go

കലോത്സവം: അഭിമാനമായി കുടങ്ങന്നൂർ എസ്‌വിജിവി എച്ച്.എസ്.എസ്

pathanamthitta-kidanganoor-school-team
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൂന്നാം സ്ഥാനം നേടിയ കിടങ്ങന്നൂർ എസ്‌വിജി വിഎച്ച്എസ് സ്കൂൾ ടീം.
SHARE

തിരുവല്ല ∙ കൗമാരകലയുടെ ഉത്സവത്തിൽ അഭിമാനാർഹമായ നേട്ടവുമായി കിടങ്ങന്നൂർ എസ്‌വിജിവി എച്ച്എസ്എസും തിരുവല്ല എംജിഎമ്മും. 112 പോയിന്റുമായി സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനത്ത് എസ്‌വിജിവിഎച്ച്എസ്എസും 16-ാം സ്ഥാനത്ത് എംജിഎമ്മും എത്തി. കലോത്സവത്തിൽ 13-ാം സ്ഥാനമാണ് ജില്ലയ്ക്കു ലഭിച്ചത് (773 പോയിന്റ്). ഒന്നാം സ്ഥാനം കിട്ടിയ പാലക്കാടിന് 951 പോയിന്റാണുള്ളത്.

ചെറുതല്ല കിടങ്ങന്നൂരിന്റെ നേട്ടം

112 പോയിന്റ് നേടി സംസ്ഥാനത്ത് മൂന്നാമതെത്തി നേട്ടം കൈവരിച്ചിരിക്കുകയാണ് കിടങ്ങന്നൂർ എസ്‌വിജിസി എച്ച്എസ്എസ്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ 15 വർഷമായി ജില്ലാ ചാംപ്യൻമാരാണ് സ്കൂൾ. 2007 ൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനവും 2008ൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സംസ്ഥാന ചാംപ്യൻഷിപ്പും നേടിയിട്ടുണ്ട്.

ഹൈസ്കൂൾ വിഭാഗത്തിൽ തിരുവാതിര, വഞ്ചിപ്പാട്ട്,പൂരക്കളി, മാർഗംകളി, സംഘനൃത്തം, കുച്ചിപ്പുഡി നാടോടി നൃത്തം, മലയാളം ഉപന്യാസം എന്നിവയിലും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഓട്ടൻതുള്ളൽ, കഥകളിസംഗീതം, കാവ്യകേളി, മലയാളം കവിതാ രചന, ഇംഗ്ലിഷ് കവിതാ രചന, ഉറുദു പദ്യപാരായണം, മിമിക്രി, കഥാപ്രസംഗം, പൂരക്കളി, ഇംഗ്ലിഷ് സ്കിറ്റ്, ദഫ് മുട്ട്, വഞ്ചിപ്പാട്ട്, സംഘഗാനം, സംഘനൃത്തം, പഞ്ചവാദ്യം, മാർഗംകളി എന്നിവയിലുമാണ് മത്സരിച്ചത്. മത്സരിച്ച 20 ഇനങ്ങളിൽ എ ഗ്രേഡ് നേടി.

കലാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി അവധി ദിവസങ്ങളിലും ഒഴിവു സമയങ്ങളിലും ചിട്ടയായ പരിശീലനം നൽകി ഓരോ ഗ്രൂപ്പിനും ഓരോ അധ്യാപകനു ചുമതല നൽകിയാണ് കലാ പരിശീലനം. സാമ്പത്തികമായി പിന്നാക്കവസ്ഥയിലുള്ള കുട്ടികളുടെ പരിശീലനച്ചെലവ് അധ്യാപകർ ഏറ്റെടുക്കും. ഇതിന് സ്കൂൾ മാനേജ്മെന്റും സഹായം നൽകും..

കലാകാരൻമാരായ പൂർവ വിദ്യാർഥികൾ സഹായവുമായി ഒപ്പമുണ്ടാകും. പ്രിൻസിപ്പൽ സി.ആർ. പ്രീത, പ്രധാനാധ്യാപിക ഇ.ആർ.ശ്യാമളാമ്മ, അധ്യാപകരായ ഇന്ദു ജി നായർ, എ.ആർ.ലക്ഷ്മി, സുശീല, ഗംഗാദേവി പണിക്കർ ,സംഗീത, എം. അർച്ചന, വി.ജ്യോതിഷ് ബാബു, ജേക്കബ് മാത്യു, ഡി.രാജേഷ് കുമാർ, എന്നിവർ നേതൃത്വം നൽകുന്നു. അജിത് പുല്ലാട് പ്രസിഡന്റായ പിടിഎ കമ്മിറ്റി പിന്തുണയുമായി ഒപ്പമുണ്ട്. വിവിധ ഇനങ്ങളിലായി 151 കുട്ടികൾ പങ്കെടുത്തതിൽ 136 പേർക്ക് എ ഗ്രേഡു കിട്ടി.

മലബാറിനെ ഇങ്ങെടുത്ത് എംജിഎം 

മലബാറിന്റെ തനതുകലാരൂപങ്ങളായ മാപ്പിളകലകളിൽ മികവു തെളിയിച്ചാണ് എംജിഎം സ്കൂൾ സ്കൂൾ കലാമേളയിൽ മുന്നിലെത്തിയത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ ദഫ്മുട്ട്, അറബനമുട്ട്, വട്ടപ്പാട്ട് എന്നിവയിലും ഒപ്പം പരിചമുട്ടുകളിയിലും വൃന്ദവാദ്യത്തിലും എ ഗ്രേഡ് ലഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ പരിചമുട്ടുകളിയിലും വൃന്ദവാദ്യത്തിലും ഉറുദു സംഘഗാനത്തിലും എ ഗ്രേഡ് നേടി.

നങ്ങ്യാർകൂത്ത്, മലയാളം പദ്യം ചൊല്ലൽ, ഹിന്ദി പ്രസംഗം എന്നിവയിൽ എച്ച്എസ്എസ് വിഭാഗത്തിലും ഭരതനാട്യം, കേരളനടനം എന്നിവയിൽ ഹൈസ്കൂൾ വിഭാഗത്തിലും എ ഗ്രേഡ് ലഭിച്ചു. എച്ച്എസ്എസ് വിഭാഗത്തിൽ സ്കൂളിൽ നിന്നു 45 പേരാണ് പങ്കെടുത്തത്. 44 പേർക്ക് എ ഗ്രേഡ് കിട്ടി.പരിചമുട്ടുകളിൽ തുടർച്ചയായ 10-ാം വർഷവും വൃന്ദവാദ്യത്തിൽ 5-ാം വർഷവും എ ഗ്രേഡ് ലഭിക്കുന്നുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ മത്സരിച്ച 23 പേർക്കും എ ഗ്രേഡ് കിട്ടി.

മാപ്പിളകലകളിൽ എംജിഎമ്മിനെ മികവിലേക്കു നയിക്കുന്നത് കോഴിക്കോട്ടുകാരൻ മുഹമ്മദ് തസ്‌ലീം എന്ന പരിശീലകനാണ്. പൂർവവിദ്യാർഥി സംഘടനയായ ചങ്ങാതിക്കൂട്ടം ഒപ്പമുണ്ട്. പ്രിൻസിപ്പൽ‌ നാൻസി വർഗീസ്, കൺവീനർമാരായ ലീന ഏബ്രഹാം, ട.ി.ജെ.സൗമ്യ, ഹൈസ്കൂൾ വിഭാഗത്തിൽ പ്രധാനധ്യാപകൻ റെജി മാത്യു, കൺവീനർമാരായ സന്തോഷ് ടി.യോഹന്നാൻ, രേഷ്മ ഹെലൻ തോമസ് എന്നിവരാണ് കുട്ടികളോടൊപ്പം നിന്ന് പ്രോത്സാഹനം നൽകുന്നത്.

MORE IN PATHANAMTHITTA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama