go

സന്നിധാനത്ത് ഭക്തജനപ്രവാഹം

സന്നിധാനത്ത് പതിനെട്ടാംപടി കയറാൻ വലിയ നടപ്പന്തലിൽ നിന്നു നീങ്ങുന്ന തീർഥാടകർ                  ചിത്രം:  മനോരമ
സന്നിധാനത്ത് പതിനെട്ടാംപടി കയറാൻ വലിയ നടപ്പന്തലിൽ നിന്നു നീങ്ങുന്ന തീർഥാടകർ ചിത്രം: മനോരമ
SHARE

ശബരിമല∙ ഭക്തരുടെ നിലയ്ക്കാത്ത പ്രവാഹമാണ് സന്നിധാനത്ത്. വെർച്വൽ‍ ക്യു പാസുളളവരെ ചന്ദ്രാനന്ദൻ റോഡ് വഴിയും അല്ലാത്തവരെ ശരംകുത്തി വഴിയുമാണ് കടത്തി വിടുന്നത്. നീലിമല ചവിട്ടാതെ സ്വാമി അയ്യപ്പൻ റോഡിലൂടെയും തീർഥാടകർ വരുന്നുണ്ട്. ഇവരെ മരക്കൂട്ടത്ത് പൊലീസ്  തടഞ്ഞ്  വെർച്വൽ ക്യു പാസ് നോക്കിയാണ് കടത്തിവിടുന്നത്. 

വലിയ നടപ്പന്തലിലും അതിനു മുകളിൽ വനം ഓഫിസ് പടിയും പിന്നിട്ട് തീർഥാടകരുടെ നിര നീളുന്നുണ്ട്. ശനിയാഴ്ച വലിയ തിരക്കായിരുന്നു. എന്നാൽ ഇന്നലെ  കുറവായിരുന്നു.  മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു എങ്കിലും ഉച്ചവരെ മഴ പെയ്തില്ല. ശനിയാഴ്ച രാത്രിയിൽ ചാറ്റൽ മഴ പെയ്തതിനാൽ വഴി മുഴുവൻ ചെളിയാണ്. സന്നിധാനത്ത് താഴെ തിരുമുറ്റം, മാളികപ്പുറം, നടപ്പന്തലുകൾ തുടങ്ങി എല്ലായിടവും ചെളിയായിരുന്നു. നല്ല വെയിൽ അടിച്ചാൽ ഉണങ്ങി വീണ്ടും പൊടിശല്യം ഉണ്ടാകുമോ എന്ന ആശങ്കയുമുണ്ട്.

വെളിച്ചം ഉറപ്പാക്കി കെഎസ്ഇബി

ശബരിമല∙ തീർഥാടകർ നടക്കുന്നതും തങ്ങുന്നതുമായ എല്ലാ പ്രദേശത്തും രാത്രിയിലും പകൽ പോലെ വെളിച്ചം ഒരുക്കുന്ന തിരക്കിലാണ് കെഎസ്ഇബി. വെളിച്ചം കുറവാണെന്ന്  പൊലീസ്, ദേവസ്വം, ഡ്യൂട്ടി മജിസ്ട്രേട്ട് തുടങ്ങി ആരെങ്കിലും ശ്രദ്ധയിൽ കൊണ്ടുവന്നാൽ അപ്പോൾ തന്നെ അവിടെ വിളക്ക് സ്ഥാപിക്കും. തിരക്ക് കൂടുന്നതോടെ അയ്യപ്പന്മാർ പാണ്ടിത്താവളം മേഖലയിലേക്ക് കയറാൻ തുടങ്ങും. അതിന് അനുസരിച്ച് അവിടെയും ലൈറ്റ് ഇടും. ഒരുവിധത്തിലും വൈദ്യുതി വിതരണം മുടങ്ങാതിരിക്കാൻ  ഏരിയൽ ബെഞ്ച്ഡ് കേബിൾ വഴി പമ്പയും സന്നിധാനവും ബന്ധിപ്പിച്ചത് ആശ്വാസമായി. 

സന്നിധാനം, നിലയ്ക്കൽ , പമ്പ എന്നിവിടങ്ങളിൽ  ആവശ്യത്തിനു ലൈറ്റ് ഇട്ടിട്ടുണ്ട്. കൊച്ചുപമ്പ മുതൽ ത്രിവേണി വരെ ഉൾവനത്തിലൂടെയാണ് ടവർ ലൈൻ കടന്നു വരുന്നത്.  കാറ്റടിച്ച് മരങ്ങൾ വീണ് വൈദ്യുതി മുടങ്ങാതിരിക്കാനുള്ള പണികൾ ആദ്യം തീർത്തു. ഒരു അസി. എൻജിനീയർ ഉൾപ്പെടെ 14 പേരാണ് സന്നിധാനത്തിൽ ഉള്ളത്. പമ്പയിലും നിലയ്ക്കലിലും 13 പേർ വീതമുണ്ട്. 

ഇരുട്ടത്ത് ഓടയിൽ വീണ് ലൈൻമാന് പരുക്ക്

ശബരിമല∙ രാത്രിയിൽ പാണ്ടിത്താവളത്തിൽ മുടങ്ങിയ വൈദ്യുതി ലൈൻ ശരിയാക്കാൻ പോയ ലൈൻ മാന് ഓടയിൽ വീണു പരുക്ക്. സന്നിധാനത്ത് ഡ്യൂട്ടിക്ക് എത്തിയ അടൂർ പള്ളിക്കൽ സെക്‌ഷനിലെ ലൈൻമാൻ  കരുനാഗപ്പള്ളി  പുതിയകാവ് സ്വദേശി എസ്.സജീവന് (36)ആണ് പരുക്കേറ്റത്. 

ശനിയാഴ്ച രാത്രി  സന്നിധാനത്ത് വൈദ്യുതി പോയപ്പോൾ ശരിയാക്കാൻ പോയതാണ്.  മൊബൈൽ വെളിച്ചത്തിൽ തപ്പിത്തടഞ്ഞ് നീങ്ങുന്നതിടെ ഓടയിൽ വീണാണ് പരുക്കേറ്റത്. പ്രഥമ ശുശ്രൂഷയ്ക്കു ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കു മാറ്റി. 

ബസ് പുറപ്പെടാൻ വൈകുന്നു എന്നു പരാതി

പമ്പ ∙ കെഎസ്ആർടിസിയുടെ ത്രിവേണി സ്റ്റേഷനിൽ നിന്ന് ബസ് പുറപ്പെടാൻ വൈകിയത് അയ്യപ്പഭക്തരെ വലച്ചു. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ചെത്തുന്ന ഇവിടെ യാത്രക്കാർ നിറഞ്ഞാലേ ബസ് പുറപ്പെടൂ എന്നതാണ് സ്ഥിതി. ഇന്നലെ അയ്യപ്പഭക്തരും ബസ് അധികൃതരും തമ്മിൽ നേരിയ വാക്കുതർക്കവുമുണ്ടായി.

3 മണിക്ക് കോട്ടയം ബോർഡ് വച്ച് ബസ് സ്റ്റാൻഡിൽ പിടിച്ചു. 3.45 കഴിഞ്ഞിട്ടും ബസ് പുറപ്പെടാതിരുന്നതാണ് അയ്യപ്പഭക്തരെ രോഷാകുലരാക്കിയത്. ഒടുവിൽ കെഎസ്ആർടിസി ഓഫിസിലെത്തി യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് 4 മണിയോടെയാണ് ബസ് പുറപ്പെട്ടത്. 

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama