go

ജയിച്ച് ജടായു; കാഴ്ചകളുടെ വിസ്മയലോകത്തിലൂടെ ഒരു യാത്ര

trivandrum-jatayu-centre
ജടായു ശിൽപം . ചിത്രങ്ങൾ: വിഷ്ണു സനൽ.
SHARE

ചിറകൊന്നു കുടഞ്ഞു നിവർത്തി, തലയൊന്നുയർത്തി, ആകാശത്തിന്റെ അറ്റങ്ങൾ തേടി ഇനിയും പറന്നു പൊങ്ങും എന്നു തോന്നും ഒരു നിമിഷം. സർവസൃഷ്ടിയുടെയും ഉടയോന്റെ കയ്യിൽ നിന്നു താഴേക്കു വീണതുപോലെയാണ് ആ കിടപ്പ്. ജടായു ശിൽപത്തിന്റെ ദൂരക്കാഴ്ച തന്നെ വിസ്മയിപ്പിക്കുന്നതാണ്. അടുത്തേക്കു ചെല്ലും തോറും കാഴ്ചയുടെ കോണുകൾ മാറിമാറി വരുന്നു.

കണ്ണുകളിൽ നിറയുന്ന ദൈന്യത, അവസാനശ്വാസമെടുക്കാൻ എന്നവണ്ണം തുറന്നുപിടിച്ച ചുണ്ടുകൾ, വിടർന്നുകിടക്കുന്ന വലതു ചിറക്, അറ്റുവീണ ഇടതു ചിറക്, ഉയർത്തിപ്പിടിച്ച കാൽ. തന്റെ വേദനയെ കാഴ്ചക്കാരിലേക്കു കൂടി പകരുന്ന ശിൽപവിസ്മയമാണു ജടായു. മലമുകളിലെ കാറ്റിൽ ആ ചിറകുകൾ അനങ്ങുന്നില്ലേ? അത്ര ജീവൻ തുടിക്കുന്നുണ്ടതിൽ. രാവണൻ അരിഞ്ഞുവീഴ്ത്തിയ ചിറകിന്റെ വേദനയും പേറിയാണു ജടായു കിടക്കുന്നത്. സീതയെ രക്ഷിക്കാനായില്ല; രാവണനോടു പൊരുതി ജയിക്കാനും. എങ്കിലും ആത്മസംതൃപ്തിയോടെ ജീവൻ വെടിഞ്ഞു. മനുഷ്യനും മുൻപേ സ്ത്രീ സുരക്ഷയ്ക്കു വേണ്ടി നിന്ന പക്ഷിശ്രേഷ്ഠനാണു ജടായു. ശിൽപി രാജീവ് അഞ്ചൽ ജടായു എർത്‌സ് സെന്റർ സമർപ്പിച്ചിരിക്കുന്നതും സ്ത്രീയുടെ ആത്മാഭിമാനത്തിനും സുരക്ഷയ്ക്കും വേണ്ടി. 

trivandrum-jatayu-earth-centre
ജടായു പാറയിലെ ഗ്യാലറി ചിത്രം∙ വിഷ്ണു സനൽ

65 ഏക്കറിലായി പടർന്നുകിടക്കുകയാണ് ഈ വിസ്മയലോകം. സാങ്കേതികവിദ്യയും ശിൽപകലയും പുരാണവും ഐതിഹ്യങ്ങളും എല്ലാം ഇഴപിരിഞ്ഞു കാഴ്ചകളുടെ അരങ്ങുണരുകയായി. ലോകത്തിലെ ഏറ്റവും വലിയ ഈ പക്ഷി ശിൽപത്തിന് അഞ്ചുനില കെട്ടിടത്തിന്റെ ഉയരമുണ്ട്. രാജീവ് അഞ്ചലിന്റെ പത്തു വർഷത്തിലേറെ നീണ്ട പ്രയത്നത്തിന്റെ ഫലമാണു ചടയമംഗലത്തു ജടായുപ്പാറയിൽ നിർമാണം പൂർത്തിയാകുന്ന ജടായു എർത്‌സ് സെന്റർ. ശിൽപത്തിനുള്ളിൽ കയറി അതിനെ തൊട്ടറിയാനുള്ള സൗകര്യമാണിവിടെയുള്ളത്. ജടായുപ്പാറ ഒരിക്കൽ ഇടിച്ചുനിരത്താൻ തീരുമാനിച്ചിരുന്നതാണ്. അവിടെ നിന്നാണു ഇത്ര വലിയൊരു ദൃശ്യവിസ്മയമായി ഇതുമാറിയത്. 

ജടായു എർത്ത് സെന്റർ.
ജടായു എർത്ത് സെന്റർ. ചിത്രം∙ വിഷ്ണു സനൽ

ഒട്ടേറെ ഐതിഹ്യങ്ങൾ പേറുന്ന സ്ഥലമാണു ജടായുപ്പാറ. ശ്രീരാമന്റെ പാദമുദ്ര പതിഞ്ഞ ക്ഷേത്രവും ജടായുവിന്റെ ചുണ്ടുരഞ്ഞുണ്ടായ കൊക്കുരുളി എന്ന വറ്റാത്ത കുളവും ഇവിടെയുണ്ട്. സമീപത്തെ സ്വകാര്യഭൂമിയിലുള്ള ശ്രീരാമക്ഷേത്രത്തിൽ ദർശനത്തിനും ജടായുപ്പാറ സന്ദർശകർക്ക് അവസരമുണ്ട്. വിദഗ്ധ പരിശീലനം ലഭിച്ച ജീവനക്കാരും രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 

ഇന്ത്യയിലെ ഏറ്റവും വലുപ്പമേറിയ സുസ്ഥിര വിനോദസഞ്ചാര പദ്ധതിയാണിത്. കുടുംബത്തോടൊപ്പം ഒരു യാത്രാനുഭവത്തിനും കൂട്ടുകാർക്കൊപ്പം ട്രക്കിങ് വിനോദങ്ങൾക്കും കോർപറേറ്റ് സ്ഥാപനങ്ങളുടെ പരിപാടികൾക്കും അനുയോജ്യമായ ഇടമാണ് ജടായു എർത്‌സ് സെന്ററും ഒപ്പമുള്ള അഡ്വഞ്ചർ പാർക്കും. 

ആകാശത്തുകൂടി ഒരു കാർ യാത്ര 

trivandrum-jatayu
ജടായു പാറയിൽ സന്ദർശകർക്കായുള്ള കേബിൾ കാറുകൾ ചിത്രം∙ വിഷ്ണു സനൽ

ശിൽപത്തിലേക്കു സന്ദർശകർക്ക് എത്താൻ കേബിൾ കാറുകൾ. കാൽനടയായും മുകളിലെത്താം. 16 കേബിൾ കാറുകളാണ് ഇവിടെയുള്ളത്. ഒരു കാറിൽ എട്ടുപേർക്കു സഞ്ചരിക്കാം. മണിക്കൂറിൽ 400 യാത്രക്കാരെ മുകളിലെത്തിക്കാൻ കഴിയുന്ന രീതിയിലാണു കാറുകൾ ക്രമീകരിച്ചിരിക്കുന്നത്. ഒരുദിവസം 4,000 സന്ദർശകരെ വരെ ഉൾക്കൊള്ളാനുള്ള ക്രമീകരണങ്ങൾ ഇവിടെയുണ്ട്. ഉഷ ബ്രേക്കോ എന്ന കമ്പനി വഴി സ്വിറ്റ്സർലന്റിൽ നിന്നാണ് ഇവിടേക്കു ഗൊൺടോള റോപ്പ് വേ എത്തിച്ചത്. ചുറ്റുമുള്ള കാഴ്ചകൾ മുഴുവൻ കാണാവുന്ന രീതിയിൽ നാലു ചുവരുകളും ചില്ലുകളോടു കൂടിയുള്ള കാറുകളാണിവ. 

സന്ദർശകർക്കു ഹെലികോപ്റ്ററിൽ ജടായുപ്പാറ കാണണമെങ്കിൽ അതിനും സംവിധാധം ഇവിടെയുണ്ട്. ചിപ്സ് ആൻഡ് ഏവിയേഷൻസ് എന്ന കമ്പനിയാണു ഹെലികോപ്റ്റർ ഏർപ്പെടുത്തിയിരിക്കുന്നത്. അടുക്കളപ്പാറയ്ക്കു സമീപമാണു ഹെലിപാഡ്. സന്ദർശകർക്കു ചുരുങ്ങിയ ചെലവിൽ ജടായുപ്പാറയുടെ ആകാശദൃശ്യം കാണാം. 

ജടായു പാറയിലെ ഹെലിപാട്.
ജടായു പാറയിലെ ഹെലിപാട്.ചിത്രം∙ വിഷ്ണു സനൽ

സാഹസികപ്പാറയിൽനിന്ന് അടുക്കളപ്പാറയിലേക്ക് 

ജടായുപ്പാറയടക്കം നാലു മലകളാണിവിടെയുള്ളത്. സാഹസികതയുടെ ലോകം തീർത്തു പാർക്ക് സ്ഥിതിചെയ്യുന്ന സാഹസികപ്പാറ, മലയിടുക്കുകൾക്കിടയിൽ ഔഷധച്ചെടികൾ നട്ടുപിടിപ്പിച്ച, 14 ദിവസത്തെ ആയുർവേദ ചികിത്സകൾ ഒരുക്കുന്ന അടുക്കളപ്പാറ, രാത്രി ഒത്തുചേരലുകൾക്കും ക്യാംപുകൾക്കും സ്ഥലമൊരുക്കുന്ന ആനപ്പാറ. അടുക്കളപ്പാറയും ആനപ്പാറയും അടുത്ത ഘട്ടത്തിലേ പൂർത്തിയാകൂ. 

സാഹസികപ്പാറയിൽ 20 സാഹസിക വിനോദങ്ങൾക്ക് അവസരമുണ്ട്. ഷൂട്ടിങ് ഗെയിമായ പെയിന്റ് ബോൾ, പാറയിൽ ഊർന്നിറങ്ങുന്ന സിപ് ലൈൻ, പാറയിൽ പിടിച്ചുകയറുന്ന ബോൾഡറിങ്, പാറയിടുക്കിലൂടെ കയറുന്ന ജൂമറിങ്, ഫ്രീ ക്ലൈമ്പിങ്, വെർട്ടിക്കൽ ലാഡർ, കമാൻഡോ നെറ്റ് തുടങ്ങിയവ. ഒന്നര കിലോമീറ്ററോളം പാറക്കെട്ടുകൾക്ക് ഇടയിലൂടെ ട്രെക്കിങ്ങുമുണ്ട്. 

ടിക്കറ്റുകൾ ഓൺലൈനിലൂടെ 

ചടയമംഗലത്ത്, എംസി റോഡിന്റെ അരികിൽ തന്നെയാണു ജടായു എർത്‌സ് സെന്റർ. കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ഒരു കിലോമീറ്ററില്ല ജടായു ജംക്‌ഷനിലേക്ക്.ഓൺലൈനിലൂടെയേ പ്രവേശന ടിക്കറ്റുകൾ ലഭിക്കൂ.

സാഹസികപ്പാറയുടെ കവാടം.
സാഹസികപ്പാറയുടെ കവാടം. ചിത്രം∙ വിഷ്ണു സനൽ

ജടായുപ്പാറ സന്ദർശനവും പ്രതിമയിലേക്കുള്ള കേബിൾ കാർ യാത്രയും ഉൾപ്പെടെ ഒരാൾക്ക് 400 രൂപയാണു ഫീസ്. എർത്‌സ് സെന്ററിനു പുറത്ത് ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ബൂത്തുകൾ ഉണ്ട്. ടിക്കറ്റുകൾ അവശേഷിക്കുന്നുണ്ടെങ്കിൽ ബൂത്തുകളിൽനിന്ന് ഓൺലൈൻ മുഖേന ടിക്കറ്റ് എടുക്കാം. വെബ്സൈറ്റ്: www.jatayuadventurecenter.com 

ഇത് അടുത്തതലമുറയ്ക്കുള്ള കൈനീട്ടം: രാജീവ് അഞ്ചൽ

ശിൽപവും പ്രകൃതിയും ചേർന്ന് അടുത്ത തലമുറയ്ക്കുള്ള കൈ നീട്ടമാകണം ഇതെന്നാണ് ആഗ്രഹം. ഒരു കലാസൃഷ്ടി പൂർത്തിയാകാൻ എത്രമാത്രം സമയമെടുക്കുമോ അത്രമാത്രം അതു നന്നാകും. അഞ്ചു കൊല്ലം കൂടി വേണ്ടിവരും സെന്റർ പൂർണമാകാൻ. സിനിമ പോലെയുള്ള സൃഷ്ടിയല്ല ഇത്. ഈ ശിൽപം ചരിത്രത്തിന്റെ ഭാഗമാകാൻ പോകുകയാണ്. 

മഴവെള്ള സംഭരണി.
മഴവെള്ള സംഭരണി. ചിത്രം∙ വിഷ്ണു സനൽ

ഒഎൻവി കുറുപ്പ് സ്നേഹപൂർവം ജടായു ശിൽപത്തെക്കുറിച്ച് എഴുതിയ കവിത ശിൽപത്തിനു സമീപം സ്ഥാപിക്കും. അതുകാണാൻ അദ്ദേഹമില്ലല്ലോ എന്നതു വലിയ സങ്കടമാണ്. 

22 ലക്ഷം ലീറ്റർ വെള്ളം കൊള്ളുന്ന മഴവെള്ള സംഭരണിയാണ് ഒരുക്കിയിരിക്കുന്നത്. ജടായുപ്പാറയ്ക്കു ചുറ്റും മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഭാവിയിലേക്കുള്ള നിക്ഷേപമാണത്. 

ജടായു പാറയിൽ നിന്നുള്ള ‍ദൃശ്യം.
ജടായു പാറയിൽ നിന്നുള്ള ‍ദൃശ്യം. ചിത്രം∙ വിഷ്ണു സനൽ

ഇതോടൊപ്പം ഒരു തുറന്ന അക്വേറിയം ഉണ്ട്. 200 പേരെ ഉൾക്കൊള്ളുന്ന ഭക്ഷണശാലയും വിശ്രമകേന്ദ്രവും ഒരുങ്ങിക്കഴിഞ്ഞു. ആറു മാസത്തിനുള്ളിൽ നടക്കുന്ന മൂന്നാംഘട്ട ഉദ്ഘാടനത്തിൽ ശിൽപത്തിനുള്ളിലെ 6 ഡി മ്യൂസിയവും തിയറ്ററും തുറക്കാൻ സാധിക്കും. ത്രേതായുഗത്തിന്റെ ദൃശ്യാവിഷ്കാരമാണു മ്യൂസിയത്തിൽ ഒരുങ്ങുന്നത്. വെർച്വൽ റിയാലിറ്റിയായിട്ടാണു ദൃശ്യാവിഷ്കരണം. തിയറ്ററിൽ രാവണനും ജടായുവും തമ്മിലുള്ള പോരാട്ടം കാണിക്കുന്ന 6 ഡി സിനിമ പണിപ്പുരയിലാണ്. ഒപ്പം ആനപ്പാറയിലെ രാത്രി ക്യാംപും അടുക്കളപ്പാറയിലെ സിദ്ധാ കേവ് റിസോർട്ടും തുറക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. 

ഇനിയുമുണ്ട് പദ്ധതികൾ 

ശിൽപത്തിനു സമീപം പെർഫോമിങ് തിയറ്റർ, സൂര്യകാന്തിയുടെ രൂപത്തിൽ പൂന്തോട്ടം പോലെ തോന്നിക്കുന്ന സോളർ പ്ലാന്റ്, മാലിന്യ സംസ്കരണ പ്ലാന്റ് എന്നിവ വരും. സൊസൈറ്റി രൂപീകരിച്ചു കരകൗശല വസ്തുക്കളുടെ നിർമാണത്തിനും പദ്ധതിയുണ്ട്. കാറ്റിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കാൻ കാറ്റാടി യന്ത്രങ്ങൾ മലയിടുക്കുകളിൽ സ്ഥാപിക്കാനും ചുറ്റുപാടുമുള്ള വയലുകളിൽ ജൈവകൃഷി നടത്തി ആ വിളവ് കർഷകർക്കു തന്നെ നൽകാനും ആലോചനയുണ്ട്. 

അടുക്കളപ്പാറ.
അടുക്കളപ്പാറ.ചിത്രം∙ വിഷ്ണു സനൽ

രാജീവ് അഞ്ചൽ 

rajiv-anchal
രാജീവ് അഞ്ചൽ

1984ൽ പഞ്ചവടിപ്പാലം എന്ന പ്രശസ്തമായ ചിത്രത്തിന്റെ കലാസംവിധായകനായി സിനിമാജീവിതം ആരംഭിച്ച രാജീവ് അഞ്ചൽ അഥർവം, അയ്യർ ദ് ഗ്രേറ്റ്, പുറപ്പാട്, ഞാൻ ഗന്ധർവൻ എന്നീ സിനിമകളുടെ കലാസംവിധായകനായി. 1986ൽ അമ്മാനംകിളി എന്ന ചിത്രത്തിലൂടെ സംവിധായകനായി. ശിൽപി എന്ന നിലയിൽ കേരള ലളിതകലാ അക്കാദമിയുടെ രണ്ടു പുരസ്കാരങ്ങൾ നേടി. അദ്ദേഹം സംവിധാനം ചെയ്ത ഗുരു എന്ന ചിത്രം ഓസ്കർ നാമനിർദേശം കിട്ടിയ ആദ്യമലയാള ചിത്രമായി. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama