിജിൻ വി. വിജയൻ, പി.ആർ. രമണൻ എന്നിവരുടെ നേതൃത്വത്തിലാണ് ഉൽപന്നങ്ങളുടെ വിപണനം നടത്തുന്നത്. വിഷരഹിതമായ ഭക്ഷ്യ ഉൽപന്നങ്ങൾ സ്വന്തം ഗ്രാമത്തിൽ തന്നെ കൃഷി ചെയ്ത് എടുക്കുക എന്ന ലക്ഷ്യത്തോടെ നെൽകൃഷി വിജയകരമാക്കിയ ടീമിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിയും മത്സ്യ കൃഷിയും ആരംഭിച്ചതായും വാർഡ് അംഗം ബി.എസ്.അനീഷ് മോൻ പറഞ്ഞു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama