go

കടമ്പുപാറയിൽ വന്നാൽ കാണാം ...

trivandrum-kandambupara
കടമ്പുപാറയിൽ നിന്നുള്ള ദൃശ്യം
SHARE

മലയിൻകീഴ് ∙ പ്രകൃതി ഭംഗി ആസ്വദിക്കാൻ സമയം കണ്ടെത്തുന്നവർ വിളപ്പിൽ പഞ്ചായത്തിലെ കടമ്പുപാറയിൽ ഒന്നു പോകണം. വിശാലവും നിരപ്പാർന്നതുമായ കരിമ്പാറക്കൂട്ടങ്ങൾ. അതിനു മുകളിലൂടെ ഇടതടവില്ലാതെ വീശുന്ന തണുത്ത കാറ്റ് നുകർന്ന് നോക്കുമ്പോൾ ഹരിതാഭമായ കൃഷിയിടങ്ങൾക്ക് അപ്പുറം തല ഉയർത്തി നിൽക്കുന്ന അഗസ്ത്യാർകൂടം ഉൾപ്പെടുന്ന മലനിരകൾ കാണാം.

മറുവശത്ത് വിനോദ സഞ്ചാര മേഖലയിൽ ഇടംപിടിച്ച ശാസ്താംപാറയും പരിസര പ്രദേശങ്ങളും. ഒന്നു കൂടി ശ്രദ്ധിച്ചാൽ ഭരണസിരാകേന്ദ്രം ഉൾപ്പെടെയുള്ള തലസ്ഥാന നഗരവും  തെളിയും. സൂര്യാസ്തമയം വീക്ഷിക്കാനും സൊറ പറഞ്ഞിരിക്കാനും വൈകുന്നേരങ്ങളിൽ ഒട്ടേറെ പേർ ദിവസവും ഇവിടെ വരാറുണ്ട്. കടമ്പുപാറയുടെ തലപ്പത്ത് എത്താൻ നടക്കേണ്ട എന്നതാണ് മറ്റൊരു പ്രത്യേകത.

വാഹനങ്ങളിൽ ഇതിനു മുകളിൽ എത്താം. തെരുവു വിളക്കുകളുമുണ്ട്. കാരോട് വാർഡിൽ 14 ഏക്കറിൽ ആണ് സർക്കാർ പുറമ്പോക്കായി പാറ സ്ഥിതി ചെയ്യുന്നത്. ശാസ്താം പാറയുമായി ബന്ധിപ്പിച്ചു ടൂറിസം പദ്ധതി യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണു പഞ്ചായത്ത് അധികൃതർ. ഇരു പാറകളെയും കൂട്ടിയിണക്കി റോപ്‌വേ  മുൻപ് പരിഗണിച്ചിരുന്നെങ്കിലും നടപ്പായില്ല. എന്നാൽ കയ്യേറ്റങ്ങളും ക്വാറി മാഫിയയുടെ നീക്കങ്ങളും പാറയുടെ നാശത്തിന് വഴിയൊരുക്കുന്ന പേടിയിലാണു നാട്ടുകാർ.

ഇതാ ഇതുവഴി വരാം...

വിളപ്പിൽശാല ജംക്‌‌ഷനിൽ നിന്നും 4.5 കിലോമീറ്റർ സഞ്ചരിച്ചാൽ കടമ്പുപാറയിൽ എത്താം.നഗരത്തിൽ നിന്നുള്ളവർ പേയാട്– വിളപ്പിൽശാല റോഡ് വഴി ഊറ്റുകുഴിയിൽ വന്നശേഷം വലത്തേക്കു തിരിയണം.അവിടെ നിന്നും രണ്ട് കിലോമീറ്റർ യാത്ര ചെയ്താൽ ചെറുകോട് ജംക്‌ഷൻ.

വീണ്ടും വലത്തോട്ടുള്ള കയറ്റം പിന്നിട്ടാൽ എത്തുന്നത് കടമ്പുപാറയുടെ നെറുകയിൽ.  കാട്ടാക്കടയിൽ നിന്നുള്ളവർക്ക് കട്ടയ്ക്കോട് റോഡ് വഴി കടുമ്പുപാറയിൽ എത്താം. വൈകിട്ട് വരുന്നതാണു നല്ലത് വെയിൽ കൊള്ളണ്ടല്ലോ. സാമൂഹിക വിരുദ്ധശല്യമോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടായാൽ വിളപ്പിൽ പൊലീസിനെ ബന്ധപ്പെടാം. വെള്ളവും ഭക്ഷണവും കരുതുന്നതു പ്രയോജനപ്പെടും.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama