go

കോന്നി ടൗണിലും അരുവാപ്പുലത്തും ഒരുമാസമായി ശുദ്ധജലമില്ല

pathanamthitta-soil-removing
അച്ചൻകോവിലാറ്റിൽ കൊട്ടാരത്തിൽ കടവ് പമ്പ് ഹൗസിലേക്ക് വെള്ളമെത്തുന്ന കിണറിൽ നിന്ന് മണൽ നീക്കം ചെയ്യുന്നു.
SHARE

കോന്നി ∙ ടൗണിലും അരുവാപ്പുലം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും ജലവിതരണം മുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. തിരുവോണത്തിനും വെള്ളം കിട്ടുമോയെന്ന ആശങ്കയിൽ നാട്ടുകാർ. ഇതോടെ ജല അതോറിറ്റിയുടെ നേതൃത്വത്തിൽ പണികൾ ഊർജിതമാക്കി. കോന്നി– അരുവാപ്പുലം ശുദ്ധജല പദ്ധതിയുടെ കൊട്ടാരത്തിൽ കടവ് പമ്പ് ഹൗസിലേക്ക് വെള്ളമെത്തുന്ന കിണറിൽ നിന്ന് മണൽ നീക്കം ചെയ്യുന്ന പ്രവൃത്തികളാണ് നടക്കുന്നത്.

നദിയിൽ ജലനിരപ്പ് കുറഞ്ഞിട്ടില്ലെങ്കിലും കിണറിന്റെ സ്ലാബ് പൊട്ടിച്ച് തൊഴിലാളികൾ ഇറങ്ങി മണൽ കോരി മാറ്റുകയാണ്. മണൽ നീക്കം ചെയ്യുന്നത് പൂർത്തിയാകുന്നതോടെ പമ്പിങ് ആരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. വെള്ളപ്പൊക്കത്തിൽ കിണറിന്റെ സ്ലാബിനു തകരാർ സംഭവിച്ച് മണൽ നിറയുകയായിരുന്നു. ഇതുമൂലം പമ്പിങ് നടത്താനാവശ്യമായ വെള്ളം ലഭ്യമാകാത്ത അവസ്ഥ വന്നു. ഊറിവരുന്ന വെള്ളം വിതരണം നടത്തുന്നുണ്ടെങ്കിലും ഉയർന്ന പ്രദേശങ്ങളിലും മറ്റും ലഭിക്കുന്നില്ല. 

കല്ലേലി, അക്കരക്കാലാപ്പടി, അരുവാപ്പുലം, ഊട്ടുപാറ അടക്കം അരുവാപ്പുലം പഞ്ചായത്തിലെ 8വാർഡുകളിലും വെള്ളമില്ല. ജല അതോറിറ്റിയുടെ സെക്‌ഷൻ ഓഫിസ് പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ അടക്കം കോന്നി ടൗണിലെ സർക്കാർ ഓഫിസുകളിലും മറ്റു സ്ഥാപനങ്ങളിലും വെള്ളം കിട്ടുന്നില്ല. കഴിഞ്ഞ വർഷത്തെ പ്രളയത്തിലും ഇതേ പ്രശ്നമുണ്ടായി കിണറിൽ മണലും ചെളിയും നിറഞ്ഞിരുന്നു. 

പിന്നീട് ജലനിരപ്പ് താഴ്ന്നതോടെ കിണറിലെയും പൈപ്പിലെയും ചെളി നീക്കം ചെയ്ത ശേഷമാണ് പമ്പിങ് ആരംഭിച്ചത്. തകർന്ന സ്ലാബിന്റെയും കിണറിന്റെയും അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കാതിരുന്നതിനാൽ ഈ വർഷവും അതേ അവസ്ഥയുണ്ടാവുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതിയിലും ഇതുസംബന്ധിച്ച് അധികൃതർക്കെതിരെ വ്യാപക പരാതി ഉയർന്നു വന്നു.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama