go

‘കായംകുളം കൊച്ചുണ്ണി’ ജനശതാബ്ദിയിൽ ; കൊടി വീശി യാത്രയാക്കാൻ നിവിൻ പോളി..!

trivandrum-film-promotion
സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കായംകുളം കെ‍‌‍ാച്ചുണ്ണി സിനിമയുടെ പ്രമോഷന്റെ ഭാഗമായി പരസ്യം പതിച്ച ജനശതാബ്ദി ട്രെയിനിന്റെ ബോഗി നടൻ നിവിൻ പോളി ഫ്ലാഗ്ഒ‍ാഫ് ചെയ്യുന്നു. നടൻ സണ്ണി വെയിൻ സമീപം.
SHARE

തിരുവനന്തപുരം∙ ഉച്ചയ്ക്കു രണ്ടേകാലിനു തമ്പാനൂർ  റെയിൽവേ സ്റ്റേഷനിൽ നടൻ നിവിൻ പോളിയെ കണ്ട യാത്രക്കാർക്കു സംശയം, താടി നീട്ടി ഇളംനീല സ്റ്റോൺവാഷ് ഷർട്ടിട്ട െചറുപ്പക്കാരൻ നിവിൻ പോളിയാണോ? നിവിനൊപ്പം നടൻ സണ്ണി വെയിനിനെ കൂടി കണ്ടതോടെ ഉറപ്പിച്ചു. ഇതു ‘‘നിവിമ്പോളി’ തന്നെ. രണ്ടാളും എറണാകുളത്തു പോകാനെത്തിയതാണോയെന്നു ചുറ്റും കൂടിയ ആരാധകരുടെ ചോദ്യം. 

എല്ലാവരുടെയും സംശയം തീർക്കുന്നതിനായി  താരം പാളത്തിൽ പുറപ്പെടാൻ തയാറെടുത്തു നിന്ന തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദിക്കു നേരേ കൈചൂണ്ടി. വണ്ടിയുടെ ബോഗികളിൽ നിവിന്റെ പുതിയ ചിത്രം, റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘കായംകുളം കൊച്ചുണ്ണി’യുടെ കളർഫുൾ പരസ്യം.  കായംകുളം കൊച്ചുണ്ണിയുടെ പരസ്യവും പേറിയുള്ള ട്രെയിനിന്റെ കന്നിയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നതിനായാണു താരവും സഹതാരങ്ങളും അണിയറപ്രവർത്തകരും തമ്പാനൂരിലെത്തിയത്. 

കുശലം പറഞ്ഞും സിനിമാവിശേഷങ്ങൾ പങ്കുവച്ചും കുറച്ചുനേരം. അതിനിടെ ട്രെയിൻ പുറപ്പെടാറായെന്ന ‘യാത്രിയോം..’ അറിയിപ്പു മുഴങ്ങി.  ആരാധകരുടെ ആർപ്പുവിളികൾക്കിടയിൽ നിവിൻ കൊടി കയ്യിലെടുത്തു വീശി. സിനിമയുടെ വേറിട്ട പ്രചാരണരീതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഇതിനിടെ യാത്രക്കാരുടെ സംവാദവും കൊഴുത്തു. ട്രെയിൻബോഗി ഇങ്ങനെ പരസ്യം പതിച്ചു വികലമാക്കണോ എന്നൊരാൾ. ലാഭത്തിലോടുന്ന റെയിൽവേക്കു പരസ്യവരുമാനം എന്തിനെന്നു മറ്റൊരാൾ.  സാധാരണക്കാരുടെ സഞ്ചാരമാർഗമായ റെയിൽവേ സ്റ്റേഷനിലേക്കു താരങ്ങൾ വരുന്നതു നല്ലതാണെന്നു മൂന്നാമതൊരാൾ. 

യാത്രാപ്രശ്നങ്ങൾ അവർക്കു നേരിട്ട് അധികൃതരെ അറിയിക്കാനാകുമല്ലോ എന്നു മൂന്നാമന്റെ അഭിപ്രായം ശരിവച്ചു നാലാമതൊരാൾ.  അഭിപ്രായപ്രകടനങ്ങൾക്കും സെൽഫിയെടുപ്പിനും മറ്റ് ആരവങ്ങൾക്കുമിടയിൽ വണ്ടി മെല്ലെ ചലിച്ചുതുടങ്ങി. നിവിനും സണ്ണിയും സംഘവും വണ്ടിയിലേക്കു കയറി കൈവീശി.  കായംകുളം കൊച്ചുണ്ണിയുടെ പരസ്യവുമായി ജനശതാബ്ദി നീങ്ങി. നാട്ടിൻപുറത്തെ മൺനിരത്തിൽ പാട്ടും നോട്ടീസുമായി ആടിയുലഞ്ഞുവന്നിരുന്ന കാളവണ്ടികളുടെ പഴയ കാലം ഓർമിച്ചു, അടുത്ത വണ്ടിക്കുപോകാനിരുന്ന ചില പ്രായംചെന്ന യാത്രക്കാർ.  

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama