go

ഹരികുമാറിനെ നീക്കണമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് പലവട്ടം; കണ്ണടച്ച് ഉന്നതർ

trivandrum-harikumar
ഡിവൈഎസ്പി ഹരികുമാർ
SHARE

തിരുവനന്തപുരം∙ വാഗ്വാദത്തിനിടെ യുവാവിനെ കാറിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി നെയ്യാറ്റിൻകര മുൻ ഡിവൈഎസ്പി ബി. ഹരികുമാറിനെ തൽസ്ഥാനത്തു നിന്നു മാറ്റാൻ ഡിജിപി ഉൾപ്പെടെ നിർദേശിച്ചിട്ടും ഒന്നും സംഭവിച്ചില്ല. ഇളകാത്ത കസേര ഉന്നതങ്ങളിൽ ഇദ്ദേഹത്തിനുള്ള സ്വാധീനത്തിനു തെളിവായി. കഴിഞ്ഞ ഒന്നരവർഷത്തിനിടെ മാത്രം മൂന്നു തവണയാണ് ഇന്റലിജൻസ് ഹരികുമാറിനെതിരെ റിപ്പോർട്ട് നൽകിയത്. ഇയാളുടെ വഴിവിട്ട ഇടപാടുകൾക്കെതിരെ പരാതി ഉയർന്നപ്പോഴായിരുന്നു ഇടപെടൽ.

ആദ്യ റിപ്പോർട്ട് 2017 ജൂൺ 22 ന് നൽകി. നെയ്യാറ്റിൻകരയിൽ എസ്എ ആയിരുന്ന കാലം മുതൽ കൊടുങ്ങാവിളയിലെ സ്വർണ വ്യാപാരി ബിനുവിന്റ വീട്ടിൽ ഹരികുമാർ നിത്യ സന്ദർശകനാണ്. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ദുരൂഹതയുണ്ട്. നാട്ടുകാർക്കെല്ലാം ഇതറിയാം. പൊലീസിനാകെ അവമതിപ്പ് ഉണ്ടാക്കുന്ന ഈ പോക്ക് അവസാനിപ്പിച്ചില്ലെങ്കിൽ സേനയ്ക്കു ചീത്തപ്പേരുണ്ടാകുമെന്നുമായിരുന്നു ഇന്റലിജൻസ് റിപ്പോർട്ട്. ഡിവൈഎസ്പിയുടെ തെറ്റായ നടപടികൾ ചൂണ്ടിക്കാണിച്ച് ഒരു സംഘടന പരാതി നൽകിയപ്പോഴാണു കഴിഞ്ഞ ഏപ്രിൽ മൂന്നിന് ഇന്റലിജൻസിന്റ രണ്ടാമത്തെ മുന്നറിയിപ്പ്. അതിലും നടപടി ഉണ്ടായില്ല.

പരാതികൾ വ്യാപകമായതോടെ ഡി.‍ജിപി ലോക്നാഥ് ബഹ്റ തന്നെ നേരിട്ട് ഇന്റലിജൻസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഏപ്രിൽ 25 ന് സമർപ്പിച്ച ഈ റിപ്പോർട്ടിലെ പ്രധാന ആവശ്യം ഇയാൾക്കെതിരെ ഉടൻ വകുപ്പുതല നടപടിയെടുത്തു നെയ്യാറ്റിൻകരയിൽ നിന്നു മാറ്റണമെന്നായിരുന്നു. ഇദ്ദേഹത്തെ മാറ്റാൻ റേഞ്ച് ഐജി മനോജ് ഏബ്രഹാമും ആവശ്യപ്പെട്ടു. മാസം ഏഴു കഴിഞ്ഞു. നടപടിയെടുത്തില്ലെന്നു മാത്രമല്ല, ഭരണരംഗത്തുള്ളവർ തന്നെ ഹരികുമാറിന്റ വഴിവിട്ട പോക്കിനു ചൂട്ടുപിടിച്ചു.

എം.വിൻസെന്റ് എംഎൽഎയുടെ അറസ്റ്റിനു ശേഷം സിപിഎം പ്രാദേശിക നേതൃത്വത്തിനും ഹരികുമാർ പ്രിയപ്പെട്ടവനായി. ഇപ്പോഴും ചില നേതാക്കൾ ഹരികുമാറിനെ രക്ഷിക്കാൻ അവസാനവട്ട ശ്രമം നടത്തുന്നു. ഡിവൈഎസ്പി ആയിരിക്കെ കസേര ഉറപ്പിക്കാൻ ജില്ലയിലെ ചില ഭരണകക്ഷി നേതാക്കൾക്ക് ഇദ്ദേഹം ലക്ഷങ്ങൾ മാസപ്പടി നൽകിയിരുന്നതായും ഇന്റലിജൻസ് കണ്ടെത്തി. ക്വാറി, മണൽ മാഫിയയിൽ നിന്നാണ് ആ തുക പിരിച്ചതെന്നും വ്യക്തമാക്കിയിരുന്നു.

 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama