go

നവമോടിയായി ക്ഷേത്രം; നരേന്ദ്രമോദി ഉദ്ഘാടനം

trivandrum-temple-work
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വദേശി ദർശൻ പദ്ധതിയോടനുബന്ധിച്ച് കിഴക്കേനടയിൽ ഗ്രാനൈറ്റ് പാകുന്ന ജോലി അവസാനഘട്ടത്തിൽ.
SHARE

തിരുവനന്തപുരം∙ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടപ്പാക്കുന്ന സ്വദേശി ദർശൻ പദ്ധതിയുടെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള  റോഡുകൾ ഗ്രാനൈറ്റ് പാകി മോടി പിടിപ്പിച്ചു. 

നാലുവശവും നിരീക്ഷണ ക്യാമറാ വലയത്തിലാക്കി. ഇർഫർമേഷൻ കിയോസ്ക്കുകൾ, വിശ്രമ കേന്ദ്രങ്ങൾ, ആധുനിക ശുചിമുറി  ബ്ളോക്ക് തുടങ്ങിയവയും സജ്ജം. ഇത്തരത്തിൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം തീർഥാടക സൗഹൃദമാക്കിയതിന്റെ ഉദ്ഘാടനം 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. 

ഗ്രാനൈറ്റ് പാകിയ റോഡുകൾ

ക്ഷേത്രം തീ‍ർഥാടക സൗഹൃദമാക്കുന്നതിന്റെ ഭാഗമായി 78.55 കോടിയുടെ വികസന പ്രവർത്തനങ്ങളാണു നടത്തുന്നത്. ക്ഷേത്രത്തിന് ഒന്നര കിലോമീറ്റർ ചുറ്റളവിലുള്ള ഇലക്ട്രിക്, ടെലിഫോൺ  കേബിളുകളും കുടിവെള്ള, സ്വീവേജ് പൈപ്പുകളും ഭൂമിക്കടിയിലാക്കി 4 നടകൾക്കു ചുറ്റുമുള്ള റോഡുകൾ നവീകരിക്കുന്ന ജോലിയാണു പ്രധാനമായും നടത്തിയത്. 

വെട്ടിമുറിച്ച കോട്ട– പടി‍ഞ്ഞാറേ നട റോഡ്, കിഴക്കേനട– വടക്കേനട റോഡ്, ഉത്സവ മഠം റോഡ് എന്നിവയും പടിഞ്ഞാറേ നട– അനന്തൻകാട് റോഡ്, തെക്കേ ഗേറ്റ് റോഡ്, രാമസ്വാമി റോഡ് എന്നിവയുമാണു നവീകരിച്ചത്.  ഇതിൽ പലതിലും ടാർ മാറ്റി ഗ്രാനൈറ്റ് പാകുന്ന പണികൾ അവസാന ഘട്ടത്തിലാണ്. പുതിയ തെരുവു വിളക്കുകൾ ഉടൻ പ്രവർത്തിച്ചു തുടങ്ങും. 

ക്യാമറാ വലയം..

പൊലീസിന്റെ സുരക്ഷാ ക്യാമറകൾക്കു പുറമെ ക്ഷേത്രത്തിന്റെ നാലു ചുറ്റും ഇനി മുതൽ ക്യാമറാക്കണ്ണുകളുടെ നീരീക്ഷണത്തിലായിരിക്കും. ക്ഷേത്രത്തോടു ചേർന്നുള്ള റോഡുകൾ, ഭക്തർ തമ്പടിക്കുന്ന പ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണു ക്യാമറകൾ സ്ഥാപിക്കുക.  മാലിന്യം തള്ളുന്നതുൾപ്പെടെയുള്ളവ തടയുന്നതിനു പത്മതീർത്ഥത്തിനു ചുറ്റും ക്യാമറ സ്ഥാപിക്കും. ഇതും രണ്ടു ദിവസത്തിനുള്ളിൽ  പൂർത്തിയാകും. 

ഇൻഫർമേഷൻ സെന്റർ

ക്ഷേത്രം,  മറ്റു തീർഥാടന സ്ഥലങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിനു 3 കേന്ദ്രങ്ങൾ വരും.  കിഴക്കേനടയിൽ മിനി ഇൻഫർമേഷൻ സെന്ററിന്റെ നിർമാണം പൂ‍ർത്തിയായി. തിരുവമ്പാടി നടയിലാണ് പ്രധാന ഇൻഫർമേഷൻ കേന്ദ്രം.  തീർഥാടകർക്കുള്ള  വിപുലമായ  വിശ്രമ സങ്കേതം കിള്ളിപ്പാലത്താണു വരുന്നത്. സ്വകാര്യ വ്യക്തിയുടെ കൈവശമിരുന്ന 20 സെന്റ് സ്ഥലം ഏറെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണു ക്ഷേത്ര ട്രസ്റ്റ് സ്വന്തമാക്കിയത്.  ഇതിന്റെ നിർമാണം പിന്നീട് ആരംഭിക്കും.

പത്മതീർഥത്തിന്റെ നവീകരണം

കുളത്തിലെ ചെളി മുഴുവൻ മാറ്റി. തൂണുകൾ മാറ്റി മണ്ഡപങ്ങൾ നവീകരിച്ചു. അനന്തപത്മനാഭ നിലയത്തിൽ 25 ശുചിമുറികളുള്ള കോംപ്ളക്സിന്റെ നിർമാണവും പൂർത്തിയായി. . ഉത്സവമഠം ഹാളിൽ വിശ്രമ കേന്ദ്രവും ഒരുക്കി. 

തുളസീവനം; ഒരു ലക്ഷം തുളസിച്ചെടികൾ

ക്ഷേത്രത്തിനുള്ളിലും പരിസരങ്ങളിലുമായി ഒരു ലക്ഷം തുളസിച്ചെടികളടങ്ങിയ തുളസീവനം ഒരുക്കുന്നു. മകര ശീവേലി ദിവസമായ 14 ന് മുമ്പ് ക്ഷേത്രത്തിനകത്ത് 1008 തുളസിച്ചെടികൾ നടും. പിന്നീടു നാലു നടകളിലും പരിസരത്തുമായി 10008 ചെടികൾ നടും. 6 വർഷത്തിലൊരിക്കൽ നടത്തുന്ന ലക്ഷദീപത്തിന് മുന്നോടിയായി അടുത്ത വർഷം ജനുവരി 14 ന് മുൻപ് ഒരു ലക്ഷം തുളസിച്ചെടികൾ നട്ടുവളർത്താനാണു പരിപാടി. 

മിത്രാനന്ദപുരം കുളം പരിസരം, നമ്പി മഠം, തന്ത്രിമഠം, നാലു നടകൾ എന്നിവിടങ്ങളിലും ക്ഷേത്രത്തിന്റെ അധീനതയിലുള്ള മറ്റ് സ്ഥലങ്ങളിലുമായിരിക്കും ചെടി നടുക.മണ്ണിലും അല്ലാത്തിടത്തു മൺചട്ടിയിലുമായിരിക്കും ഇത്. ഗോശാലയിൽ നിന്നുള്ള ജൈവ വളമാണ്  ഉപയോഗിക്കുക. നാലുവശത്തുമുള്ള നടപ്പാതകൾക്കിരുവശവും ചെടികൾ നട്ടുപിടിപ്പിക്കും. 

കെട്ടിടങ്ങൾ പൈതൃക രീതിയിലാക്കും

ക്ഷേത്രത്തിനു ചുറ്റുമുള്ള കെട്ടിടങ്ങൾക്കു പൈതൃക പാരമ്പര്യം വിളിച്ചോതുന്ന തരത്തിൽ ഒരേ നിറം നൽകും.സ്വകാര്യ കെട്ടിടങ്ങൾ ഉൾപ്പെടെ ഇത്തരത്തിൽ നവീകരിക്കും. പദ്ധതി രൂപരേഖ സമർപ്പിക്കാൻ ഹാബിറ്റാറ്റിനെ ചുമതലപ്പെടുത്തി. 

സ്വദേശി ദർശൻ പരിപാടിയുടെ ഭാഗമായി മൾട്ടി ലവൽ പാർക്കിങ് സംവിധാനം സജ്ജമാക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും സ്ഥലം വിട്ടു കൊടുക്കാൻ കെഎസ്ആർടിസി തയാറാകാത്തതിനാൽ പദ്ധതി നടപ്പാക്കാനായില്ല. പാർക്കിങ് കേന്ദ്രത്തിനു മുകളിൽ സോളർ പാനലുകൾ സജ്ജീകരിക്കാനുള്ള പദ്ധതിയും നടപ്പായില്ല. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama