go

മീനിനു തറവില ; മീൻകുഞ്ഞുങ്ങളെ പിടിക്കുന്നത് നിരോധിക്കും

SHARE

തിരുവനന്തപുരം ∙ മീനിനു തറവില നിശ്ചയിക്കുമെന്നു മത്സ്യബന്ധന നയം. ലാൻഡിങ് സെന്റർ, ഹാർബർ, ചന്ത, മത്സ്യ ഇനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാവും ഇത്. വില നിശ്ചയിക്കുന്നതിലും സ്വതന്ത്രമായി വിറ്റഴിക്കുന്നതിലും മത്സ്യത്തൊഴിലാളികൾക്കു പൂർണ അവകാശം നൽകും. വളർച്ചയെത്താത്ത മത്സ്യം പിടിക്കുന്നതും ലേലം, വിപണനം, വിതരണം എന്നിവ നടത്തുന്നതും നിരോധിക്കും.

മത്സ്യോൽപാദനം വർധിപ്പിക്കാനും കർഷകരുടെ വരുമാനം ഇരട്ടിയാക്കാനും ലക്ഷ്യമിടുന്ന നയത്തിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. എല്ലാ റിസർവോയറുകളിലെയും മത്സ്യബന്ധന അവകാശം ക്രമപ്പെടുത്തും. വനമേഖലയിലെ റിസർവോയറുകളിലെ മത്സ്യബന്ധനം ആദിവാസികൾക്കായി പരിമിതപ്പെടുത്തും. നാവിഗേഷൻ വിളക്കുകൾ, സിഗ്നൽ, കടൽ സുരക്ഷാ ഉപകരണങ്ങൾ, വാർത്താവിനിമയ ഉപാധികൾ എന്നിവ എല്ലാ യാനങ്ങളിലും നിർബന്ധമാക്കും.

മത്സ്യത്തൊഴിലാളികളുടെ തൊഴിൽ ഉപകരണങ്ങൾക്ക് ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാക്കും. ബോട്ട് ബിൽഡിങ് യാർഡുകൾക്കും പുതിയ മത്സ്യബന്ധന യാനങ്ങൾക്കും ഹോളോഗ്രാം റജിസ്‌ട്രേഷൻ നിർബന്ധമാക്കും. സീ റെസ്‌ക്യൂ സ്‌ക്വാഡിനു രൂപം നൽകും. വിദേശ ട്രോളറുകളുടെയും കോർപറേറ്റ് യാനങ്ങളുടെയും ഇന്ത്യൻ സമുദ്രാതിർത്തിയിലേക്കുള്ള പ്രവേശനം തടയുന്നതിനു കേന്ദ്രത്തിൽ സമ്മർദം ചെലുത്തുമെന്നു മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.

മറ്റു നിർദേശങ്ങൾ:

∙ കൃത്രിമ പാരുകളുടെ എണ്ണം വർധിപ്പിക്കും.

∙ മാലിന്യ നിർമാർജനത്തിനു പദ്ധതി.

∙ ഗ്രാമ,ജില്ലാ,സംസ്ഥാന തലങ്ങളിൽ മത്സ്യ ഫിഷറീസ് മാനേജ്‌മെന്റ് കൗൺസിലുകൾ.

∙ അന്തർ സംസ്ഥാന ഫിഷറീസ് കൗൺസിൽ, ഫിഷറീസ് ടൂറിസം.

‌∙ ഉൾനാടൻ മേഖലയിലെ ജലമലിനീകരണം പഠിക്കുന്നതിനു സമിതി.

‌‌‌‌‌‌‌∙ റിസർവോയറുകളിൾ നിന്നുള്ള മത്സ്യ ഉൽപാദനവും കൂട് മത്സ്യക്കൃഷിയും വർധിപ്പിക്കും.

‌‌‌∙ ചെമ്മീൻ കൃഷിക്കു ശേഷം കരിമീൻ, പൂമീൻ, തിരുത, കണമ്പ് മത്സ്യയിനങ്ങളെ ഇടവിളയായി കൃഷിചെയ്യും.

∙ വരാൽ, മുഷി, കൈതക്കോര, കാരി, പരൽ, കുയിൽ മത്സ്യം തുടങ്ങിയവയുടെ വിത്തുൽപാദനത്തിന് പുതിയ സാങ്കേതിക വിദ്യ.

∙ പൊക്കാളി, കോൾ, കൈപ്പാട് പ്രദേശങ്ങളിലെ അപൂർവ ജനിതക വിഭാഗങ്ങളെ സംരക്ഷിക്കും.

∙ ആയിരംതെങ്ങിൽ ഓര് ജല മത്സ്യകൃഷി വികസന കേന്ദ്രവും നെയ്യാറിൽ ശുദ്ധജല മത്സ്യകൃഷി വികസന കേന്ദ്രവും.

∙ മത്സ്യയാനങ്ങളുമായി ബന്ധപ്പെട്ട് ഒരാൾക്കു സ്വന്തമാക്കാവുന്ന ലൈസൻസുകളുടെ എണ്ണം നിജപ്പെടുത്തും.

∙ യാനസഞ്ചാരപഥം നിരീക്ഷിക്കുന്നതിനു സംവിധാനം നിർബന്ധമാക്കും.

∙ വിദേശ മത്സ്യയിനങ്ങളെ കർശന ജൈവ സുരക്ഷാമാർഗങ്ങൾ ഉറപ്പാക്കി മാത്രമേ വളർത്താൻ അനുവദിക്കൂ.

∙ സ്ത്രീസൗഹൃദ മത്സ്യച്ചന്തകൾ

∙ മൂലവർധിത മത്സ്യഉൽപന്നങ്ങൾ റെഡി ടു ഈറ്റ്്, റെഡി ടു കുക്ക്, എന്നീ പേരുകളിൽ.

∙ തീരപ്രദേശത്തെ മുഴുവൻ ശുചിമുറികൾക്കും ഉറപ്പുള്ള സെപ്ടിക് ടാങ്കുകൾ.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama