go

എഴിക്കാട് പറയുന്നു; ഇൗ ഓണം അതിജീവനത്തിന്റെ ആഘോഷം

pathanamthitta-omanakuttan-and-family
ആറന്മുള എഴിക്കാട് കോളനിയിൽ പുനർനിർമിച്ച വീടിനു മുന്നിൽ പൂക്കളമൊരുക്കി ഓണം ആഘോഷിക്കുന്ന ഓമനക്കുട്ടനും കുടുംബവും. ചിത്രം: നിഖിൽരാജ് ∙ മനോരമ
SHARE

ആറന്മുള ∙ പ്രളയം ഏൽപിച്ച കഷ്ടപ്പാടുകളിൽനിന്ന് എഴുന്നേറ്റ് നിവർന്നു നിൽക്കുകയാണ് എഴിക്കാട് കോളനി. തിരിച്ചുവന്ന ഓണനിലാവിൽ കുളിച്ചുകയറി തുടങ്ങിയ അവർക്ക് ഇന്ന് അതിജീവനത്തിന്റെ തിരുവോണദിനം. വെള്ളവും ചെളിയും വറ്റിതോർന്ന  മുറ്റങ്ങളിൽ  പൂക്കളങ്ങൾ ചിരിതൂകുന്നു. പ്രതീക്ഷകളുടെ തിളക്കം ഓരോരുത്തരുടെയും മുഖത്തുണ്ട്. തിരുവോണത്തെ വരവേൽക്കാനുള്ള ഉത്രാട പാച്ചിലിലായിരുന്നു കോളനി വാസികൾ ഭൂരിഭാഗം പേരും ഇന്നലെ.

വീട് പൂർണമായും പുനർ‍നിർമിച്ചവർക്ക് ഇത് പുതുജീവിതവും പുത്തൻ ഓണവുമാണ്. നറുമണമുള്ള കോടിവാങ്ങിയുടുക്കാൻ അവർ ചിങ്ങം പിറന്ന നാൾ മുതൽക്കേ ഓട്ടം തുടങ്ങിയതാണ്. വീടുകൾ ഭാഗികമായി നശിച്ചവർ അറ്റകുറ്റപ്പണികൾ നടത്തി പാലുകാച്ചൽ ചടങ്ങ് നടത്തിക്കഴിഞ്ഞു. ചില വീടുകൾ നിർമാണത്തിരക്കിലാണ്.

ഏതാനും  പേർക്ക് ഇനിയും വീട് കിട്ടാനുണ്ട്. അപ്പീലുകളുമായി കയറിയിറങ്ങുന്നവർ വേറെ. പരാതികളുണ്ടെങ്കിലും കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഓണത്തെ ഇത്തവണ അവർ തിരിച്ചുപിടിച്ചു കഴിഞ്ഞു. പൂപ്പടപാട്ടിന്റെ ചുവടുവയ്പുകൾ നിറയുന്ന കോളനിയിൽ മൂടിക്കെട്ടിയ ആകാശത്തിനു പകരം ഇപ്പോൾ പെയ്യുന്നത് സ്വർണനിറമുള്ള പകലുകളാണ്. 

കഴിഞ്ഞത് ക്യാംപോണം 

സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോളനിയാണ് എഴിക്കാട്ടേത്. പ്രളയത്തിൽ കോളനിയിലെ 175 ബ്ലോക്കുകളിലെ വീടുകളും മുങ്ങിത്താഴ്ന്നു. കൈയിൽ കിട്ടിയത് വാരിയെടുത്ത്  ജീവന്റെ തുരുത്ത് ലക്ഷ്യമിട്ട് ഓടിക്കയറിയത് അധികൃതർ തുറന്ന ക്യാംപുകളിൽ. എല്ലാവരും ഒരു വീടായി കഴിഞ്ഞത് ഒരു മാസത്താളം. ഓണത്തെ മറന്നെങ്കിലും ഒരുമയുടെ സന്ദേശവാഹകരാകാൻ എല്ലാവർക്കും കഴിഞ്ഞു.

നഷ്ടപ്പെടലിന്റെ വേദനയിൽ ദിവസങ്ങൾ തള്ളിനീക്കിയ  അവർക്ക് ജില്ലാ ഭരണകൂടവും സുമനസുകളും ക്യാംപുകളിലാണ് ഓണസദ്യ വിളമ്പിയത്. ജനപ്രതിനിധികളും  ഉദ്യോഗസ്ഥരും മറ്റു സ്ഥലവാസികളും ഒപ്പം പങ്കുചേർന്നതും അന്ന് വേറിട്ട യോജിപ്പിന്റെ കാഴ്ചയൊരുക്കി. 

ഇന്ന്് അതിജീവനം 

ബ്ലോക്ക് നമ്പർ 30ന്റെ അരിക് ചേർന്നാണ് കിടങ്ങന്നൂർ- ചെങ്ങന്നൂർ പാത. റോഡിന്റെ ഓരം ചേർന്ന് നാല് കുട്ടികൾ സൈക്കിളിൽ പായുന്നു. സൈക്കിളിന്റെ പിന്നിലിരിക്കുന്ന നാലാം ക്ലാസുകാരൻ അല്ലുവിന്റെ ചുണ്ടിൽ പാട്ടുണ്ട്. ‘മോഹമുന്തിരി വാറ്റിയ രാവ്, സ്നേഹകലയുടെ രാസനിലാവ്.. അടട പയ്യാ...’ മറുവശത്തുനിന്നു വന്ന മഹാദേവൻ എന്ന കുട്ടിയും വിട്ടില്ല. പാട്ടിന്റെ കൂട്ട് ‘താരകപെണ്ണാളു’മായാണ്. കോളനിയിലെമ്പാടും ഇത്തരത്തിൽ കലാകാരന്മാർ ഒട്ടേറെയാണ്. അവർ ഓണം അടിച്ചുപൊളിക്കുന്നു.

അതിന് മുതിർന്നവരെന്നോ കുട്ടികളെന്നോ ഭേദമില്ല. എല്ലാവരിലും   ഓണനിലാവ് താളമിടുന്നു.   പുനർനിർമാണം കഴിഞ്ഞ വീട്ടിൽ ഓമനക്കുട്ടനും കുടുംബത്തിനും ഇന്ന് തിരിച്ചുകിട്ടിയ തിരുവോണദിനമാണ്. വീട് സുന്ദരിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്നു. കഴിഞ്ഞ തിരുവോണനാളിൽ വീട് ഉൾപ്പെടെ ചെളിക്കുണ്ടിലായിരുന്നു. അമ്മ കുഞ്ഞുമോളും  ഭാര്യ ജിതുവും മക്കളായ ഹൃദ്യയും ഹൃദയും അന്ന് ക്യാംപിലും.

സർക്കാർ സഹായവും സ്വന്തം സമ്പാദ്യവും ചേർത്താണ് വീടിന്റെ പുനർനിർമാണം പൂർത്തിയാക്കിയതെന്ന് ഓമനക്കുട്ടൻ പറയുന്നു. കഷ്ടപ്പാടുകൾക്കിടയിലും ഇത്തരത്തിൽ വീട് തീർത്ത് താമസം തുടങ്ങിയവർ ഒട്ടേറെ.  2-ാംബ്ലോക്കിൽ ശാന്ത,13-ാം ബ്ലോക്കിൽ ഓമന, 31-ാം ബ്ലോക്കിൽ അമ്മിണി, മൂന്നിൽ രമണൻ, നാരായണി, രാജേഷ് ഇങ്ങനെ നീളുന്നു പുതിയ കിടപ്പാടവുമായി പുതുജീവിതത്തിലേക്ക് പ്രവേശിച്ചവരുടെ എണ്ണം.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama