go

പ്ലാസ്റ്റിക് അരുത്; നോട്ടിസുമായി തന്ത്രിയും മേൽശാന്തിയും

‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ഭാഗമായി സന്നിധാനത്ത് തന്ത്രി കണ്ഠര് മഹേഷ് മോഹനര് അയ്യപ്പൻമാർക്ക് ലഘുലേഖ വിതരണം ചെയ്യുന്നു.                       ചിത്രം: മനോരമ
‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ഭാഗമായി സന്നിധാനത്ത് തന്ത്രി കണ്ഠര് മഹേഷ് മോഹനര് അയ്യപ്പൻമാർക്ക് ലഘുലേഖ വിതരണം ചെയ്യുന്നു. ചിത്രം: മനോരമ
SHARE

ശബരിമല∙ പൂങ്കാവനത്തിന്റെ പുണ്യം കാക്കാൻ തീർഥാടകർക്ക് നിർദേശം നൽകുന്ന സപ്തകർമവുമായി തന്ത്രിയും മേൽശാന്തിയും. സന്നിധാനത്തെ മാലിന്യ മുക്തമാക്കുന്ന പുണ്യം പൂങ്കാവനം പദ്ധതിക്കു വേണ്ടി തയാറാക്കിയ നോട്ടിസാണിത്. ഭക്തർക്ക് ഇവ വിതരണം ചെയ്ത് ബോധവത്കരണ പരിപാടിക്ക് തുടക്കമിട്ടത് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി എ.കെ.സുധീർ നമ്പൂതിരിയും. അതും തിരുമുറ്റത്ത്. അയ്യപ്പ ദർശനം കഴിഞ്ഞ് ഇറങ്ങിവന്ന ഭക്തർക്ക് ഇവർ  നോട്ടിസ് നൽകി. പ്ലാസ്റ്റിക് കൊണ്ടു വരരുതെന്ന് അയ്യപ്പന്മാരോട് അവർ ഉപദേശിച്ചു.

തുടർച്ചയായി ബോധവത്കരണം നടത്തിയിട്ടും ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് കുറയുന്നില്ല. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതും  തുടരുന്നു. വഴിപാട് ഇനങ്ങളായ മഞ്ഞൾപ്പൊടി, അവൽ, മലർ, കൽക്കണ്ടം, ഉണക്കമുന്തിരി എന്നിവയും പനിനീരുമാണ് പ്രധാനമായും പ്ലാസ്റ്റിക് കവറിൽ  വരുന്നത്. 

‌പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു വരുന്ന വഴിപാട് സാധനങ്ങൾ ഏറെയും മാലിന്യത്തിന്റെ കൂട്ടത്തിൽ തള്ളുകയാണ്. മാളികപ്പുറത്ത്  ഇവ കുമിഞ്ഞു കൂടി കിടക്കുന്നതു കാണാം. ചൂളയിൽ കത്തിച്ചു കളയാൻ കൊണ്ടുവരുന്ന മാലിന്യത്തിൽ നല്ലൊരു ഭാഗവും  വഴിപാട് ഇനങ്ങളാണ്. കമ്പനികളാണ് വഴിപാട് സാധനങ്ങൾ  പായ്ക്ക് ചെയ്ത് വിൽപനയ്ക്കെത്തിക്കുന്നത്.

അത്തരം സാധനങ്ങൾ തീർഥാടകർ വാങ്ങാതെ വന്നാലേ ഈ സംവിധാനത്തിൽ മാറ്റം വരൂ. ഇപ്പോൾ നടക്കുന്ന ബോധവത്കരണം  ആ രീതിയിലേക്ക് മാറ്റേണ്ടിയിരിക്കുന്നു. ഇരുമുടിക്കെട്ടിലേക്കുള്ള സാധനങ്ങൾ പ്ലാസ്റ്റിക് കവറിൽ പാടില്ലെന്ന കർശന നിർദേശം  പായ്ക്ക് ചെയ്തു കൊടുക്കുന്ന കമ്പനികൾക്കു നൽകണം. 

അന്നദാനശാല ഹൈടെക്

ശബരിമല ∙ അയ്യപ്പദർശനത്തിന് എത്തുന്ന ഭക്തർക്ക് സന്നിധാനത്ത് അന്നദാനപുണ്യം നുകർന്ന് മനം നിറയ്ക്കാം. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ആധുനിക രീതിയിലുള്ള അന്നദാനശാലയിൽ നിന്നാണ് ഇക്കുറി ദിവസം മുഴുവൻ അന്നദാനത്തിനുള്ള സൗകര്യമൊരുക്കുന്നത്. ഒരേ സമയം 2000 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം.

∙ പ്രഭാത ഭക്ഷണം

രാവിലെ 7 മുതൽ 11 വരെ. ഉപ്പുമാവും കടലക്കറിയും ചുക്കുകാപ്പിയുമാണ് വിതരണം. 

∙ ഉച്ച ഭക്ഷണം

12 മുതൽ 3 വരെ. വിഭവ സമൃദ്ധമായ ഊണാണ് ഉച്ചയ്ക്ക് വിളമ്പുക. 

∙ രാത്രി ഭക്ഷണം

വൈകിട്ട് 7മുതൽ 11 വരെ: കഞ്ഞിയും പയറുകറിയും അച്ചാറും.

∙ ലഘുഭക്ഷണം

രാത്രി 12 മുതൽ പുലർച്ചെ 5 വരെ. ഉപ്പുമാവും ഉള്ളിക്കറിയും ചുക്കുകാപ്പിയും

∙ ആധുനിക പാചകശാല, പാത്രം കഴുകാൻ യന്ത്രപ്പുര

240 പേരടങ്ങുന്ന സംഘമാണ് 4 ടേൺ ആയി വിളമ്പുന്നത്. 50 പേർ പാചകത്തിനുമുണ്ട്. ആവിയിലാണ് അരി വേവിക്കുന്നത്. അന്നദാന മണ്ഡപത്തിന്റെ താഴത്തെ നിലയിലുള്ള അടുക്കളയിൽ നിന്ന് ലിഫ്റ്റ് വഴിയാണ് മുകളിലുള്ള ഊട്ടുപുരയിൽ ഭക്ഷണം എത്തിക്കുന്നത്. 

സാമാന്യം തിരക്കുള്ള ദിവസങ്ങളിൽ 900 കിലോ അരിയുടെ ചോറും കഞ്ഞിയും വിളമ്പും. 400 കിലോ റവയുടെ ഉപ്പുമാവും ഈ ദിവസങ്ങളിൽ വേണ്ടിവരും. വിജിലൻസ് പൊലീസിന്റെ നേതൃത്വത്തിലാണ് സ്റ്റോർ റൂമിൽ നിന്ന് അതതു ദിവസത്തേക്കുള്ള അരിയും സാമഗ്രികളും അടുക്കളയിൽ എത്തിക്കുന്നത്. ഊണുകഴിക്കാനെത്തുന്നവർക്ക് സൗജന്യ കൂപ്പണുകൾ നൽകുന്നതും ഇവിടെയാണ്. 

ഭക്ഷണം കഴിച്ചശേഷം പാത്രം കഴുകാനും ബാക്കിവരുന്ന ഭക്ഷണം ബയോ ഗ്യാസ് പ്ലാന്റിലേക്ക് നേരിട്ട് എത്തിക്കാനും ആധുനിക സംവിധാനമാണുള്ളത്. ചൂടുവെള്ളം ഉപയോഗിച്ച് യന്ത്രസഹായത്തോടെ പാത്രങ്ങൾ വൃത്തിയാക്കും. ദേവസ്വം സ്പെഷൽ ഓഫിസർ നാരായണൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് ദേവസ്വം ബോർഡ് നേരിട്ട് ഭക്ഷണം തയ്യാറാക്കി വിളമ്പുന്നത്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama