go

സാലറി ചാലഞ്ച് എതിർപ്പ്: ഭരണപക്ഷ നേതാവിനെ തെറിപ്പിച്ചു; തിരിച്ചെടുത്തു

anil-raj-salary
സ്ഥലംമാറ്റപ്പെട്ട ഭരണപക്ഷ സംഘടനാനേതാവ് അനിൽരാജ്
SHARE

തിരുവനന്തപുരം∙ ‘സാലറി ചാലഞ്ചി’നെതിരെ നിലപാടെടുത്ത സെക്രട്ടേറിയറ്റ് ജീവനക്കാരനെ സ്ഥലംമാറ്റിയ സർക്കാർ, നിലപാടു മാറ്റി ജീവനക്കാരൻ മാപ്പുചോദിക്കുകയും സംഭവം വിവാദമാകുകയും ചെയ്തതിനു പിന്നാലെ രാത്രിയോടെ നടപടി പിൻവലിച്ചു. സിപിഎം അനുകൂല സർവീസ് സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഏരിയ കമ്മിറ്റി കൺവീനറും ധനവകുപ്പിലെ സെക്‌ഷൻ ഓഫിസറുമായ കെ.എസ്.അനിൽരാജ് ആണു സർക്കാരിന്റെ ‘ശിക്ഷാ’നടപടിയിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടത്.

വീട്ടിലെ പരാധീനത കാരണം ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നൽകാനാവില്ലെന്നും പകരം ഭാര്യയുടെ ശമ്പളം നൽകാമെന്നും അനിൽരാജ് ബുധനാഴ്ച രാവിലെ ധനവകുപ്പ് ജീവനക്കാരുടെ വാട്‌സാപ് ഗ്രൂപ്പായ ‘ഫിനാൻസ് ഫ്രണ്ട്സി’ൽ സന്ദേശമിട്ടതോടെയാണു പ്രശ്നങ്ങൾക്കു തുടക്കം. സാലറി ചാലഞ്ചിനെതിരെ ഭരണപക്ഷ അനുകൂല സംഘടനയിൽ തന്നെ ഭിന്നതയുണ്ടായതു സർക്കാരിനും ക്ഷീണമായി. 

‘‘മാസശമ്പള ചാലഞ്ചിനു പിന്തുണ. നൽകാൻ കഴിവുള്ളവർ തീർച്ചയായും നൽകണം. കഴിവില്ലാത്തവരുമുണ്ട്. അവരെ പുച്ഛിക്കരുത്. കാരണം, പ്രളയദുരന്തത്തിൽപെട്ടവർക്കു നേരെ ഏതെങ്കിലും രീതിയിൽ സഹായഹസ്തം നീട്ടാത്തവർ കുറവാണ്’’ എന്ന സന്ദേശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ മറുപടികൾ വന്നതോടെ അനിൽ രാജ് തന്റെ നിസഹായത വ്യക്തമാക്കി മറ്റൊരു സന്ദേശമിട്ടു. ‘‘32 ദിവസത്തെ ശമ്പളമില്ലാതെ സമരം ചെയ്തയാളാണു ഞാൻ. പക്ഷേ, ഇക്കുറി എന്റെ പരമാവധി ഞാനും കുട്ടികളും വീട്ടുകാരും ചേർന്നു ചെയ്തു.

സാലറി ചാലഞ്ചിന് ആദ്യത്തെ ‘നോ’ ആകട്ടെ എന്റേത്. കഴിവില്ല. അതു തന്നെ ഉത്തരം. ഞാനും ഭാര്യയും സർക്കാർ ജീവനക്കാരാണ്. രണ്ടു പേർക്കും ഇത് ഏറ്റെടുക്കണമെന്നുണ്ട്. പക്ഷേ, ചില പരാധീനതകൾ. അതുകൊണ്ട് ഭാര്യ ചാലഞ്ച് ഏറ്റെടുത്തു. ഞാൻ ‘നോ’ പറഞ്ഞു. സംഭവം ഇതായിരിക്കെ, ഞാൻ ഇതിന് എതിരാണെന്ന മട്ടിൽ പറയരുത്. കാരണം ഇതു ജനങ്ങളുടെ ഒപ്പമുള്ള ജനകീയ സർക്കാർ. എന്നും അതിനൊപ്പം മാത്രം.’’

സംഭവം വിവാദമായതിനു പിന്നാലെ, സംഘടനയിൽ നിന്നും ധനവകുപ്പിൽ നിന്നുമുള്ള കടുത്ത സമ്മർദത്തെ തുടർന്നു താനും ഒരു മാസത്തെ ശമ്പളം നൽകാൻ സന്നദ്ധനാണെന്ന് അനിൽ രാജ് ഇന്നലെ വൈകിട്ട് ഫെയ്‌സ് ബുക്കിൽ കുറിച്ചു. ‘‘സാഹിത്യപരമായിപ്പോയപ്പോൾ പറ്റിയ തെറ്റിനു മാപ്പ്. ക്ഷമ ചോദിച്ചുകൊണ്ടു പറയട്ടെ, ദുരിതത്തിന് ആശ്വാസമേകാൻ എന്റെ ശമ്പളം നൽകുന്നു. സർക്കാരിനൊപ്പം എന്നും’’.

അനിൽ രാജ് മാപ്പു ചോദിച്ചെങ്കിലും വൈകിട്ടോടെ ധനവകുപ്പ് സ്ഥലംമാറ്റ ഉത്തരവിറക്കി. സെക്രട്ടേറിയറ്റിനു പുറത്തെ ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലേക്കായിരുന്നു മാറ്റം. ഇതാണു രാത്രിയോടെ പിൻവലിച്ചത്. നടപടി മന്ത്രിയുടെ ഓഫിസ് അറിയാതെയായിരുന്നെന്നും വിവരമറിഞ്ഞപ്പോൾ സ്ഥലംമാറ്റം പിൻവലിക്കാൻ ഉദ്യോഗസ്ഥരോടു നിർദേശിച്ചെന്നുമാണ് ഔദ്യോഗിക വിശദീകരണം. ദുരിതാശ്വാസ നിധിയിലേക്ക് അനിൽ രാജ് 5000 രൂപ സംഭാവന നൽകിയിരുന്നു. മക്കൾക്കൊപ്പം ദുരിതാശ്വാസ സഹായകേന്ദ്രങ്ങളിലും പ്രവർത്തിച്ചു. സഹോദരൻ ചെങ്ങന്നൂരിൽ ശുചിയാക്കൽ യജ്ഞത്തിലും പങ്കെടുത്തിരുന്നു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama