ഏനാത്ത് ∙ കൃഷിയിടത്തിലെ അധ്വാനമെല്ലാം കാട്ടു പന്നികൾ അപഹരിക്കുമെന്ന് ആശങ്കയുണ്ടെങ്കിലും കടിക ഏലായിലെ കർഷകർ പിന്നോട്ടില്ല. പന്നിക്കു പ്രിയമുള്ള മരച്ചീനി തന്നെയാണ് ഇവിടുത്തെ പ്രധാന വിള. കാലവും കാലവസ്ഥയും നോക്കി വിവിധ വിളകൾ കൃഷി ചെയ്യുന്നതിനാൽ വർഷം മുഴുവനും പച്ചപ്പണിഞ്ഞു നിൽക്കുന്ന കൃഷിയിടമാണിത്. കർഷകർ സ്ഥലം പാട്ടത്തിനെടുത്താണ് ഇവിടെ വർഷങ്ങളായി കൃഷി ചെയ്തു വരുന്നത്. ഓണക്കാലത്തെ വിളവെടുപ്പിനു ശേഷം പുതിയ കൃഷികൾ ഇറക്കി. മരച്ചീനി കൃഷിയ്ക്കും നിലം ഒരുക്കി തുടങ്ങി.
കഴിഞ്ഞ 2 വർഷമായി പന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. പന്നികൾ നശിപ്പിക്കുന്ന കാർഷിക വിളകൾക്ക് നഷ്ട പരിഹാരവുമില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. ഇപ്പോൾ കൃഷിയിടത്തിനു ചുറ്റും നിറമുള്ള തുണികൾ വലിച്ചു കെട്ടിയാണ് കൃഷി മുന്നോട്ടുകൊണ്ടു പോകുന്നത്.
എന്നാൽ സാമ്പത്തിക ചിലവ് കൂടുതലായതിനാൽ ഇരുമ്പു ഷീറ്റുകൊണ്ട് വേലി സ്ഥാപിച്ച് പ്രതിരോധം ഉയർത്താനും കർഷകർക്കു കഴിയുന്നില്ല. മലയോര മേഖലയിൽ നിന്ന് പന്നികൾ കൂട്ടമായി ഗ്രാമീണ മേഖലയിലും എത്തിയതോടെ പരമ്പരാഗത കാർഷിക വിളകളുടെ കൃഷിയിൽ നിന്ന് ചില കർഷകർ പിന്തിരിഞ്ഞു തുടങ്ങിയെങ്കിലും കൃഷിയിടത്തിൽ നിന്ന് കര കയറില്ലെന്നാണ് കടിക ഏലായിലെ കർഷകർ പറയുന്നത്.