go

ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ ജീവനെടുക്കുന്ന പെടാപ്പാട്

pathanamthitta-mastering-queue
മസ്റ്ററിങ്ങിനായി അടൂരിലെ അക്ഷയ സെന്ററിൽ കാത്തിരിക്കുന്നവർ.
SHARE

പത്തനംതിട്ട ∙ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് കുറെ പാവങ്ങൾ. ക്ഷേമ പെൻഷന്റെ കാര്യമായതുകൊണ്ടു ജീവിച്ചിരിപ്പുണ്ടെന്നു തെളിയിച്ചില്ലെങ്കിൽ കുടിശിക അടക്കം ഒരു രൂപയും ലഭിക്കില്ല. അതുകൊണ്ട് ബയോ മെട്രിക് മസ്റ്ററിങ് കഴിയുംവരെ കെഎസ്ഇബിയും കംപ്യൂട്ടർ ശൃംഖലയും സഹകരിക്കണം: ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾക്കു മുന്നിൽ കാത്തിരുന്നു വലയുന്ന മുതിർന്ന പൗരന്മാർക്കുള്ള അഭ്യർഥന ഇതുമാത്രമാണ്. 

വയസാംകാലത്ത് കോണിപ്പടി കയറി അക്ഷയ കേന്ദ്രത്തിനു മുന്നിൽ കാത്തു നിൽക്കുന്നതിന്റെ പ്രയാസമൊക്കെ ഇവർ ക്ഷമിക്കും. പക്ഷേ ഇങ്ങനെ വൈദ്യുതി പോകുന്നതും സെർവർ ഡൗണാകുന്നതും എത്രയെന്നു കണ്ടാണ് ഈ പാവങ്ങൾ ക്ഷമിക്കുക? രാവിലെ അക്ഷയ കേന്ദ്രം തുറന്നു കഴിഞ്ഞാൽ മിനിറ്റുകളുടെ ഇടവേളകളിൽ വൈദ്യുതി പോകും. പിന്നെ ആദ്യം മുതൽ വീണ്ടും തുടങ്ങണം.

മണിക്കൂറുകൾ കാത്തിരുന്നിട്ടും വൈദ്യുതി വരാത്ത സ്ഥലങ്ങളുമുണ്ട്. വൈദ്യുതി വന്നു മസ്റ്ററിങ് ചെയ്തു തുടങ്ങുമ്പോൾ കംപ്യൂട്ടർ ശൃംഖല അപ്പാടെ പണിമുടക്കം. ഒരാളുടെ കൈവിരൽ പതിപ്പിച്ചു മസ്റ്ററിങ് നടത്താൻ 10 മിനിറ്റാണ് അക്ഷയ കേന്ദ്രങ്ങളിൽ എടുക്കുന്നത്. ഇതിനിടെ 2 തവണ വൈദ്യുതി പോകും. മണിക്കൂറുകൾ സെർവർ തകരാറ് കാണിക്കുകയും ചെയ്യുമെന്നതാണ് സ്ഥിതി.  

വൈദ്യുതി പോയാൽ പ്രതിവിധിയില്ല

അക്ഷയ സെന്ററുകളിൽ ജനറേറ്ററോ ഇൻവർട്ടറോ ഇല്ല. വൈദ്യുതിയില്ലെങ്കിൽ മസ്റ്ററിങ് ജോലികൾ പൂർണമായും മുടങ്ങും. രാവിലെ എട്ടു മുതൽ അക്ഷയ കേന്ദ്രങ്ങൾക്കു മുന്നിൽ കാത്തിരിക്കുന്നവർ വൈദ്യുതി വരുന്നതു വരെ ഒരേ ഇരിപ്പാണ്. ഒരാൾക്കു മസ്റ്ററിങ് നടത്തുന്നതിനു 30 രൂപയാണ് ആക്ഷയകൾക്കു സർക്കാർ നൽകുന്നത്.

ഇതിൽ നിന്നു ജനറേറ്ററിനു പണം കണ്ടെത്താൻ കഴിയില്ലെന്നാണ് നടത്തിപ്പുകാരുടെ നിലപാട്. ഇതിനു പുറമെയാണ് സെർവർ ഡൗൺ ആകുന്നതു മൂലമുള്ള കാലതാമസം. വൈദ്യുതിയും നെറ്റും കൃത്യമായി ഉണ്ടെങ്കിൽ 10 മിനിറ്റുകൊണ്ട് ജോലികൾ പൂർത്തിയാക്കാം. ദിവസം 80 –100 പേരുടെ മസ്റ്ററിങ് ആണ് അക്ഷയ കേന്ദ്രങ്ങൾ പൂർത്തിയാക്കുന്നത്. 

സ്ഥാനമുറപ്പിക്കാൻ  തലേന്നേ പോകണം

മസ്റ്ററിങ് നടത്താൻ തലേ ദിവസമേ അക്ഷയ കേന്ദ്രങ്ങളിൽ പോയി പേരെഴുതി ഇടണം. തലേന്നു പേരെഴുതുന്നവർക്കാണ് പിറ്റേന്ന് അവസരം. ബുക്ക് ചെയ്യാത്തവരും ഇടയിൽ കയറി വരും. അവരെ തിരിച്ചയയ്ക്കാറില്ലെന്നു നടത്തിപ്പുകാർ പറയുന്നു. വേഗം മടങ്ങിപ്പോകേണ്ടവരാണ് പലരും. കഴിഞ്ഞ ദിവസം തിരുവല്ലയിൽ എത്തിയ സ്ത്രീ വീടിനകത്ത് ആടിനെ കെട്ടിയിട്ടിട്ടാണ് വന്നത്.

പ്രസവിക്കാറായ ആടാണ്. വീട്ടിൽ മറ്റാരുമില്ല. വേഗം ചെന്നില്ലെങ്കിൽ പ്രശ്നമാകും. അതുകൊണ്ട് വേഗം കാര്യം നടത്തി വിടണമെന്നായിരുന്നു ആവശ്യം. പ്രഷർ, ഷുഗർ, കൊളസ്ട്രോൾ അടക്കം വിവിധ രോഗങ്ങളുള്ളവരും വരി നിൽക്കുന്നുണ്ട്. ഇവർക്കും എത്രയും വേഗം മടങ്ങിപ്പോകണം. 

വിരലടയാളം കിട്ടാൻ പാട്

പ്രായമാകുന്നതോടെ വിരലടയാളം മാഞ്ഞു തുടങ്ങുന്നത് മസ്റ്ററിങ്ങിനു വെല്ലുവിളിയാണ്. ഒരു വിരലിന്റെ അടയാളം മതിയെങ്കിലും 10 വിരലും വച്ചു നോക്കിയാലും ചിലപ്പോൾ അടയാളം കിട്ടില്ല. കൃഷ്ണമണി പകർത്തിയാലും മതി. കണ്ണിനു ശസ്ത്രക്രിയ കഴിഞ്ഞവരാണെങ്കിൽ കണ്ണിന്റെ സ്കാനിങ് സാധിക്കാറില്ല.

ഒരു രീതിയിലും മസ്റ്ററിങ് നടത്താൻ കഴിയാത്തവർക്ക് അക്ഷയ കേന്ദ്രങ്ങൾ വെള്ളക്കടലാസിൽ തിരിച്ചറിയിൽ പരിശോധന നടത്താൻ കഴിഞ്ഞില്ലെന്ന് എഴുതിനൽകും. ഇങ്ങനെയുള്ളവർ വില്ലേജ് ഓഫിസറുടെ ലൈഫ് സർട്ടിഫിക്കറ്റ് വാങ്ങി വേണം പെൻഷന് അപേക്ഷിക്കാൻ. എന്നാൽ, പല വില്ലേജ് ഓഫിസർമാരും ലൈഫ് സർട്ടിഫിക്കറ്റ് നൽകാൻ തയാറാകുന്നില്ല. ഒടുവിൽ ഇവർ വീണ്ടും അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുകയാണ്. 

കാത്തു നിന്ന് തളരുന്നവർ

60 വയസിനു മുകളിലുള്ളവരാണ് വരിനിൽക്കുന്നവർ. വാർധക്യ പെൻഷൻ, വിധവ പെൻഷൻ, അവിവാഹിതരായ അമ്മമാരുടെ പെൻഷൻ ഉൾപ്പടെയുള്ള ക്ഷേമ പെൻഷനുകൾക്കു വേണ്ടിയാണ് മസ്റ്ററിങ് നിർബന്ധമാക്കിയത്. ഡിസംബർ 15 മുൻപ് ചെയ്തില്ലെങ്കിൽ ക്ഷേമ പെൻഷൻ നഷ്ടപ്പെടും.

അക്ഷയ കേന്ദ്രങ്ങൾക്കു മുന്നിൽ കുടിവെള്ളം ഒരുക്കിയിട്ടുണ്ട്. അതുമാത്രമാണ് ആകെയുള്ള ആശ്വാസം. മണിക്കൂറുകൾ കാത്തു നിൽക്കുമ്പോൾ പ്രായമായവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ തൽക്കാലം ഗൗനിക്കാൻ നിവൃത്തിയില്ലെന്നാണ് അക്ഷയ നടത്തിപ്പുകാർ പറയുന്നത്. ആരെയെങ്കിലും സഹായിക്കാൻ പോയാൽ ക്യൂവിൽ കാത്തു നിൽക്കുന്ന മറ്റുള്ളവർ പിണങ്ങും. 

കിടപ്പാണെങ്കിൽ വീട്ടിലെത്തും

കിടപ്പു രോഗികളാണെങ്കിൽ നഗരസഭയിൽ അറിയിച്ചാൽ അക്ഷയ ജീവനക്കാർ വീട്ടിൽ പോയി മസ്റ്ററിങ് നടത്തും. അക്ഷയ കേന്ദ്രങ്ങൾക്കു പകരം വാർഡുകളിൽ ക്യാംപ് നടത്താനും സൗകര്യമുണ്ട്. എന്നാൽ, ഈ സൗകര്യം തദ്ദേശ സ്ഥാപനങ്ങൾ ഉപയോഗിക്കുന്നില്ല. വാർഡുകളിൽ ക്യാംപ് നടത്തിയാൽ ബുദ്ധിമുട്ട് കുറച്ച് മസ്റ്ററിങ് പൂർത്തിയാക്കാൻ കഴിയുമെന്നാണ് അനുഭവസ്ഥർ പറയുന്നത്. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama