go

‘ഞാനിവിടെ നിൽക്കുന്നില്ല, തൽക്കാലം മാറുന്നു’; കൊലപാതക ശേഷം എസ്പിയോട് ഹരികുമാർ

murder-dysp-harikumar
സനൽ, ഡിവൈഎസ്പി ഹരികുമാർ
SHARE

തിരുവനന്തപുരം∙ ഡിവൈഎസ്പി ബി.ഹരികുമാർ സംഭവസ്ഥലത്തു നിന്നു ‘മുങ്ങുന്നതിനു’ മുമ്പ് അവസാനം ഫോണിൽ ബന്ധപ്പെട്ടത് റൂറൽ എസ്പി അശോക് കുമാറിനെ. ‘‘നെയ്യാറ്റിൻകരയിൽ ഒരു അപകടം ഉണ്ടായി, തർക്കത്തിനിടെ ഒരാളെ കാറിടിച്ചു. ഞാനിവിടെ നിൽക്കുന്നില്ല. തൽക്കാലം മാറിനിൽക്കാൻ പോകുന്നു’’– ഇതാണു ഹരികുമാർ ഫോണിൽ പറഞ്ഞത്. അതിനു ശേഷം ഇയാളുടെ രണ്ടു മൊബൈൽ ഫോണും ഓഫാക്കി. 

സംഭവമെന്താണെന്നു സ്പെഷൽ ബ്രാഞ്ചിൽ നിന്നോ നെയ്യാറ്റിൻകര സ്റ്റേഷനിൽ നിന്നോ മനസിലാക്കി എസ്പിക്ക് ഉടൻ പ്രവർത്തിച്ചിരുന്നെങ്കിൽ അന്നു രാത്രി തന്നെ ഇയാളെ കസ്റ്റഡിയിലെടുക്കാൻ കഴിയുമായിരുന്നുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു. എന്നാൽ അദ്ദേഹം അതു ചെയ്തില്ല. അതിനു ശേഷമാണു കേസ് ക്രൈംബ്രാഞ്ചിനു കൈമാറാൻ ഇദ്ദേഹം ഡിജിപിക്കു ശുപാർശ നൽകിയത്. ഇത് അന്വേഷണം വൈകിപ്പിക്കാനാണെന്നും ആക്ഷേപമുണ്ട്.  

ഹരികുമാർ മുങ്ങി നടക്കുന്നതു സേനയ്ക്കു നാണക്കേടായിട്ടുണ്ട്. ഇയാളെ ഉടൻ പിടികൂടിയില്ലെങ്കിൽ ജനരോഷം താങ്ങാനാകില്ലെന്ന് അന്വേഷണ സംഘത്തോട് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ട്. ഹരികുമാറിന്റെയും അടുത്ത ബന്ധുക്കളുടെയും വീട്ടിലെത്തി അന്വേഷണത്തോടു സഹകരിക്കണമെന്നു പൊലീസ് ആവശ്യപ്പെട്ടു.

ചില സിപിഎം ജില്ലാ നേതാക്കളുടെയും പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ നേതാക്കളുടെയും അടുപ്പക്കാരനാണു ഹരികുമാർ. ആ നിലയ്ക്ക് അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ ചോരുന്നുണ്ടോയെന്ന സംശയവുമുണ്ട്. ഹരികുമാറിനെയും ഇയാൾക്കൊപ്പമുണ്ടെന്നു കരുതുന്ന സുഹൃത്ത് ബിനുവിനെയും തേടി പൊലീസ് സംഘം മധുര അടക്കമുള്ള സ്ഥലങ്ങളിലേക്കു തിരിച്ചു. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama