go

ഐതിഹ്യപ്പെരുമയിൽ തിരുവോണത്തോണി പുറപ്പെട്ടു

pathanamthitta-thiruvonathoni
തിരുവോണ വിഭവങ്ങളുമായി തിരുവോണത്തോണി കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽ നിന്ന് പുറപ്പെട്ടപ്പോൾ. ചിത്രം: മനോരമ
SHARE

കാട്ടൂർ ∙ ഐതിഹ്യപ്പെരുമയുടെ ഓളങ്ങളിലേറി ആറന്മുളേശനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽ നിന്നു പുറപ്പെട്ടു.  ക്ഷേത്രത്തിൽനിന്ന് മേൽശാന്തി പകർന്നു നൽകിയ ഭദ്രദീപം തോണിയിൽ എത്തിച്ച ശേഷം ദീപാരാധന കഴിഞ്ഞ്  6.20ന് മങ്ങാട്ട് നാരായണ ഭട്ടതിരിയുടെ നേതൃത്വത്തിൽ തോണി യാത്ര ആരംഭിച്ചു. ഈ സമയം പമ്പാനദിയുടെ ഇരുകരകളിലും ഭക്തർ ദർശനപുണ്യം തേടി തൊഴുകൈകളോടെ നിന്നു. 

അയിരൂർ മഠത്തിൽ ആദ്യ സ്വീകരണം 7ന് ആരംഭിച്ചു. തുടർന്ന് മേലുകര വെച്ചൂർമനയിൽ വിശ്രമം. പുലർച്ചെ 3ന് യാത്രയാകുന്ന തോണിയെ ആറന്മുള പാർഥസാരഥി ക്ഷേത്രക്കടവിൽ 5.30ന് ദേവസ്വം ബോർഡ്, ക്ഷേത്രോപദേശക സമിതി, പള്ളിയോടസേവാസംഘം, ഭക്തജന സമിതി എന്നിവയുടെ നേതൃത്വത്തിൽ സ്വീകരിക്കും. തോണിയിലെ കെടാദീപം ശ്രീകോവിലിലേക്ക് പകരുന്നതോടെ പൂജകൾക്കും തിരുവോണ വിഭവങ്ങൾ തയാറാക്കുന്ന ജോലികൾക്കും തുടക്കമാകും.

വൈകിട്ട് ദീപാരാധനയ്ക്കു ശേഷം മങ്ങാട്ട് ഭട്ടതിരി കുമാരനല്ലൂരിന് മടങ്ങും. കാട്ടൂർ കരയിലെ 18 നായർ തറവാടുകളിലെ 36 അംഗങ്ങളും തോണിയിലുണ്ടായിരുന്നു. ഇടപ്പാവൂർ, കൊറ്റാത്തൂർ– കൈതക്കോടി, കാട്ടൂർ, ചെറുകോൽ, ഇടപ്പാവൂർ – പേരൂർ,അയിരൂർ പള്ളിയോടങ്ങൾ തോണിയെ യാത്രയാക്കാൻ എത്തിയിരുന്നു.

കാട്ടൂരിൽ നിന്നുള്ള തോണിപുറപ്പെടൽ ചടങ്ങിൽ  ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എസ്.അജിത്കുമാർ, ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ കൃഷ്ണകുമാർ വാരിയർ, അസി. കമ്മിഷണർ ജി. മുരളീധരൻപിള്ള, സബ് ഗ്രൂപ്പ് ഓഫിസർ കെ.ജി.രാധാകൃഷ്ണൻനായർ, ആന്റോ ആന്റണി എംപി, രാജു ഏബ്രഹാം എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.കൃഷ്ണകുമാർ (കോയിപ്രം), ജെറിമാത്യുസാം (ഇലന്തൂർ), കാട്ടൂർ ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ വി.സി.വിജയൻനായർ, എ.ആർ.അജികുമാർ, പഞ്ചായത്ത് അംഗം ഉഷാകുമാരി എന്നിവർ പങ്കെടുത്തു

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama