go

വടം വലിയിൽ നിന്ന് രക്ഷപ്പെട്ട് വീണ, ‘കൈ കൊടുത്ത് പെട്ടു പോയി’ ആന്റോ...

pathanamthitta-veena-anto
സൗഹൃദപ്പൂക്കളം .... ആന്റോ ആന്റണി എംപിയും വീണാ ജോർജ് എംഎൽഎയും മനോരമയുടെ വേദിയിൽ ഓണവിശേഷങ്ങൾ പങ്കുവയ്ക്കാൻ കേരളീയ വേഷത്തിൽ എത്തിയപ്പോൾ. ചിത്രം: രാജേഷ് ബാബു
SHARE

സംഘാടകരുടെ ആവശ്യത്തിൽ എംഎൽഎ പെട്ടു. വിശാലമായൊരു ഓണച്ചിരി കൊണ്ട് വടംവലിയിൽ നിന്ന് തലയൂരി രക്ഷപ്പെടുകയാണ് വീണാ ജോർജ് ചെയ്യുന്നത്. ആന്റോ ആന്റണി എംപിക്ക് അങ്ങനെ രക്ഷപെടുന്നത് എളുപ്പമല്ല, വടത്തിലൊരു കൈ കൊടുത്തേ പറ്റൂ. ഇതാണ് ഒരാഴ്ചയായി ഇരുവരുടെയും പരിപാടി.

ഉദ്ഘാടനം സമ്മാനവിതരണമാകും വിധം 

ദിവസവും 20-25 ഓണപ്പരിപാടികൾ ഉദ്ഘാടനം ചെയ്യണം. ഉദ്ഘാടനച്ചടങ്ങിൽ നോട്ടിസിൽ പേരുവച്ചാൽ വൈകിട്ട് എത്തിയാലും മതി. സമ്മാനവിതരണം നടത്തി മടങ്ങാം. അതാണ് ഓണപ്പരിപാടി. സംഘാടകർക്ക് വലിയ പരാതിയില്ല. എപ്പോൾ ചെന്നാലും എന്തെങ്കിലും പരിപാടിയിൽ അനൗൺസ് ചെയ്ത് അങ്ങ് ഉൾപ്പെടുത്താം. അപ്പോഴാണ് വടംവലിയിലും ചാക്കിൽകയറി ഓട്ടത്തിലും സുന്ദരിക്ക് പൊട്ടുതൊടീലിലുമൊക്കെ എംഎൽഎയും എംപിയും പെട്ടുപോകുന്നത്.

വേറിട്ട വേഷം, ഓണം സ്‌പെഷൽ 

ആന്റോ ആന്റണി എംപി ഖദറിൽ അല്ലാത്തൊരു വേഷം വീട്ടുകാർ കാണുന്നത് തന്നെ അപൂർവം. സ്വന്തം മണ്ഡലത്തിൽ അങ്ങനെ ഒരു വേഷത്തിലിറങ്ങിയതും നല്ല സെറ്റുസാരിയിൽ ഓണദിനം പുറത്തിറങ്ങിയ വീണാ ജോർജിനെയും ഒരുമിച്ച് കിട്ടിയപ്പോൾ ക്യാമറകൾക്കും നല്ലൊരു ഓണക്കാഴ്ച.

പ്രളയം തിരിച്ചെത്തിച്ച ഓണനന്മകൾ

ഇരുവരും സംസാരിച്ചത് രാഷ്ട്രീയവും ഓണവുമൊക്കെയുണ്ടെങ്കിലും പ്രളയം കഴിഞ്ഞ് നാട്ടിലെ ഓണത്തിലുണ്ടായ മറ്റൊരു മാറ്റത്തെക്കുറിച്ചാണ്. നന്മയുടെ ഓണം എന്ന് പണ്ട് പറയുമായിരുന്നെങ്കിലും കരുതലിന്റെയും സ്‌നേഹത്തിന്റെയും ഓണക്കാഴ്ചയാണ് നാട്ടിലെങ്ങും കാണുന്നതെന്ന് ഇരുവരും പറഞ്ഞു.

ഓണാഘോഷത്തിന് കുറവില്ലെങ്കിലും അതിലൊരു പങ്ക് മാറ്റിവച്ച് പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് മാറ്റിവയ്ക്കുന്ന നാട്ടിലെ ക്ലബ്ബുകളും സ്‌കൂൾ വിദ്യാർഥികളുമൊക്കെ. ശരിക്കും മനസ്സുനിറഞ്ഞൊരു ഓണ ഓർമകളായിട്ടാണ് ഓണപ്പരിപാടിയിലും പങ്കെടുത്ത് മടങ്ങുന്നതെന്ന് ഇരുവരും സംസാരത്തിൽ ഓർത്തെടുക്കുന്നു.

ഓണത്തിന്റെ രാഷ്ട്രീയം 

ഓണത്തിന്റെ വരവ് നാടിന്റെ രാഷ്ട്രീയാരോഗ്യത്തിന് നല്ലതാണ് എന്നാണ് ഇരുവരും പറഞ്ഞത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളം  കണ്ട ഏറ്റവും വലിയ വാശിയേറിയ മത്സരത്തിലെ എതിർഭാഗം നിന്ന രണ്ടുപേരും ഒരുമിച്ച് പൂക്കളം തീർത്ത്, ചിരിച്ച് സംസാരിക്കുമ്പോൾ പത്തനംതിട്ടയ്ക്ക് അപൂർവമായൊരു ഓണക്കാഴ്ചയായി.

പരസ്പര സ്‌നേഹത്തിന് ഇപ്പോഴാണ് മാറ്റേറെ

മലയാളിയുടെ കൂട്ടായ്മയ്ക്കും സ്‌നേഹത്തിനും ഇഴയടുപ്പം കൂട്ടാൻ മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടിത്തമാണ് ഓണം എന്നായിരുന്നു ഇരുവരുടെയും അഭിപ്രായം. പഴയ കാലത്തെക്കാൾ ആ സ്‌നേഹം ഇപ്പോൾ നാട്ടിൽ കാണുന്നു. എല്ലാവർക്കും മറ്റുള്ളവരെ സഹായിക്കാനുള്ള മാനസികാവസ്ഥ. ഓണത്തിന് ആഘോഷത്തിനപ്പുറം അതിൽ ശ്രദ്ധിക്കുന്നു വ്യക്തികളും സംഘടനകളും.

ഓർമകളിലെ ഓണം...

സംസാരം ഓണ ഓർമകളിലേക്ക് നീങ്ങിയപ്പോൾ വീണ വീണ്ടും പത്ര പ്രവർത്തകയായി: (ആന്റോയോട്) ഇഷ്ടമുള്ള ഓണ ഓർമ ഏതാണ്?

ആന്റോ: എന്തൊക്കെ ഓണപ്പരിപാടികൾ ഉദ്ഘാടനം ചെയ്താലും ഓർമയിൽ തികട്ടി വരുന്നത് സ്‌കൂൾ കാലത്തെ ഓണം തന്നെ. സ്‌കൂൾ അടയ്ക്കാനുള്ള കാത്തിരിപ്പും പൂക്കളമൊരുക്കാൻ പൂ പറിയ്ക്കാനോടുന്നതും ഉറിയടിയും കൂട്ടുകാരുടെ വീട്ടിലെയുൾപ്പെടെ സദ്യയും ഓണക്കോടിയുമൊക്കെത്തന്നെയാണ് എന്നും ഓർക്കുന്നത്. വീണയ്‌ക്കോ?

വീണ: കുട്ടിക്കാലത്തെ ഓർമകളിൽ ആറന്മുള ഉത്തൃട്ടാതി വള്ളംകളികാണാൻ ഒരുങ്ങിയുള്ള പോക്കും വള്ളസദ്യ കഴിക്കലുമൊക്കെത്തന്നെയാണ് നിറഞ്ഞുനിൽക്കുന്നത് . ഇപ്പോഴും അതാണ് തന്റെയും കുടുംബത്തിന്റെയും ഓണദിനപരിപാടികളിൽ പ്രധാനം. ചാനൽ പ്രവർത്തകയായിരുന്നപ്പോൾ പിന്നെ ഓണ ഓട്ടമായി. തിരുവോണത്തിനും അവധിയില്ലാത്ത നാളുകൾ.

രാവിലെ ഓഫിസിൽ പോയാൽ 11.30ന് വീട്ടിൽ കുടുംബത്തിനൊപ്പം ഓണസദ്യ കഴിക്കാനായി പാഞ്ഞെത്തും. തിരിച്ച് 12.30ന് വീണ്ടും ടിവി സ്‌ക്രീനിൽ തെളിയണം. അതിന് മുൻപ് സദ്യ ഉണ്ടെന്നു വരുത്തി തിരികെ ഓടി ചാനൽ സ്റ്റുഡിയോയിലെത്തണം. ഇപ്പോൾ ജനപ്രതിനിധിയായപ്പോൾ ആ ഓട്ടം ഇരട്ടി വേഗത്തിലാണെന്നു മാത്രം. ഓണപരിപാടികളിൽ നിന്ന് ഓണപരിപാടികളിലേക്ക്.

ആന്റോ: ഈ ഓട്ടത്തിനിടയിൽ മാവേലിയുടെ വേഷം മാത്രമേ കെട്ടാനുള്ളൂ. ഖദറിട്ട മാവേലിയായി പുലർച്ചെ തന്നെ വീട്ടിൽ നിന്നിറങ്ങുന്നതാണ്. രാത്രി 12 വരെയൊക്കെയാവും തിരിച്ചെത്തുമ്പോൾ.

തിരഞ്ഞെടുപ്പാനന്തര സൗഹൃദം

തിരഞ്ഞെടുപ്പിന്റെ പോരിനിടയിൽ എതിർസ്ഥാനാർഥികളായ ഇരുവരും കണ്ടുമുട്ടിയത് ഒരിക്കൽ മാത്രമാണ് ഈസ്റ്റർ ദിനത്തിൽ. ചന്ദനപ്പള്ളി ജംക്‌ഷനിൽ ആന്റോ ആന്റണി വോട്ടു തേടി നിൽക്കുമ്പോൾ അതുവഴി കടന്നുപോയ വീണാ ജോർജ് കാറിൽ നിന്നിറങ്ങവെ ആന്റോയ്ക്ക് ഈസ്റ്റർ ആശംസ പറഞ്ഞുപോയി. പിന്നെ തിരഞ്ഞെടുപ്പു സമയത്ത് കണ്ടിട്ടേയില്ല. പിന്നീട് ഫലപ്രഖ്യാപനത്തിന് ശേഷം പല വേദികളിലും ഒരുമിച്ചെത്തി ഇരിക്കുമ്പോൾ ചെറു സംസാരം. ഓണത്തിന്റെ ഈ കൂടിക്കാഴ്ചയിലാണ് തങ്ങളുടെ ഓണം നാടിന് നൽകിയ ജനപ്രതിനിധികളുടെ ദീർഘസംസാരത്തിന് വഴിയൊരുങ്ങിയത്...

വീണ: 20% വോട്ടേ കിട്ടു എന്ന് പറഞ്ഞിട്ടും എനിക്ക് കിട്ടിയ വോട്ട് ശതമാനം കണ്ടില്ലേ, ഞാൻ 100 ശതമാനം ആത്മാർഥമായാണ് എന്നെ  ഏൽപ്പിച്ച ജോലി ചെയ്തത്. ഒരുപാട് എതിർപ്പുകൾ ഉയർന്നിട്ടും എനിക്ക് കിട്ടിയ വോട്ടിന്റെ വർധന അതിന്റെ ഫലമാണ്. 

ആന്റോ: ഒരു മടിയുമില്ലാതെ ജനങ്ങളുടെ ഇടയിലേക്കുള്ള ഈ ഓട്ടമാണ് ജനങ്ങളും തങ്ങളും തമ്മിലുള്ള അടുപ്പം.ഇരുവരും: ഓട്ടം ഓണത്തിനാകുമ്പോൾ പായസവും മോരും ശർക്കര വരട്ടിയതുമൊക്കെ കൂടി കിട്ടുമെന്നതാണ് മറ്റൊരു സന്തോഷം. (ചിരി) ദാ ഇതാണ് ഓണത്തിന്റെ ശക്തി. രാഷ്ട്രീയം സംസാരിച്ചാലും ഓണത്തിന്റെ മണങ്ങളും രുചികളും ഒരിക്കലും നമ്മുടെ മനസ്സിൽ നിന്ന് പോകാറില്ല. അത് നമ്മെ ഓർമകളിലൂടെ തിരിച്ചു നടത്തിച്ച് തുടങ്ങിയടത്തു തന്നെ എത്തിക്കും. നല്ല ഫലിതം, ചിരി... അങ്ങനെ രാഷ്ട്രീയം മാറി നിന്ന സമയം. അതാണ് ഓണത്തിന്റെ വ്യാകരണം. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama