കുന്നിട ∙ പെരുന്തോയിക്കൽ ശുദ്ധജല പദ്ധതിയിലെ വെള്ളം മലിനമെന്ന് ആക്ഷേപം. വർഷം മഴുവനും ജലക്ഷാമം നേരിടുന്ന ഏനാദിമംഗലം പ്രദേശത്ത് ഏറെ ആശ്വാസമാണ് പെരുന്തോയിക്കൽ ശുദ്ധജല വിതരണ പദ്ധതി. എന്നാൽ പദ്ധതിയുടെ പെരുന്തോയിക്കൽ ഭാഗത്തുള്ള കുളം വൃത്തി ഹീനമാണ്. നിറയെ പായൽ നിറഞ്ഞു കിടക്കുന്ന കുളത്തിൽ സമീപത്തെ വൃക്ഷങ്ങളുടെ ചില്ലകളും ഇലകളും വീണ് അഴുകി കിടക്കുകയാണ്.
കുളത്തിന്റെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗംനിലംപതിച്ചിട്ട് വർഷങ്ങൾ പിന്നിടുന്നു. സംരക്ഷണവേലി ഇല്ലാത്തതിനാൽ തെരുവു നായ്ക്കളും ഇഴ ജന്തുക്കളും കുളത്തിൽ വീഴുന്നതും പതിവാണ്. കുളത്തിനു നടുവിൽ കിണർ കൂടി കുഴിച്ചാണ് 2 മലകളിൽ സംഭരണികൾ സ്ഥാപിച്ച് പദ്ധതി നടപ്പാക്കിയത്. കുളം വൃത്തിയാക്കിയിട്ട് 10 വർഷത്തിലേറെയായെന്ന് നാട്ടുകാർ പറയുന്നു. കുളം വലയിട്ടു മൂടുമെന്ന ഉറപ്പും അധികൃതർ പാലിച്ചില്ല.
ശുദ്ധ ജല വിതരണ പദ്ധതിയുടെ അവസ്ഥയ്ക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അധികൃതർക്കു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് സാമൂഹ്യ പ്രവർത്തകനായ സന്തോഷ് കുമാരൻ ഉണ്ണിത്താൻ പറഞ്ഞു. കുളം നവീകരിച്ച് സുരക്ഷിതമാക്കുകയും ശുദ്ധമായ വെള്ളം വിതരണം നടത്തുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പദ്ധതിയുടെ മോട്ടറുകളിൽ ഒന്ന് കേടായതിനെ തുടർന്ന് വേടൻമലയിൽ സുഗമമായി വെള്ളമെത്തിയിട്ട് 2 വർഷം പിന്നിടുന്നു. വേനൽക്കാലത്ത് പ്രദേശം കൊടിയ ജല ക്ഷാമം നേരിടുമ്പോഴും മോട്ടറിന്റെ കേടുപാടു പരിഹരിച്ച് ജലവിതരണം സാധ്യമാക്കാനും നടപടിയില്ല.