go

വാർത്ത കാണണം, സീരിയലും; ആകെയുള്ളത് ഒരു ടിവി

trivandrum-television
SHARE

തിരുവനന്തപുരം∙ ആകെയുള്ളത് ഒരു ടിവി. പുരുഷൻമാരായ അന്തേവാസികൾക്കു വാർത്ത കാണണം. സ്ത്രീകൾക്കു സീരിയലും. ഇതിന്റെ പേരിൽ എല്ലാ ദിവസവും കശപിശ.കല്ലടിമുഖത്തെ കോർപറേഷന്റെ വൃദ്ധസദനമായ സായാഹ്നത്തിൽ എത്തിയ മേയർക്കു മുന്നിൽ അന്തേവാസികൾക്ക് ഒരേ ഒരു ആവശ്യം മാത്രമേ മുന്നോട്ടുവയ്ക്കാൻ ഉണ്ടായിരുന്നുള്ളൂ– ഒരു ടിവി കൂടി വേണം.

പകൽ പാട്ടുകേൾക്കാൻ  എഫ്എം റേഡിയോ  കിട്ടിയാൽ ഉപകാരം. അന്തേവാസികളുടെ ആഗ്രഹ സാക്ഷാത്ക്കാരത്തിനായി സുമനസ്സുകളുടെ സഹായം തേടുകയാണ് മേയർ. പ്രളയ ദുരന്തത്തിനിരയായവരെ കയ്യയച്ച് സഹായിച്ച തലസ്ഥാനം സായാഹ്നത്തിലെ അന്തേവാസികൾക്ക് ഒരു ടിവിയും റേഡിയോയും വാങ്ങി നൽകണമെന്നാണു മേയറുടെ അഭ്യർഥന.

34 അന്തേവാസികളാണു സായാഹ്നത്തിലുള്ളത്.ഇതിൽ 16 പേർ സ്ത്രീകളാണ്. സ്ത്രീകളെ താഴത്തെ നിലയിലും പുരുഷൻമാരെ മുകളിലുമാണു താമസിപ്പിച്ചിട്ടുള്ളത്. എല്ലാവർക്കും കാണാനായി ആകെയുള്ള  ടിവി ഭക്ഷണപ്പുരയിലാണു സ്ഥാപിച്ചിരിക്കുന്നത്.വൈകിട്ട് അഞ്ചു മുതലാണു ടിവി പ്രവർത്തിപ്പിക്കുന്നത്. ഈ സമയത്താണു കശപിശ തുടങ്ങുന്നത്.

പുരുഷൻമാർക്കു വാർത്ത കണ്ടേ മതിയാകൂ. സ്ത്രീകൾക്കാണെങ്കിൽ സീരിയലാണു പഥ്യം. ഒരു ടിവി കൂടി വാങ്ങി മുകൾ നിലയിൽ സ്ഥാപിച്ചാൽ പ്രശ്നം തീരുമെങ്കിലും അതിനുള്ള ഫണ്ട് വകയിരുത്തലിലെ നടപടിക്രമങ്ങൾ നീണ്ടു പോകുമെന്നതിനാലാണു സുമനസ്സുകളുടെ സഹായം തേടുന്നത്. അന്തേവാസികളുടെ മാനസികോല്ലാസത്തിനായി പച്ചക്കറി, പൂ കൃഷി നടത്തിയിരുന്നെങ്കിലും കഴിഞ്ഞ മഴയിൽ മിക്കവാറും നശിച്ചു പോയി.

ഇതോടെ പകൽ സമയം മാനസികോല്ലാസത്തിനു വഴിയില്ലാതായി. കൂടാതെ പാട്ടു കേൾക്കുന്നത് എല്ലാവർക്കും ഇഷ്ടമാണ്.അതിനാൽ എഫ്എം റേഡിയോ കൂടി വാങ്ങി നൽകണമെന്നാണ് അഭ്യർഥന. താൽപര്യമുള്ളവർ മേയറുടെ ഓഫിസുമായി ബന്ധപ്പെടണമെന്നു മേയർ അറിയിച്ചു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama